|    Dec 10 Mon, 2018 1:26 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കരിപ്പൂരില്‍ കാര്‍ പാര്‍ക്കിങിന് 15 ഏക്കര്‍ ഏറ്റെടുക്കും

Published : 30th November 2018 | Posted By: kasim kzm

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള കാര്‍ പാര്‍ക്കിങിന് 15 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ വിമാനത്താവള ഉപദേശകസമിതി തീരുമാനിച്ചു. വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ച കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ, ഫ്‌ളൈ ദുബയ് വിമാനങ്ങളുടെ സര്‍വീസുകള്‍ക്ക് സമ്മര്‍ദം ശക്തമാക്കാനും ഉപദേശകസമിതി ചെയര്‍മാന്‍ പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ അധ്യക്ഷതയില്‍ കരിപ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
എയര്‍ ഇന്ത്യയോട് സര്‍വീസ് വൈകരുതെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ സര്‍വീസിനുള്ള ഒരുക്കങ്ങള്‍ എയര്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഫ്‌ളൈ ദുബയ് കരിപ്പൂരില്‍ അനുമതി തേടിയിട്ടുണ്ട്. സൗദി എയര്‍ലൈന്‍സ് ഡിസംബര്‍ അഞ്ചിന് സര്‍വീസ് ആരംഭിക്കും. ജിദ്ദ സര്‍വീസിന് ഔദ്യോഗിക ചടങ്ങുകളൊന്നുമില്ല. വിമാനത്താവള അതോറിറ്റി വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും.
അതേസമയം 120 കോടി മുടക്കി നിര്‍മിക്കുന്ന വിമാനത്താവള ടെര്‍മിനല്‍ ജനുവരി ആദ്യത്തോടെ പൂര്‍ത്തിയാക്കി രണ്ടാംവാരത്തില്‍ തുറക്കും. കെട്ടിടം പ്രവര്‍ത്തിക്കുന്നതോടെ നിലവിലെ ടെര്‍മിനലിലെ തിരക്ക് കുറയും.
യാത്രക്കാര്‍ക്ക് കസ്റ്റംസ് ഹാളില്‍ നേരിടേണ്ടിവരുന്ന പീഡനത്തെ കുറിച്ച് യോഗത്തില്‍ അംഗങ്ങള്‍ പ്രതിഷേധമറിയിച്ചു. ജീവനക്കാരുടെ കുറവാണ് കസ്റ്റംസ് ഹാളില്‍ യാത്രക്കാര്‍ കൂടുതല്‍ നേരം കാത്ത് കെട്ടിനില്‍ക്കേണ്ട അവസ്ഥയുള്ളതെന്ന് കസ്റ്റംസ് വിശദീകരിച്ചു. ഇതിന് പരിഹാരം കാണാന്‍ പ്രശ്‌നം പാര്‍ലമെന്റില്‍ അടക്കം ഉന്നയിക്കാമെന്ന് എംപിമാര്‍ യോഗത്തില്‍ അറിയിച്ചു. എംപിമാരായ ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ്, ജില്ലാ കലക്ടര്‍ അമിത് മീണ, ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, കൊണ്ടോട്ടി നഗരസഭാ അധ്യക്ഷ കെ സി ഷീബ, കെ മുഹമ്മദുണ്ണിഹാജി ഉപദേശകസമിതി അംഗങ്ങള്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss