|    Nov 22 Thu, 2018 1:24 am
FLASH NEWS

കരിഞ്ചോല നിവാസികള്‍ ദുരിതപര്‍വത്തില്‍തന്നെ

Published : 31st August 2018 | Posted By: kasim kzm

പി കെ സി മുഹമ്മദ്

താമരശ്ശേരി: ഉരുള്‍പൊട്ടലില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട് വാടക വീട്ടില്‍ കഴിയുന്നവര്‍ക്ക് മാനസിക പീഡനവും. കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട് വാടക വീട്ടില്‍ താമസമാക്കിയവര്‍ക്കാണ് മാനഹാനിയും നേരിടേണ്ടിവരുന്നത്.
കഴിഞ്ഞ ജൂണ്‍ 14നുണ്ടായ കരിഞ്ചോല ഉരുള്‍പൊട്ടലില്‍ 14 വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടതിനു പുറമെ വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ടിരുന്നു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താല്‍ക്കാലിക താമസത്തിനായി ക്യാംപുകളില്‍ നിന്നും ഒഴിവാക്കി വാടക വീട് എടുത്തു നല്‍കിയിരുന്നു. ഇങ്ങനെ വാടക വീട് എടുത്തതിന്റെ വാടക ഇനത്തിലുള്ള പണം നല്‍കാത്തതാണ് താമസക്കാരെ മാനസികമായി അലട്ടുന്ന പ്രശ്‌നം. വീട്ടുടമകള്‍ വാടക ലഭിക്കാത്തതിനെ തുടര്‍ന്ന് താമസക്കാരായ ഇരകളോട് വാടകക്കാര്യങ്ങള്‍ സംസാരിക്കുന്നത് പലര്‍ക്കും ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി പരാതി ഉയരുന്നു. ഗ്രാമപ്പഞ്ചായത്തും റവന്യുവകുപ്പും കണ്ടെത്തി തരപ്പെടുത്തിയ വാടക വീടുകള്‍ക്കാണ് രണ്ട് മാസമായിട്ടും വാടക ലഭിക്കാത്തതിനാല്‍ ഉടമകള്‍ താമസക്കാരോട് പണം ആവശ്യപ്പെട്ടത്.
ഇതിനു പുറമെ നിലവിലെ മാനദണ്ഡപ്രകാരം സഹായം ലഭിക്കുകയോ നഷ്ടപരിഹാരത്തിനു പ്രത്യേക പാക്കേജ് നല്‍കുകയോ ചെയ്തിട്ടില്ലെന്നും ഇരകള്‍ പരാതിപ്പെടുന്നു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപയും സഹായം നല്‍കിയതൊഴിച്ചാല്‍ മറ്റ് യാതൊരു നടപടിയും ഈ പ്രദേശത്തില്‍ ഉണ്ടായിട്ടില്ല. ഇരുപതോളം പേരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കുംനഷ്ടപരിഹാരം ലഭ്യമാക്കിയിട്ടില്ല.
67 ഏക്കറോളം കൃഷി ഭൂമി നശിച്ച കര്‍ഷകര്‍ക്ക് ഒരു രൂപ പോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നുമാത്രമല്ല അവര്‍ക്ക് മുന്നില്‍ ജീവിതമാര്‍ഗം വലിയ ചോദ്യ ചിഹ്നമായി മാറുകയും ചെയ്തു. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വാടകക്ക് വീട് എടുത്തുകൊടുത്തതെന്നും ഇതിനിടയില്‍ താലൂക്കില്‍ വിവധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലും മഴക്കെടുതിയും ഉണ്ടാവുകയും ചെയ്തു. ഇതോടെ ഈ പ്രശ്‌നത്തിന്റെ തത്രപ്പാടിലായിരുന്നു ജില്ലാ ഭരണകൂടവും റവന്യു വകുപ്പുമെന്നും എത്രയും പെട്ടന്ന് പിരശ്‌നം പരിഹരിക്കുമെന്നും തഹസിദാര്‍ മുഹമ്മദ് റഫീഖ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss