|    Jul 24 Mon, 2017 4:22 pm
Home   >  Todays Paper  >  Page 4  >  

കരിപ്പൂര്‍ റണ്‍വേ വികസനം: വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനുള്ള അനുമതി പുനസ്ഥാപിക്കാനാവില്ല: കേന്ദ്രമന്ത്രി

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി റണ്‍വേ വികസനം കഴിയാതെ കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനുള്ള അനുമതി പുനസ്ഥാപിക്കാനാവില്ലെന്ന് കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജു. ഇക്കാര്യമാവശ്യപ്പെട്ട് തന്നെ വന്നുകണ്ട മലബാര്‍ മേഖലയില്‍ നിന്നുള്ള യുഡിഎഫ് എംപിമാരെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് വിമാനത്താവളം റണ്‍വേ ടേബിള്‍ടോപ് രീതിയിലുള്ളതാണെന്നും മംഗലാപുരം അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം റണ്‍വേകളില്‍ വലിയ വിമാനം ഇറങ്ങാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് നിന്ന് കോയമ്പത്തൂര്‍-മുംബൈ വഴി ഡല്‍ഹിയിലേക്കും തിരിച്ചും സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസ് പുനരാംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നും മന്ത്രി എംപിമാര്‍ക്ക് ഉറപ്പ് നല്‍കി.
വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കഴിയാത്തത് മൂലം പ്രവാസി മലയാളികള്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നതെന്ന് എംപിമാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഹജ്ജ് തീര്‍ത്ഥാടകരും വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നു. പലര്‍ക്കും ഇതുമൂലം കൊച്ചി അടക്കമുള്ള വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഈ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി പുന:സ്ഥാപിക്കണമെന്ന നിര്‍ദേശം എംപിമാര്‍ മുന്നോട്ടുവച്ചു. കോഴിക്കോട് വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിലെ സ്ഥലവും ഇതിനായി ഉപയോഗപ്പെടുത്താമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ടുവച്ചു. എന്നാല്‍, വിമാനാത്താവള വികസനം പൂര്‍ത്തിയാക്കിയ ശേഷം വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള അനുമതി പുന:സ്ഥാപിക്കാമെന്ന് മന്ത്രി എംപിമാരെ അറിയിക്കുകയായിരുന്നു.
വിമാനത്താവള റണ്‍വേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടന്നു. വികസനത്തിന് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാമെന്നും സംസ്ഥാന സര്‍ക്കാരുമായി ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാമെന്നും അശോക് ഗജപതി രാജു അറിയിച്ചു. രണ്ടാംഘട്ട റണ്‍വേ വികസനത്തിന് 248 ഏക്കര്‍ ഭൂമിയും, രണ്ടാം ആഗമന ടെര്‍മിനലിനും പാര്‍ക്കിങ് ബേക്കും 137 ഏക്കര്‍ ഭൂമിയുമാണ് ആവശ്യമായുള്ളത്. നിലവില്‍ റണ്‍വേയുടെ നീളം 9000 അടിയാണ്. ഇത് 14000 അടിയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
വ്യോമയാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച ശുഭപ്രതീക്ഷ നല്‍കുന്നതാണെന്നും വിമാനത്താവളം നേരിടുന്ന വികസന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മന്ത്രിയുടെ ഇടപെടല്‍ സഹായകരമാവുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കോഴിക്കോട് എംപി എം കെ രാഘവന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക