|    Mar 22 Thu, 2018 3:36 am
FLASH NEWS

കരിമ്പില്‍, അമ്പുകുത്തി ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം;  നികുതി സ്വീകരിക്കാന്‍ തീരുമാനം

Published : 20th February 2016 | Posted By: SMR

കല്‍പ്പറ്റ: ജില്ലയിലെ വിവിധ താലൂക്കുകളിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ ഇന്നലെ രാവിലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
മാനന്തവാടി താലൂക്കിലെ കരിമ്പില്‍, അമ്പുകുത്തി പ്രദേശങ്ങളിലെ പരാതിക്കാരായ കര്‍ഷകരില്‍നിന്നു നികുതി സ്വീകരിക്കാന്‍ തീരുമാനമായതായി പട്ടികവര്‍ഗക്ഷേമ- യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. തൊണ്ടര്‍നാട് പഞ്ചായത്തിലെ കരിമ്പില്‍ പ്രദേശത്ത് 1977 ജനുവരി ഒന്നിനു മുമ്പുള്ള മുഴുവന്‍ കൈവശക്കാരില്‍ നിന്നു നികുതി സ്വീകരിക്കും.
1984ലും 1992ലും സംയുക്ത പരിശോധന നടന്നതിനു ശേഷം തയ്യാറാക്കിയിട്ടുള്ള 281 പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ലിസ്റ്റില്‍ 1977നു ശേഷമുള്ളവരും ഉള്‍പ്പെട്ടതായി കാണിച്ച് നോര്‍ത്ത് വയനാട് ഡിഎഫ്ഒ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരില്‍നിന്നു നികുതി സ്വീകരിക്കാതിരുന്നത്. എന്നാല്‍, വനം-റവന്യൂ സര്‍വേ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എല്ലാവരും മുമ്പ് നടന്ന സംയുക്ത പരിശോധനാ റിപോര്‍ട്ടില്‍ ഒപ്പുവച്ചിട്ടുള്ളവരായിരുന്നുവെന്നും ജനങ്ങള്‍ക്ക് ഇനിയും നീതി നിഷേധിക്കാനാവില്ലെന്നും ജനപ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് മുഴുവന്‍ പേരില്‍ നിന്നും നികുതി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. മാനന്തവാടി ടൗണിനടുത്ത അമ്പുകുത്തിയിലും സമാനവിഷയമായിരുന്നു ഉണ്ടായിരുന്നത്.
അമ്പുകുത്തിയിലെ 260 പേര്‍ക്ക് പട്ടയം നല്‍കണമെന്നും ബാക്കിയുള്ള 57 പേര്‍ക്ക് കൈവശരേഖ നല്‍കണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ തീരുമാനമായി. മാനന്തവാടി വില്ലേജിലെ വേമോത്തെ ചെന്നലായി ഭൂമിയില്‍ അഞ്ചു സെന്റ് മുതല്‍ ഭൂമിയുള്ള 110ഓളം കൈവശക്കാരുണ്ട്. ഈ ഭൂമി പതിച്ചുകൊടുക്കാവുന്ന ഭൂമിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി നാലേക്കര്‍ വരെയുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം. തവിഞ്ഞാല്‍ വില്ലേജിലെ മക്കിമലയില്‍ പട്ടാളക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പതിച്ചുനല്‍കിയ ഭൂമി നിലവിലെ കൈവശക്കാര്‍ക്ക് നല്‍കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിനെ ചുമതലപ്പെടുത്തി. നിലവില്‍ മാനന്തവാടി താലൂക്ക് ഓഫിസിനു മുന്നില്‍ ഇവര്‍ സമരം നടത്തിവരികയാണ്. പേര്യ വില്ലേജിലെ ഇരുമനത്തൂരില്‍ 108 പേരുടെ കൈവശഭൂമിക്ക് സംയുക്ത സ്‌കെച്ച് ആവശ്യമാണെന്ന കാര്യത്തിലും അനുകൂല തീരുമാനമെടുത്തു. ജില്ലയിലെ വിവിധ ഭൂവിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കോടതിയില്‍ നിലവിലുള്ള കേസുകളില്‍ ചെറുകിട കൈവശക്കാര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാനും കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമുള്ള കേസുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ത്വരിതഗതിയിലുള്ള നടപടി സ്വീകരിക്കാനുമാണ് തീരുമാനമെടുത്തിട്ടുള്ളത്.
റവന്യൂ മന്ത്രി അടൂര്‍പ്രകാശ്, പട്ടികവര്‍ഗക്ഷേമ- യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി, ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ഹാഡ വൈസ് ചെയര്‍മാന്‍ എന്‍ ഡി അപ്പച്ചന്‍, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss