|    Jan 16 Mon, 2017 4:47 pm

കരിപ്പൂര്‍ വെടിവയ്പ് സംഭവത്തിന് ഒരു വയസ്സ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അന്വേഷണം വഴിമുട്ടി

Published : 6th June 2016 | Posted By: SMR

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവള വെടിവയ്പ്പിന് ഒരു വര്‍ഷമാവുമ്പോഴും ദുരൂഹത ബാക്കിയാക്കി കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ കേസ് അന്വേഷണം വഴിമുട്ടി. കേസില്‍ സുപ്രധാന തെളിവുകളൊന്നും ലഭിക്കാത്ത കേരള പോലിസിന് ഇതേവരെ കൊച്ചിയിലെ ലാബിലേക്ക് അയച്ച തോക്കിന്റെ ബാലിസ്റ്റിക് പരിശോധനാഫലം പോലും ലഭ്യമാക്കാനായിട്ടില്ല. സംഭവദിവസം വെടിവച്ച സിഐഎസ്എഫ് സബ്ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരി ഇപ്പോഴും കരിപ്പൂരില്‍ തന്നെ ജോലിയില്‍ തുടരുമ്പോള്‍ കേസില്‍ അറസ്റ്റിലായവരെ മാത്രം സ്ഥലംമാറ്റി സിഐഎസ്എഫും എയര്‍പോര്‍ട്ട് അതോറിറ്റി അഗ്നിശമന സേനയും കൈകഴുകി.
കഴിഞ്ഞ ജൂണ്‍ 10നാണ് രാജ്യത്തെ ഞെട്ടിച്ച് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കേന്ദ്രസുരക്ഷ സേനയും അഗ്നിശമന സേനയും ഏറ്റുമുട്ടി വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ സിഐഎസ്എഫ് ജവാന്‍ എസ് എസ് യാദവ് സബ്ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയുടെ പിസ്റ്റളില്‍ നിന്നു വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. വിമാനത്താവളത്തിനു പുറത്ത് സുരക്ഷാ കവാടത്തിനു സമീപത്തായിരുന്നു സംഭവമെന്നതിനാല്‍ കേസ് മലപ്പുറം ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി സിഐ കെ സന്തോഷായിരുന്നു അന്വേഷിച്ചിരുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ ജോയിന്റ് സെക്രട്ടറി അശോക്കുമാര്‍, ചെന്നൈയില്‍ നിന്ന് സിഐഎസ്എഫ് സീനിയര്‍ കമാന്‍ഡന്റ് അനില്‍ ബാലി, എയര്‍പോര്‍ട്ട് അതോറിറ്റി മെംബര്‍ ഓപറേഷന്‍സ് ചൗക്യായ, സിഐഎസ്എഫ് ഐജി ആര്‍ ആര്‍ സഹായി തുടങ്ങിയവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
വെടിവയ്പ്പ് കേസില്‍ 10 അഗ്നിശമന സേനാ അംഗങ്ങളെയും 13 സിഐഎസ്എഫ് ജീവനക്കാരെയുമാണ് കേരള പോലിസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട അഗ്നിശമന സേനാ അംഗങ്ങളെ കോയമ്പത്തൂര്‍, മംഗളൂരു എന്നിവടങ്ങളിലേക്കും 13 സിഐഎസ്എഫ് ജവാന്‍മാരെ ഗോവയിലേക്കും പിന്നീട് സ്ഥലംമാറ്റി.
എന്നാല്‍, വെടിപൊട്ടിച്ച സിഐഎസ്എഫ് സബ്ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിയെ കേസില്‍ ഉള്‍പ്പെടുത്താതെ ഇപ്പോഴും കരിപ്പൂരില്‍ തന്നെ ജോലിയില്‍ തുടരുകയാണ്. സംഭവദിവസം കൈക്കു പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി ചികില്‍സയിലായിരുന്നു ചൗധരി. അഗ്നിശമന സേനയിലെ സൂപ്പര്‍വൈസര്‍ അജികുമാറിനെ കാര്‍ഗോ ഗേറ്റില്‍ സിഐഎസ്എഫ് എസ്‌ഐ സീതാറാം ചൗധരി ദേഹപരിശോധന നടത്തിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും വെടിവയ്പ്പിലും കലാശിച്ചത്. സംഘര്‍ഷത്തിനിടെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോഴാണ് യാദവിനു വെടിയേറ്റതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സീതാറാം ചൗധരിയുടെ പിസ്റ്റളില്‍ നിന്നു വെടിപൊട്ടിയാണ് കൂടെയുണ്ടായിരുന്ന എസ് എസ് യാദവ് കൊല്ലപ്പെട്ടത്. എസ് എസ് യാദവിന്റെ തലയില്‍ നിന്നു കണ്ടെടുത്ത വെടിയുണ്ട സീതാറാം ചൗധരിയുടെ പിസ്റ്റളില്‍ നിന്നാണെന്നു വ്യക്തമായിരുന്നു.
സീതാറാം ചൗധരി മൂന്നുതവണ വെടിവച്ചതായാണ് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ചൗധരിയുടെ പിസ്റ്റളും എസ് എസ് യാദവിന്റെ ഇന്‍സാസ് റൈഫിളും ഇവയില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളടങ്ങിയ മാഗസിനുകളും സിഐഎസ്എഫ് പോലിസിന് അന്വേഷണത്തിന്റെ ഭാഗമായി കൈമാറിയിരുന്നു. മറ്റു രണ്ട് വെടിയുണ്ടകളുടെ കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നീങ്ങിയിട്ടില്ല. ഇതിനായി തോക്ക് ബാലിസ്റ്റിക് പരിശോധനയ്ക്ക് കൊച്ചിയിലേക്ക് അയച്ചിട്ട് വര്‍ഷമായെങ്കിലും ഫലം ഇതേവരെ പോലിസിനു ലഭ്യമാക്കാനായിട്ടില്ല. പിസ്റ്റളില്‍ നിന്ന് എത്ര റൗണ്ട് വെടിപൊട്ടിയെന്നു വ്യക്തമാവണമെങ്കില്‍ ഫലം ലഭിക്കണം. ഐപിസി 304 വകുപ്പ് പ്രകാരം കരുതിക്കൂട്ടിയല്ലാത്ത നരഹത്യ, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, അന്യായമായി സംഘംചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തിരുന്നത്. ആദ്യഘട്ടത്തില്‍ തന്നെ കേന്ദ്ര സുരക്ഷാ സേനാംഗങ്ങളെ സംരക്ഷിക്കുന്ന രീതിയിലാണ് കേസ് അന്വേഷണമുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക