|    Apr 25 Wed, 2018 12:08 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കരിപ്പൂര്‍: പ്രദേശവാസികളുടെ മാര്‍ച്ച് അധികൃതര്‍ക്ക് താക്കീതായി

Published : 27th July 2016 | Posted By: SMR

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തിന് ഒരിഞ്ചു ഭൂമിപോലും വിട്ടുനല്‍കില്ലെന്നു പ്രഖ്യാപിച്ച് പ്രദേശവാസികള്‍ വിമാനത്താവള ലാന്‍ഡ് അക്വസിഷന്‍ ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് അധികൃതര്‍ക്കു താക്കീതായി. എയര്‍പോര്‍ട്ട് ഏരിയ കുടിയൊഴിപ്പിക്കല്‍ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ആയിരത്തിലേറെ പേര്‍ പങ്കെടുത്തു. കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍മാരും പള്ളിക്കല്‍ പഞ്ചായത്ത് അംഗങ്ങളും സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.
സാധാരണക്കാരുടെ കിടപ്പാടം സംരക്ഷിക്കുക, ഭൂമി ഏറ്റെടുക്കലില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക, വിമാനത്താവളത്തില്‍ ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങളില്‍ വികസനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. കരിപ്പൂര്‍ ഹജ്ജ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് വിമാനത്താവള ജങ്ഷനില്‍ കൊണ്ടോട്ടി സിഐ സന്തോഷിന്റെ നേതൃത്വത്തില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് റോഡിലിരുന്നു. വിമാനത്താവള ഡയറക്ടറുടെ കോലവും പ്രതിഷേധത്തിനിടെ കത്തിച്ചു. അനാവശ്യമായ സ്ഥലമെടുപ്പിന് അനുവദിക്കില്ലെന്നും 12 പ്രാവശ്യം ഭൂമി ഏറ്റെടുത്തതിന്റെ പേരില്‍ ദുരിതമനുഭവിക്കുന്നവരെ വീണ്ടും കുടിയൊഴിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും മാര്‍ച്ചില്‍ ആവശ്യമുയര്‍ന്നു. കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി ഉദ്ഘാടനം ചെയ്തു. ജനങ്ങളോട് ആലോചിക്കാതെ ഉദ്യോഗസ്ഥരുടെ വാക്കിനു വിലകല്‍പ്പിക്കരുതെന്നും ജനങ്ങളെ കൂട്ടത്തോടെ തെരുവിലിക്കിറക്കുന്നതു തടയുമെന്നും അതോറിറ്റിയുടെ കൈവശമുള്ള ഒഴിഞ്ഞ സ്ഥലത്തു വികസനം നടത്തി നാട്ടുകാരെ കുടിയൊഴിപ്പിക്കുന്നതില്‍ നിന്നു പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈസ് ചെയര്‍പേഴ്‌സണ്‍ കൂനയില്‍ നഫീസ, കൗണ്‍സിലര്‍മാരായ പി അബ്ദുറഹിമാന്‍, അഡ്വ. കെ കെ സമദ്, യു കെ മുഹമ്മദിഷ, ചുക്കാന്‍ ബിച്ചു, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സി മിഥുന, ജസീന ലത്തീഫ്, ഇസ്മായീല്‍, സമരസമതി കണ്‍വീനര്‍ സി ജാസിര്‍, ഖജാഞ്ചി കെ കെ മൂസക്കുട്ടി സംസാരിച്ചു. നഗരസഭ കൗണ്‍സിലര്‍മാരായ ഇം എം റഷീദ്, എ പി അബ്ദുറഹിമാന്‍, പള്ളിക്കല്‍ പഞ്ചായത്ത് അംഗങ്ങളായ യു രാമന്‍കുട്ടി, പുതിയകത്ത് മുസ്തഫ, ഷബീറലി  നേതൃത്വം നല്‍കി. തുടര്‍ന്ന് ഭൂമി വിട്ടുനല്‍കാനാവില്ലെന്നു കാണിച്ച് ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് നിവേദനം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss