|    May 27 Sat, 2017 9:25 pm
FLASH NEWS

കരിനിലയിലെ കര്‍ഷകരുടെ പരിഹാരം കടലാസിലൊതുങ്ങി

Published : 19th October 2016 | Posted By: Abbasali tf

അമ്പലപ്പുഴ: രണ്ട് മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയിട്ടും കരിനില മേഖലയിലെ കര്‍ഷകരുടെ പരിഹാരം കടലാസിലൊതുങ്ങി. ഇലപ്പുള്ളി രോഗം ബാധിച്ച് പുറക്കാട് കരിനില മേഖലയില്‍ 1200ഓളം ഏക്കര്‍ കൃഷി ഭൂമയിലെ നെല്ലാണ് കരിഞ്ഞുണങ്ങിയത്. കര്‍ഷകരുടെയും കര്‍ഷക സംഘടനകളുടെയും പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവശങ്ങളിലായി മന്ത്രിമാരായ ജി സുധാകരനും വി എസ് സുനില്‍കുമാറും കരിനില മേഖലയിലെ കൃഷിനാശം നേരിട്ട് വിലയിരുത്തിയതാണ്. ഇതിനു ശേഷം ഇരുമന്ത്രിമാരും കൃഷിവകുപ്പില്‍ നിന്ന് ഇതു സംബന്ധിച്ച റിപോര്‍ട്ടും തേടിയിരുന്നു. ഈ റിപോര്‍ട്ട് കഴിഞ്ഞ വ്യാഴാഴ്ച കൂടിയ മന്ത്രിസഭാ യോഗത്തിലും അവതരിപ്പിച്ചിരുന്നു. ഏക്കറിന് 35,000 രൂപാവീതം നഷ്ടപരിഹാരം നല്‍കണമെന്നാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ നല്‍കിയ റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിനു ശേഷം ഇതു സംബന്ധിച്ച് പഠിക്കാനായി മന്ത്രി ജി സുധാകരന്‍, കൃഷി, റവന്യു, ധനകാര്യവകുപ്പ് മന്ത്രിമാര്‍ എന്നിവരടങ്ങിയ ഒരു ഉപസമിതിയും സര്‍ക്കാര്‍ നിയോഗിച്ചു. എന്നാല്‍ നഷ്ട പരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും ഏക്കറിന് എത്രരൂപാ വീതം നഷ്ട പരിഹാരം നല്‍കണമെന്നതിനെ കുറിച്ച് ഇതുവരെ ധാരണയായിട്ടില്ല. ധനകാര്യ വകുപ്പ് സെക്രട്ടറി ഇതില്‍ അനുകൂല തീരുമാനം കൈക്കൊള്ളാത്തതാണ് നഷ്ടപരിഹാരം പ്രഖ്യാപിക്കാന്‍ തടസ്സമായി നില്‍ക്കുന്നത് എന്നാണ് സൂചന. ഏക്കറിന് 5000 രൂപാവീതം നഷ്ടപരിഹാരം ലഭിക്കണെന്നാണ് കര്‍ഷകരുടെ ആവശ്യം. കൃഷിനാശം വിലയിരുത്താനെത്തിയ മന്ത്രിമാരോടും കര്‍ഷകരും കര്‍ഷക സംഘനടകളും ഈ ആവശ്യമുന്നയിച്ചിരുന്നു. കരിനിലങ്ങളിലെ അഞ്ചു പാടശേഖരങ്ങളിലായി 1200ഓളം ഏക്കര്‍ കൃഷി ഇലപ്പുള്ളി രോഗബാധയാല്‍ നശിച്ചതോടെ മൂന്നു കോടിയില്‍പ്പരം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കൃഷിവകുപ്പിനെ അറിയിച്ചിരിക്കുന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത നെല്ല് സിവില്‍ സപ്ലൈസിനെ കൊണ്ട് കാലിത്തീറ്റ ആവശ്യത്തിനായി എടുപ്പിക്കുമെന്ന മന്ത്രിമാരുടെ പ്രഖ്യാപനത്തിലും ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും മക്കളുടെ പഠനാവശ്യത്തിനുമൊക്കെയായിട്ടുള്ള പണം ഈ വിളവെടുപ്പില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവിടുത്തെ നെല്‍കര്‍ഷകര്‍. എന്നാല്‍ കര്‍ഷകരുടെ മനസില്‍ ഇടിത്തീയേകിയാണ് ഇലപ്പുള്ളി രോഗം പടര്‍ന്നത്. കൊയ്യാന്‍ ദിവസങ്ങള്‍ പ്രായമായ നെല്ലാണു മഴയില്ലാതിരുന്നതിനെ തുടര്‍ന്ന് നശിച്ചത്. കുട്ടനാട്ടില്‍ മുഞ്ഞ ബാധിച്ച് കൃഷി നശിച്ചതിനേക്കാള്‍ നഷ്ടമാണ് കരിനില മേഖലയില്‍ സംഭവിച്ചതെന്നു കൃഷിമന്ത്രി തന്നെ പറഞ്ഞിരുന്നു. എന്നിട്ടും ഇവര്‍ക്കുള്ള നഷ്ടപരിഹാര പ്രഖ്യാപനം ഇനിയും വൈകുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day