|    Aug 15 Wed, 2018 7:58 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

കരിപ്പൂര്‍ താമസിയാതെ പ്രതാപം വീണ്ടെടുക്കും: എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം

Published : 5th August 2018 | Posted By: AAK

ദമ്മാം: അധികൃതരുടെയും ഉദ്യോഗസ്ഥ ലോബിയുടെയും അവഗണ മൂലം ഊര്‍ദ്ധശ്വാസം വലിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം താമസിയാതെ നഷ്ടപ്രതാപം വീണ്ടെടുക്കുമെന്ന് ദമ്മാം കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേഴ്‌സ് ഫോറം അഭിപ്രായപ്പെട്ടു. ഫോറം ജനറല്‍ കണ്‍വീനര്‍ ടി പി എം ഫസലിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ ശ്രീനിവാസ റാവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എയര്‍ബസ് എ380 കാറ്റഗറി ഒഴിച്ചുള്ള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനുള്ള ഉത്തരവ് ദിവസങ്ങള്‍ക്കകം ഡിജിസിഎയില്‍ നിന്നും ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വാഹന പാര്‍ക്കിങുമായി ബന്ധപ്പെട്ട പ്രയാസം നിലവിലെ പാര്‍ക്കിങ് ഏരിയയോട് ചേര്‍ന്ന് 15 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഉടന്‍ അക്വയര്‍ ചെയ്ത് നല്‍കുന്നതോടെ പരിഹരിക്കപ്പെടും. പൊതുമേഖലയില്‍ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സംരക്ഷണത്തിനും മുന്‍കാലങ്ങളിലെ പോലെ വലിയ വിമാനങ്ങള്‍ ഇറക്കുന്നതിനും വേണ്ടി രാഷ്ട്രീയ സംഘടനാ ഭേദമന്യേ മുഴുവന്‍ നേതാക്കളുടെയും ജനങ്ങളുടെയും പരിശ്രമം കാരണമായിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ബാഗേജ് മോഷണം, പോര്‍ട്ടര്‍മാരുടെ അമിത കൂലി ഈടാക്കല്‍, ടെര്‍മിനലിന് മുന്നിലെ ഗതാഗതക്കുരുക്ക് തുടങ്ങിയ വിഷയങ്ങളില്‍ പരിഹാരം കാണുന്നതിന് ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഡയറക്ടറോട് നേരിട്ട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പരാതി ഫോറം പ്രതിനിധികള്‍ അടുത്ത ദിവസം തന്നെ രേഖാമൂലം നല്‍കും. ഇടത്തരം വിമാനങ്ങള്‍ ഇറങ്ങുകയും അതോടൊപ്പം ഹജ്ജ് സര്‍വീസ് തിരിച്ചെത്തുകയും സപ്തംബറില്‍ വിപുലമായ സൗകര്യങ്ങളോടെ പുതിയ ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നതോടെ കരിപ്പൂര്‍ വിമാനത്താവളം പഴയ പ്രതാപം വീണ്ടെടുക്കുക തന്നെ ചെയ്യുമെന്ന് ടി പി എം ഫസല്‍ ചൂണ്ടിക്കാട്ടി. പുതിയ ആഗമന ടെര്‍മിനലിലെ 19 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍, ബാഗേജ് നീക്കം കാര്യക്ഷമമാക്കുന്നതിന് ജംബോ ബെല്‍റ്റ് ഉള്‍പ്പെടെ അഞ്ച് കണ്‍വയര്‍ ബെല്‍റ്റുകള്‍, വിശാലമായ ഹാള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങള്‍ എയര്‍പോര്‍ട്ട് ഡയറക്ടറുടെ അനുമതിയോടെ യൂസേഴ്‌സ് ഫോറം പ്രതിനിധികള്‍ സന്ദര്‍ശിച്ചു. നജീബ് അരഞ്ഞിക്കല്‍, മുഹമ്മദലി കോഴിക്കോട് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss