|    Dec 14 Fri, 2018 8:14 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കരിപ്പൂര്‍-സൗദി സര്‍വീസ് ഡിസംബര്‍ ആദ്യവാരത്തില്‍

Published : 14th November 2018 | Posted By: kasim kzm

കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ജിദ്ദ, റിയാദ് മേഖലയിലേക്ക് ആരംഭിക്കുന്ന സൗദി എയര്‍ലൈന്‍സ് സമയ ഷെഡ്യൂളാവുന്നു. രണ്ടുദിവസത്തിനകം ഷെഡ്യൂള്‍ പുറത്തിറക്കി വിമാന ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. എ 330 ഇനത്തില്‍ പെട്ട വിമാനമാണ് കരിപ്പൂരില്‍ സര്‍വീസിനെത്തുന്നത്. ആദ്യ ആറു മാസം പകല്‍ മാത്രം സര്‍വീസിനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നിര്‍ദേശം. ഇതിനെത്തുടര്‍ന്ന് രാവിലെ ആറിനും വൈകുന്നേരം ആറിനുമിടയിലായിരിക്കും സര്‍വീസുകള്‍ ക്രമീകരിക്കുക.
ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണു വിമാന കമ്പനി നടത്തുക. ഇതില്‍ നാല് സര്‍വീസുകള്‍ ജിദ്ദയിലേക്കും മൂന്ന് സര്‍വീസുകള്‍ റിയാദിലേക്കുമായിരിക്കും. കരിപ്പൂരില്‍ 2015 മെയ് മുതല്‍ റണ്‍വേ റീ-കാര്‍പറ്റിങിന്റെ പേരില്‍ നിര്‍ത്തലാക്കിയ വലിയ വിമാന സര്‍വീസുകളില്‍ ആദ്യം അനുമതി ലഭിച്ച വിമാന കമ്പനിയാണ് സൗദി എയര്‍ലൈന്‍സ്. കഴിഞ്ഞ ആഗസ്തില്‍ അനുമതി ലഭിച്ചെങ്കിലും തിരുവനന്തപുരത്ത് നിന്ന് ജിദ്ദയിലേക്കുള്ള വിമാന സര്‍വീസിന്റെ പേരില്‍ കരിപ്പൂരില്‍ സര്‍വീസുകള്‍ തുടങ്ങാനായിരുന്നില്ല. 2020 വരെ തിരുവനന്തപുരം സര്‍വീസ് നിലനിര്‍ത്തണമെന്നായിരുന്നു സൗദിയുടെ ആവശ്യം.
കരിപ്പൂര്‍ പുതിയ സ്റ്റേഷനും താല്‍ക്കാലിക സീറ്റുകളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സൗദി അംബാസഡര്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കരിപ്പൂര്‍ പുതിയ സ്റ്റേഷനായി അനുവദിക്കുന്നതിന് വ്യോമയാന മന്ത്രാലയം സൗദിക്ക് അനുമതി നല്‍കിയില്ല. പകരം തിരുവനന്തപുരത്തേക്ക് യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്തതിനാല്‍ സര്‍വീസുകള്‍ 2019 മാര്‍ച്ച് വരെ നിലിനിര്‍ത്താന്‍ അനുമതി നല്‍കുകയായിരുന്നു. മൂന്ന് മാസം മുമ്പ് അനുമതി ലഭിച്ചിട്ടും കരിപ്പൂരില്‍ സര്‍വീസ് ആരംഭിക്കാന്‍ വൈകുന്നത് സംബന്ധിച്ച് എയര്‍പോര്‍ട്ട് ഡയറക്ടറും സൗദിക്ക് കത്തയച്ചിരുന്നു.
കരിപ്പൂരില്‍ നിന്നു ജിദ്ദയിലേക്ക് നേരിട്ട് സര്‍വീസ് ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് പുറമെ ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ഏറെ ആശ്വാസമാവും. യാത്രക്കാര്‍ കൂടുന്നതിനനുസരിച്ച് സര്‍വീസുകള്‍ വര്‍ധിപ്പിക്കാനും വിമാന കമ്പനി തീരുമാനിച്ചിട്ടുണ്ട്. സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പായുള്ള ഗ്രൗണ്ട് ഹാന്റ്‌ലിങ് നടപടികളും സൗദി നേരത്തെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് ഒരേ സമയം സര്‍വീസ് നടത്താന്‍ സൗദിക്ക് ഇതോടെ അവസരം െൈകവരും. കരിപ്പൂരില്‍ നിന്ന് ഡിസംബറില്‍ സര്‍വീസ് ആരംഭിക്കുന്ന സൗദിക്ക് മാര്‍ച്ച് വരെ തിരുവനന്തപുരത്തെ സര്‍വീസ് നിലനിര്‍ത്താന്‍ അനുമതി ലഭിച്ചതോടെയാണിത്. കൊച്ചിയില്‍ സൗദി സര്‍വീസ് നേരത്തെ തന്നെയുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss