|    Nov 20 Tue, 2018 6:56 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കരിപ്പൂരില്‍ സര്‍വീസിനൊരുങ്ങി എയര്‍ ഇന്ത്യ; സുരക്ഷാ പരിശോധന തിങ്കളാഴ്ച

Published : 4th August 2018 | Posted By: kasim kzm

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എയര്‍ഇന്ത്യയുടെ സുരക്ഷാ പരിശോധന തിങ്കളാഴ്ച നടക്കും. എയര്‍ഇന്ത്യയുടെ ഓപറേഷന്‍ വിഭാഗത്തിലെ ഉന്നതസംഘമാണ് തിങ്കളാഴ്ച പരിശോധന നടത്തുക. ഇതു സംബന്ധിച്ച് എയര്‍ഇന്ത്യ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കത്ത് കൈമാറി.
എംപിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എം കെ രാഘവന്‍, ഇ ടി മുഹമ്മദ് ബഷീര്‍, എം ഐ ഷാനവാസ്, പി വി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ നേരത്തേ എയര്‍ഇന്ത്യാ ചെയര്‍മാനെ കണ്ട് സര്‍വീസ് ആരംഭിക്കണമെന്ന് നിവേദനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എയര്‍ഇന്ത്യ സുരക്ഷാ പരിശോധനയ്‌ക്കെത്തുന്നത്. പരിശോധന പൂര്‍ത്തിയാക്കുന്നതോടെ എയര്‍ഇന്ത്യാ സര്‍വീസ് പുനരാരംഭിക്കാനുള്ള അപേക്ഷ ഡിജിസിഎക്ക് സമര്‍പ്പിക്കും. കരിപ്പൂരില്‍ നിന്ന് സൗദി സെക്ടറിലേക്കാണ് എയര്‍ഇന്ത്യയും സര്‍വീസ് ആരംഭിക്കാനിരിക്കുന്നത്. എയര്‍ഇന്ത്യ കോഡ് ഇ വിഭാഗത്തില്‍പ്പെട്ട 290 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഡ്രീംലൈനര്‍ വിമാനങ്ങളായിരിക്കും സര്‍വീസിനെത്തിക്കുക. നേരത്തേ സൗദി എയര്‍ലൈന്‍സ് സുരക്ഷാ പരിശോധന നടത്തി സര്‍വീസ് ആരംഭിക്കാനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കോഡ് ഇയിലെ 341 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് സൗദി എയര്‍ലൈ ന്‍സ് എത്തിക്കുന്നത്.
കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ അനുമതി അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് സൂചന. ഡിജിസിഎയുടെ അനുമതി കേന്ദ്രമന്ത്രിയായിരിക്കും പ്രഖ്യാപിക്കുക. അനുമതി നല്‍കുമെന്ന് ഉറപ്പായതോടെയാണ് സൗദി എയര്‍ലൈന്‍സിനു പിറകെ എയര്‍ഇന്ത്യയും സര്‍വീസ് ആരംഭിക്കാന്‍ പരിശോധനയ്ക്കായി തിങ്കളാഴ്ച കരിപ്പൂരിലെത്തുന്നത്. 2015ലാണ് എയര്‍ഇന്ത്യയും സൗദി എയര്‍ലൈന്‍സും റണ്‍വേ വികസനത്തിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതിനാല്‍ സര്‍വീസ് നിര്‍ത്തിയത്.
വലിയ വിമാനങ്ങളുടെ ശ്രേണിയില്‍ ഉള്‍പ്പെട്ട ദുബയിലേക്ക് സര്‍വീസ് നടത്തിയിരുന്ന എമിറേറ്റ്‌സ് എയര്‍ സര്‍വീസിനായി ഇതുവരെ രംഗത്തില്ല. മതിയായ വിമാന സീറ്റുകളില്ലാത്തതിനാലാണ് എമിറേറ്റ്‌സ് അനുമതിക്ക് കരിപ്പൂരിലേക്ക് വരാന്‍ വൈകുന്നത്. കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കും റിയാദിലേക്കുമുള്ള സര്‍വീസുകള്‍ക്ക് പുനഃസ്ഥാപിക്കുന്നതുവഴി മലബാറിലെ 11.5 ലക്ഷം യാത്രക്കാര്‍ക്ക് ആശ്വാസമാവും. എയര്‍ഇന്ത്യ 2002 മുതലും സൗദി എയര്‍ലൈന്‍സ് 2009 മുതലാണ് കരിപ്പൂരില്‍ ജിദ്ദ, റിയാദ് മേഖലയിലേക്ക് സര്‍വീസ് തുടങ്ങിയത്. 2015 ഏപ്രില്‍ 30ന് റണ്‍വേ റീ—കാര്‍പ്പറ്റിങിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിയതോടെ രണ്ടു വിമാന കമ്പനികള്‍ക്കും കൂടി 52 സര്‍വീസുകളാണ് ആഴ്ചയില്‍ നിര്‍ത്തലാക്കേണ്ടി വന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss