|    Aug 16 Wed, 2017 11:03 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കരിപ്പൂരില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; അപകടം ഒഴിവായി

Published : 5th August 2017 | Posted By: fsq

 

കരിപ്പൂര്‍: ചെന്നൈയില്‍ നിന്നു വന്ന സ്‌പൈസ് ജെറ്റ് വിമാനം കരിപ്പൂരില്‍ ലാന്‍ഡിങിനിടെ തെന്നിമാറി റണ്‍വേയില്‍നിന്നു പുറത്തേക്ക് നീങ്ങി. വൈമാനികന്റെ ഇടപെടല്‍ മൂലം വന്‍ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ എട്ടിനാണ് അപകടം. തുടര്‍ന്ന് കരിപ്പൂര്‍ റണ്‍വേ ഒരുമണിക്കൂര്‍ അടച്ചതിനാല്‍ മൂന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ചുവിട്ടു. രണ്ടു വിമാനങ്ങള്‍ വൈകി.  വിമാനത്തിന്റെ തുടര്‍ സര്‍വീസ് റദ്ദാക്കി. റണ്‍വേയുടെ മധ്യഭാഗത്ത് ഇറങ്ങേണ്ട വിമാനം വലതുവശത്തേക്ക് മാറിയതാണ് അപകടത്തിനു കാരണം.  ചെന്നൈയില്‍ നിന്ന് 68 യാത്രക്കാരടക്കം 75 പേരുമായി എത്തിയ സ്‌പൈസ് ജെറ്റ് വിമാനം പടിഞ്ഞാറുഭാഗത്ത് റണ്‍വേയില്‍ ഇറങ്ങുന്നതിനിടെയാണ് ചക്രം തെന്നിമാറി വലതുഭാഗത്തേക്കു നീങ്ങിയത്. റണ്‍വേയുടെ അതിര്‍ത്തിയില്‍ പൈലറ്റുമാര്‍ക്ക് തിരിച്ചറിയാനായി സ്ഥാപിച്ചിരുന്ന അഞ്ചു ലൈറ്റുകള്‍ക്ക് മുകളിലൂടെ കയറി. വിമാനത്തിന്റെ ചക്രം വശങ്ങളിലെ ചളിയിലേക്ക് പൂര്‍ണമായും എത്തുന്നതിനു മുമ്പ് വൈമാനികന്‍ നിയന്ത്രിച്ച് റണ്‍വേയുടെ മധ്യത്തിലേക്ക് തന്നെ കൊണ്ടുവരുകയായിരുന്നു. ഈ സമയത്ത് കനത്ത മഴയുമുണ്ടായിരുന്നു.അഗ്‌നിശമന സേനയും സുരക്ഷാസേനയും സ്ഥലത്തെത്തി, വിമാനം റണ്‍വേ ഏപ്രണില്‍ കൊണ്ടുവന്ന് യാത്രക്കാരെ പുറത്തിറക്കി. അപകടസമയം എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ മസ്‌ക്കത്ത്, ഇത്തിഹാദ് എയറിന്റെ അബൂദബി, എയര്‍ ഇന്ത്യയുടെ മുംബൈ വിമാനങ്ങള്‍ ലാന്‍ഡിങിനായി കരിപ്പൂരിന് മുകളിലെത്തിയിരുന്നു. റണ്‍വേ താല്‍ക്കാലികമായി അടയ്‌ക്കേണ്ടതിനാല്‍ ഇവ കൊച്ചിയിലേക്ക് തിരിച്ചുവിടാന്‍ എയര്‍ ട്രാഫിക് ആവശ്യപ്പെടുകയായിരുന്നു. റണ്‍വേയിലെ ചളി നീക്കം ചെയ്ത് വശത്തെ ലൈറ്റുകള്‍ പുനസ്ഥാപിച്ചാണ് പിന്നീട് ലാന്‍ഡിങിനുള്ള അനുമതി നല്‍കിയത്. അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ ചെന്നൈ, ബാംഗ്ലൂര്‍ സര്‍വീസ് റദ്ദാക്കി. അതിനിടെ, സംഭവത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി പ്രാഥമിക റിപോര്‍ട്ട് കേന്ദ്രത്തിനു കൈമാറി. വിമാന ലാന്‍ഡിങ് സമയത്തെ കാറ്റും അതിന്റെ ഗതിയും പരിശോധിച്ചുവരുകയാണ്. വൈമാനികനില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രാഥമിക വിവരങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്ര കാര്യാലയത്തിനു കൈമാറിയ റിപോര്‍ട്ടിലുണ്ട്.കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നവീകരിച്ച റണ്‍വേയുടെ പ്രതലത്തിന് മിനുസം കൂടുന്നതാണ് മഴക്കാലത്ത് അപകടങ്ങള്‍ക്കു കാരണമെന്നാണ് വിലയിരുത്തല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക