|    Aug 21 Mon, 2017 10:19 am
Home   >  Todays Paper  >  page 12  >  

കരിപ്പൂരില്‍ ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

Published : 2nd August 2017 | Posted By: fsq

 

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലും ചരക്കുനീക്കത്തിലും വര്‍ധന. എപ്രില്‍-മെയ് മാസങ്ങളില്‍ നടത്തിയ ഇന്റേണല്‍ ഓഡിറ്റ് റിപോര്‍ട്ടിലാണ് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളേക്കാള്‍ കൂടുതല്‍ നേട്ടം കരിപ്പൂര്‍ കൈവരിച്ചെന്നു കണ്ടെത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലേറെ വളര്‍ച്ചയാണ് കരിപ്പൂരിനുണ്ടായത്.കരിപ്പൂരില്‍ നിന്നുള്ള വിമാനസര്‍വീസുകളും രണ്ടുമാസത്തിനിടെ 46.3 ശതമാനമാണ് വര്‍ധിച്ചത്. മുന്‍വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങൡ  1.233 അന്താരാഷ്ട്ര സര്‍വീസുകള്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം 1.747 ആയി ഉയര്‍ന്നു. ആഭ്യന്തര മേഖലയില്‍ മുന്‍വര്‍ഷം ഇക്കാലയളവില്‍ 299 സര്‍വീസുകളുണ്ടായിരുന്നത് ഈ വര്‍ഷം 344 ആയി ഉയര്‍ന്നു. 18.6 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിലും കരിപ്പൂര്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയത്. മുന്‍ വര്‍ഷം ഏപ്രില്‍-മെയ് കാലത്ത് 1,87,493 പേരാണ് വിമാനത്താവളം ഉപയോഗിച്ചതെങ്കില്‍ ഈ വര്‍ഷം അത് 2,33,257 ആയി ഉയര്‍ന്നു. 24.4 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. കൊച്ചിയില്‍ 5.9 ശതമാനവും തിരുവനന്തപുരത്ത് .01 ശതമാനവുമാണ് വര്‍ധനയുണ്ടായത്.ചരക്കുനീക്കത്തിലും വിമാനത്താവളം വന്‍ കുതിപ്പു നടത്തി. 1,544 മെട്രിക് ടണ്‍ കാര്‍ഗോ ആണ് വിമാനത്താവളം വഴി ഗള്‍ഫിലേക്ക് കയറ്റിയയച്ചത്. മുന്‍ വര്‍ഷം ഇതേ കാലത്ത് 985 ടണ്‍ ചരക്ക് കൈകാര്യം ചെയ്ത സ്ഥാനത്താണിത്. 56.8 ശതമാനം വളര്‍ച്ചയാണ് കരിപ്പൂരിലുണ്ടായത്. എന്നാല്‍, കൊച്ചിയില്‍ എട്ടു ശതമാനവും തിരുവനന്തപുരത്ത് 5.1 ശതമാനവും വളര്‍ച്ചയാണ് രണ്ടുമാസത്തില്‍ രേഖപ്പെടുത്തിയത്.കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലായി വിമാനത്താവളം കനത്ത നഷ്ടത്തിലായിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 4.6 കോടി രൂപയായിരുന്നു വിമാനത്താവളത്തിന്റെ പ്രവര്‍ത്തന നഷ്ടം. വിമാന സര്‍വീസുകള്‍ വര്‍ധിച്ചതും കാര്‍ഗോ കയറ്റുമതി കൂടിയതും വരുമാനത്തില്‍ നേട്ടമുണ്ടാക്കാനാവും. എന്നാല്‍, കയറ്റുമതിയില്‍ കഴിഞ്ഞ മാസം മുതല്‍ പ്രാബല്യത്തില്‍ വന്ന 18 ശതമാനത്തിന്റെ നികുതിവര്‍ധന തിരിച്ചടിയാവുമോ എന്ന സന്ദേഹവും നിലനില്‍ക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക