|    Oct 19 Fri, 2018 12:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കരിപ്പൂരില്‍ റിസ നിര്‍മാണം എട്ട് മാസത്തിനകം

Published : 9th September 2017 | Posted By: fsq

 

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റിസ) നീളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനികളുടെ യോഗം ചേര്‍ന്നു. എയര്‍പോര്‍ട്ട് അതോറിറ്റി കേന്ദ്രകാര്യാലയത്തില്‍ നിന്നെത്തിയ ഓപറേഷന്‍സ് ജനറല്‍ മാനേജര്‍ അനില്‍ ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ വിമാന കമ്പനി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്. കോഡ് ഇയിലുള്ള വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കണമെങ്കില്‍ റിസയുടെ നീളം 240 മീറ്ററായി വര്‍ധിപ്പിക്കണം. കരിപ്പൂരില്‍ നിലവില്‍ 90 മീറ്റര്‍ മാത്രമാണുള്ളത്. എട്ടു മാസത്തിനകം റിസയുടെ നീളം വര്‍ധിപ്പിക്കാമെന്നാണ് കരുതുന്നത്. 2,860 മീറ്ററാണ് കരിപ്പൂരിലെ നിലവിലെ റണ്‍വേ. ഇതില്‍ നിന്ന് 150 മീറ്റര്‍ റിസയായി പരിഗണിക്കാനാണ് തീരുമാനം. ഇതോടെ റണ്‍വേ നീളം 2,700 മീറ്ററായി ചുരുങ്ങും. ഭാവിയില്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുളള സ്ഥലം റിസക്കായി ഉപയോഗിക്കാനും പദ്ധതിയുണ്ട്. റിസയുടെ നീളം കൂട്ടുന്നതിനു മുന്നോടിയായി റണ്‍വേയിലെ ലൈറ്റുകള്‍ മാറ്റി ക്രമീകരിക്കേണ്ടതുണ്ട്. കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ ജെ ടി രാധാകൃഷ്ണ, സൗദി എയര്‍ലൈന്‍സ്, എയര്‍ഇന്ത്യ, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും കരിപ്പൂരിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍, ടെലികമ്മ്യൂണിക്കേഷന്‍, സിവില്‍ എന്‍ജിനീയറിങ് വിഭാഗം മേധാവികളും യോഗത്തില്‍ സംബന്ധിച്ചു. അതേസമയം, കരിപ്പൂരിലെ കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നെത്തിയ അഞ്ചു വിമാനങ്ങള്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇന്നലെ പുലര്‍ച്ചെയുണ്ടായ അതിശൈത്യമാണ് വിമാനങ്ങളുടെ സുരക്ഷിത ലാന്‍ഡിങിനു ഭീഷണിയായത്. പുലര്‍ച്ചെ 4 മണിക്ക് മസ്‌കത്തില്‍ നിന്നെത്തിയ ഒമാന്‍ എയറിന്റെ വിമാനം തിരുവനന്തപുരത്തേക്കാണ് തിരിച്ചുവിട്ടത്. പുലര്‍ച്ചെ 5.50ന് സലാലയില്‍ നിന്നെത്തിയ ഒമാന്‍ എയര്‍, 5.55ന് അബൂദബിയില്‍ നിന്നുള്ള ഇത്തിഹാദ് എയര്‍, 5.35ന് അബൂദബിയില്‍ നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ്, 6 മണിക്ക് ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എന്നീ നാലു വിമാനങ്ങള്‍ കൊച്ചിയിലേക്കുമാണ് തിരിച്ചുവിട്ടത്. മുഴുവന്‍ വിമാനങ്ങളും കൃത്യസമയത്തിനായി ലാന്റിങിനായി കരിപ്പൂരില്‍ എത്തിയിരുന്നെങ്കിലും അന്തരീക്ഷം മേഘാവൃതമായതോടെ സുരക്ഷിത ലാന്‍ഡിങ് സാധ്യമായില്ല. മഞ്ഞ്-മേഘപാളികള്‍ റണ്‍വേയിലേക്ക് താഴ്ന്നിറങ്ങിയ ലോ ക്ലൗഡ് പ്രതിഭാസമാണ് കരിപ്പൂരില്‍ കാണപ്പെട്ടത്. മലകളാല്‍ ചുറ്റപ്പെട്ട കരിപ്പൂരില്‍ മഞ്ഞ്-മഴമേഘങ്ങള്‍ താഴ്ന്നിറങ്ങുന്ന പ്രതിഭാസം സാധാരണമാണ്. മഞ്ഞുകാലത്തും മഴക്കാലത്തും ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സിസ്റ്റമാണ് (ഐഎല്‍എസ്) വിമാന പൈലറ്റുമാര്‍ക്ക് റണ്‍വേയുടെ നേര്‍രേഖ കാണിക്കുന്നത്. ഐഎല്‍എസ് അടക്കം പ്രയോജനപ്പെടാത്ത അവസ്ഥയാണ് കരിപ്പൂരിലുള്ളത്. വിമാനങ്ങള്‍ കൂട്ടത്തോടെ തിരിച്ചുവിട്ടതോടെ ഇവയുടെ തുടര്‍സര്‍വീസുകളും വൈകി. തിരിച്ചുവിട്ട വിമാനങ്ങളില്‍ ഇത്തിഹാദിന്റെ അബൂദബി വിമാനം ഒഴികെ മറ്റുള്ളവയെല്ലാം രാവിലെ 9 മണിയോടെ തിരിച്ചെത്തി തുടര്‍സര്‍വീസ് നടത്തി. ഇത്തിഹാദ് വിമാനത്തിലെ പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞതിനാല്‍ ഈ വിമാനം വൈകുന്നേരം 5 മണിയോടെയാണ് കരിപ്പൂര്‍ വിട്ടത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss