|    Sep 26 Tue, 2017 12:56 pm

കരിപ്പൂര്‍ വിമാനത്താവളം; കരാര്‍തൊഴിലാളികള്‍ അനിശ്ചിതകാല റിലേ നിരാഹാരം തുടങ്ങി

Published : 18th October 2016 | Posted By: Abbasali tf

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കാലിക്കറ്റ് എയര്‍പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ (സിഐടിയു) അനിശ്ചിത കാല റിലേ നിരാഹാര സമരം തുടങ്ങി. കരിപ്പൂരില്‍ ഗ്രൗണ്ട്ഹാന്റ്‌ലിങ് പ്രവൃത്തികള്‍ എയര്‍ഇന്ത്യയുടെ കീഴിലുള്ള എഐഎടിഎസ്എല്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുക്കുന്നത്. ഇവരില്‍ നിന്നാണ് ഡല്‍ഹി ആസ്ഥാനമായുള്ള കുള്ളാര്‍ കമ്പനി ഉപകരാര്‍ ഏറ്റെടുക്കുന്നത്. തൊഴിലാളികളെ വഞ്ചിച്ച് കരിപ്പൂര്‍ വിടാനുള്ള കമ്പനിയുടെ ആസൂത്രിത നീക്കത്തില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ ഇന്നലെ മുതല്‍ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങിയത്. രണ്ടു വര്‍ഷമായി കരാര്‍ ഏറ്റെടുത്ത കമ്പനി തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങളും നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം മാനേജറെ തടഞ്ഞ് പ്രതിഷേധിച്ചപ്പോള്‍ ആനുകൂല്യം നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും കമ്പനി വാക്കു പാലിച്ചില്ല. കൗണ്ടര്‍ ജീവനക്കാര്‍, വിമാന ശുചീകരണം, ലോഡിങ് തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ തുടങ്ങി 440 തൊഴിലാളികളാണ് കരിപ്പൂരില്‍ കുള്ളാര്‍ കമ്പനിക്ക് കീഴിലുള്ളത്. രണ്ടു വര്‍ഷം മുമ്പ് ആനുകൂല്യങ്ങള്‍ നല്‍കാമെന്നേറ്റാണ് കമ്പനി തൊഴിലാളികളെ നിയമിച്ചത്. തൊഴിലാളികളുടെ വേതനത്തില്‍ നിന്ന് ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങളും പിടിക്കുന്നുണ്ടെങ്കിലും അത് അനുവദിച്ചു നല്‍കിയിട്ടില്ല. തൊഴിലാളികളെ എഐഎടിഎസ്എല്‍ കമ്പനി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടാണു സമരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക