|    Jul 23 Sun, 2017 2:25 am
FLASH NEWS

കരിപ്പൂര്‍ ഭൂമി ഏറ്റെടുക്കല്‍: ചര്‍ച്ചയില്‍ പ്രതിഷേധ കൊടുങ്കാറ്റ്

Published : 10th August 2016 | Posted By: SMR

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള ഭൂമിഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇന്നലെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ഇരകളുടെ പ്രതിഷേധ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു. മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വൈകാരികമായാണ് ഇരകള്‍ പ്രതിഷേധമുയര്‍ത്തിയത്.
പിറന്നനാടും ഭൂമിയും ഉപേക്ഷിക്കേണ്ടി വരുന്നതിലെ രോഷം പ്രകടമാക്കുന്നതായിരുന്നു ഇരകളുടെ ഭാഷ. 12 തവണയോളം മാറി താമസിക്കേണ്ടി വന്നതടക്കം ചിലര്‍ ചൂണ്ടിക്കാട്ടി. ഉറ്റവരുടെ ഖബറിടവും കൃഷിയുമൊക്കെ നഷ്ടമാവുന്നതും ചര്‍ച്ചയില്‍ വിഷയമായി. നൂറുപേരുടെ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ സമരം പൊളിക്കുകയാണെന്ന വാദവുമുയര്‍ന്നു. ഭൂമികൊടുക്കാമെന്നേറ്റവര്‍ കല്ലുവെട്ടുകുഴി മാത്രമുള്ളവരും വഴിയില്ലാത്തവരും ഭൂമാഫിയയുമാണെന്നും ഇരകള്‍ വാദമുയര്‍ത്തി. ‘ജലീലെ നിന്നോട് പടച്ചോന്‍ ചോദിക്കും’ എന്നാണ് ഒരു ഇര വൈകാരികമായി പറഞ്ഞത്.  ഇന്റര്‍നാഷനല്‍ ടര്‍മിനല്‍ നിലവിലുള്ള സ്ഥലത്ത് തന്നെ നിലനിര്‍ത്തണമെന്നും ഭാവിയില്‍ ഭൂമിയേറ്റെടുക്കല്‍ നടത്താത്ത രീതിയില്‍ നിലവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും സമാന്തര ടാക്‌സി വേ ആവശ്യമുണ്ടോയെന്നു പരിശോധിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.  ഭൂമി ഏറ്റെടുത്താല്‍ മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ സാങ്കേതിക സമിതി അനുകൂല നിലപാട് രേഖപ്പെടുത്തുകയാണെങ്കില്‍ സ്ഥലം വിട്ട് നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു.  എയര്‍പോര്‍ട്ടിലെ മാലിന്യ നിക്ഷേപം സംബന്ധിച്ചും പരാതിയുയര്‍ന്നു.
എയര്‍പോര്‍ട്ട് സ്‌കൂളും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സും എയര്‍പോര്‍ട്ടിനകത്ത് നിന്ന് മാറ്റി ഈ സ്ഥലങ്ങള്‍ എയര്‍പോര്‍ട്ട് വികസനത്തിന് വിനിയോഗിക്കണം. നേരത്തെ എയര്‍പോര്‍ട്ട് വികസനത്തിനായി ഏറ്റെടുത്ത 378 ഏക്കറില്‍ ഒഴിഞ്ഞ് കിടക്കുന്ന 50 സെന്റ് ഉപയോഗയോഗ്യമാക്കണം. വന്‍വിമാനങ്ങള്‍ ഇറങ്ങാനുള്ള സാങ്കേതിക തടസ്സമെന്താണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കണം. നേരത്തെ ഭൂമി ഏറ്റെടുത്ത് നഷ്ട പരിഹാരം നല്‍കാന്‍ ബാക്കിയുള്ളവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ടിന്റെ കോര്‍പറെറ്റ് സോഷല്‍ റെസ്‌പോന്‍സിബിലിറ്റി (സിഎസ്ആര്‍) ഫണ്ട് പ്രദേശവാസികള്‍ക്ക് ഉപയോഗപ്രദമാക്കണമെന്നും ആവശ്യമുയര്‍ന്നു. സമരസമിതിയുമായി ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ അന്തിര തീരുമാനമെടുക്കൂയെന്നും നിര്‍ബന്ധമായ ഏറ്റെടുക്കല്‍ ഒരിക്കലും നടത്തില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക