|    Jul 18 Wed, 2018 3:00 am
FLASH NEWS

കരിപ്പൂരില്‍ യാത്രക്കാരില്‍നിന്ന് 1.220 കിലോ സ്വര്‍ണവും വിദേശ കറന്‍സികളും പിടികൂടി

Published : 4th August 2017 | Posted By: fsq

 

കൊണ്ടോട്ടി:  ദുബയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരന്‍ ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്തിയ 1.220 കിലോ സ്വര്‍ണവും ദുബയിലേക്ക് പോവാനെത്തിയ യാത്രക്കാരന്‍ കടത്താന്‍ ശ്രമിച്ച 19 ലക്ഷത്തിന്റെ വിദേശ കറന്‍സികളും ഡിആര്‍ഐ സംഘം പിടികൂടി. ഇന്നലെ രാവിലെ 8ന് ദുബയില്‍നിന്ന് കരിപ്പൂരിലെത്തിയ കോഴിക്കോട് കാക്കൂര്‍ സ്വദേശി കുഞ്ഞായിന്‍ കോയ(33)യില്‍ നിന്ന് സ്വര്‍ണവും, രാവിലെ 9.10ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബയിലേക്ക് പോവാനെത്തിയ കാസര്‍കോഡ് സ്വദേശി അഹമ്മദ് നിസാറി(31)ല്‍ നിന്ന് 19 ലക്ഷത്തിന്റെ വിദേശ കറന്‍സികളുമാണ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡയറക്ട്‌റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് കള്ളക്കടത്ത് പിടികൂടിയത്. ധരിച്ചിരുന്ന ചെരിപ്പിനുള്ളില്‍ കളിമണ്ണിന്റെ രൂപത്തിലുള്ള വസതുവില്‍ തരികളാക്കി ഒളിപ്പിച്ച രീതിയിലായിരുന്നു കുഞ്ഞായിന്‍ കോയ സ്വര്‍ണം കടത്തിയത്. ചെരിപ്പിന്റെ മാതൃകയിലായിട്ടായിരുന്നു സ്വര്‍ണവുമുണ്ടായിരുന്നത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ധരിച്ചിരിക്കുന്ന ചെരിപ്പിനകത്താണ് സ്വര്‍ണമെന്ന് കണ്ടെത്തിയത്. പിന്നീട് ചെരിപ്പ് പൊളിച്ച് സ്വര്‍ണം എടുത്തു. ചെരിപ്പില്‍നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഡിആര്‍ഐ അധികൃതര്‍ പറഞ്ഞു. കരിപ്പൂരില്‍ കളിമണ്‍ രൂപത്തില്‍ തരികളാക്കി സ്വര്‍ണം കടത്തിയത് നേരത്തേയും പിടികൂടിയിട്ടുണ്ട്. രാവിലെ ദുബയിലേക്ക് പോവാനെത്തിയ അഹമ്മദ് നിസാറിന്റെ പരിശോധന കഴിഞ്ഞ് വിമാനത്തില്‍ കയറ്റിയ ബാഗ് ഡിആര്‍ഐ സംഘം പുറത്തെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് കറന്‍സികള്‍ ബാഗേജിനകത്ത് പ്രത്യേക അറകളിലാക്കി ഒളിപ്പിച്ചിരുന്നതായി കണ്ടത്തിയത്. 1750 ഒമാന്‍ റിയാല്‍, 46,000 സൗദി റിയാല്‍, 50,000 യുഎഇ ദിര്‍ഹം എന്നിവയാണ് ബാഗില്‍ ഉണ്ടായിരുന്നത്. ഇവയ്ക്ക് 19 ലക്ഷം രൂപ വിലമതിക്കും. കരിപ്പൂരില്‍ കഴിഞ്ഞ ദിവസം 40 ലക്ഷത്തിന്റെ വിദേശ കറന്‍സികള്‍ പിടികൂടിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss