|    Jul 22 Sun, 2018 4:36 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കരിന്തളം ഖനനം: സിപിഎമ്മില്‍ വിവാദം പുകയുന്നു

Published : 13th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കരിന്തളത്ത് നിര്‍ത്തിവച്ച ലാട്രൈറ്റ് ഖനനം പുനരാരംഭിക്കാന്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നടത്തുന്ന ശ്രമം സിപിഎമ്മില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നാട്ടുകാരുടെയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെയും നേതൃത്വത്തില്‍ ഇവിടെ സമരം നടത്തിയിരുന്നു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഒരു കാരണവശാലും കരിന്തളം ഖനനം അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമ്പോഴാണ് ഖനനം തുടരാന്‍ വ്യവസായമന്ത്രി ചര്‍ച്ച സംഘടിപ്പിച്ചത്. തൊഴിലാളിനേതാക്കളും സമരസമിതി നേതാക്കളും പഞ്ചായത്ത് ഭരണസമിതിയും പങ്കെടുത്ത യോഗത്തില്‍ കരിന്തളത്തിന്റെ വികസനത്തിനും പശുവളര്‍ത്തലിനും ജൈവവൈവിധ്യത്തിനും പ്രാധാന്യം നല്‍കാമെന്നു വാഗ്ദാനം നല്‍കിയിട്ടുണ്ട്.
എന്നാല്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തും സമരസമിതിയും ഖനനം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് മന്ത്രിയെ അറിയിക്കുകയായിരുന്നു. ജില്ലയില്‍നിന്നുള്ള സിപിഐയുടെ മന്ത്രി ഇ ചന്ദ്രശേഖരന്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി.
പരിസ്ഥിതിക്ക് കടുത്ത ആഘാതമേല്‍പ്പിക്കുന്ന ഖനനത്തെ അനുകൂലിക്കില്ലെന്ന് തിരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫ് വാഗ്ദാനവും നല്‍കിയിരുന്നു. എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റയുടനെ ഖനനപ്രശ്‌നത്തില്‍ ചര്‍ച്ച ആരംഭിച്ചതാണ് സിപിഎം പ്രവര്‍ത്തകരില്‍ കടുത്ത പ്രതിഷേധമുണ്ടാക്കിയത്.
കരിന്തളത്തിനടുത്ത് ഇതേ വില്ലേജില്‍പ്പെട്ട കടലാടിപ്പാറയില്‍ മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആശാപുര കമ്പനി 200 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തിരുന്നു. ഇവിടെ ബോക്‌സൈറ്റ് ഖനനം നടത്താനുള്ള നീക്കം നാട്ടുകാര്‍ സംരക്ഷണ സമിതി രൂപീകരിച്ച് തടഞ്ഞിരുന്നു.
എന്നാല്‍, എല്‍ഡിഎഫ് മന്ത്രിസഭ അധികാരമേറ്റയുടനെ ആശാപുര കമ്പനി പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും വ്യവസായമന്ത്രി ഇ പി ജയരാജനുമായും ഖനനകാര്യം ചര്‍ച്ചചെയ്തിരുന്നു. ഇവിടത്തെ പാരിസ്ഥിതിക ആഘാത പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കേണ്ട കാലാവധി ഈ മാസം അവസാനിക്കും.
പാരിസ്ഥിതിക ആഘാത പഠനം നടത്തി റിപോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഖനനാനുമതിയും റദ്ദാവും. കമ്പനിക്ക് അനുകൂലമായി സാഹചര്യം സൃഷ്ടിക്കാമെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നതായി കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.
കരിന്തളത്ത് ഖനനം ആരംഭിച്ചാല്‍ കടലാടിപ്പാറയില്‍ ഖനനം തുടങ്ങാന്‍ അനുമതി നല്‍കേണ്ട സാഹചര്യമുണ്ടാവും. അതുകൊണ്ടാണ് കരിന്തളം ഖനനം ചെയ്യുന്ന ക്ലേസ് ആന്റ് സിറാമിക്‌സ് കമ്പനി ലിമിറ്റഡിന്റെ തൊഴിലാളിപ്രശ്‌നം എടുത്തിട്ട് മന്ത്രി ചര്‍ച്ചയ്ക്ക് ജില്ലയിലെത്തിയതെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.
ജില്ലയില്‍ വ്യവസായം തുടങ്ങാന്‍ കാണിക്കുന്ന താല്‍പര്യത്തേക്കാള്‍ ഇവിടെയുള്ള ലാട്രൈറ്റും ബോക്‌സൈറ്റും ഖനനം ചെയ്യാന്‍ മന്ത്രി എന്തുകൊണ്ട് താല്‍പര്യമെടുക്കുന്നുവെന്നാണ് പാര്‍ട്ടിക്കുള്ളിലെ ചോദ്യം.
നിയമന വിവാദത്തിലായിട്ടും ഖനനത്തിന് അനുമതി തേടി ജില്ലയിലെത്തിയതാണ് ഇപ്പോഴത്തെ വിവാദത്തിനു കാരണമായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss