|    Oct 23 Mon, 2017 12:34 am
Home   >  Todays Paper  >  page 12  >  

കരിഞ്ചാപ്പാടിയില്‍ വിസ്മയക്കാഴ്ച ഒരുക്കി സൂര്യകാന്തി

Published : 11th August 2017 | Posted By: fsq

 

നഹാസ്  എം  നിസ്താര്‍

പെരിന്തല്‍മണ്ണ: സൂര്യകാന്തിയുടെ വിസ്മയക്കാഴ്ച കാണാന്‍ ഇനി സംസ്ഥാന അതിര്‍ത്തി കടന്ന് ഗുണ്ടല്‍പേട്ടയിലൊന്നും പോവേണ്ട. മലപ്പുറം ജില്ലയിലെ കുറുവ കരിഞ്ചാപ്പാടി പൊരുന്നംപറമ്പിലെത്തിയാല്‍ മതി. ജില്ലയിലെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ കരുവള്ളി അമീര്‍ ബാബുവാണ് പുതിയ കൃഷി പരീക്ഷണമായി സൂര്യകാന്തി വിളയിച്ചത്. കണിവെള്ളരിക്ക് പ്രശസ്തമായ കരിഞ്ചാപ്പാടിയിലെ അര ഏക്കര്‍ പാടശേഖരത്താണ് കണ്ണിനു കുളിര്‍മയേകി സൂര്യകാന്തി പൂത്തുലഞ്ഞത്. കലര്‍പ്പില്ലാത്ത സൂര്യകാന്തി എണ്ണ നാട്ടുകാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അമീര്‍ ബാബു പറയുന്നു. ഗുണ്ടല്‍േപട്ടിലെ മില്ലിലെത്തിച്ച് എണ്ണയാക്കാനാണ് ഉദ്ദേശിക്കുന്നത്. നാരുകള്‍ കൂടുതലുള്ളതുകൊണ്ട് പേപ്പര്‍നിര്‍മാണത്തിനും കാലിത്തീറ്റ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കുന്നുണ്ട്. അമേരിക്കയില്‍നിന്ന് വിരുന്നെത്തിയ സൂര്യകാന്തി കേരളത്തില്‍ അപൂര്‍വമാണ്. ‘ആസ്റ്ററാസീയേ’ എന്ന സസ്യകുടുംബത്തില്‍പ്പെട്ടതാണിത്. വര്‍ഷത്തില്‍ ഒരുതവണയാണ് പൂവിടുന്നത്. കൊഴുപ്പില്ലാത്ത എണ്ണയായതിനാല്‍ സൂര്യകാന്തി എണ്ണ പാചകത്തിനായി ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ഒന്നുരണ്ടു വര്‍ഷമായി ജില്ലയിലെ തന്നെ പുലാമന്തോള്‍ പാലൂരിലും സമീപപ്രദേശമായ വടക്ക ന്‍ പാലൂരിലും വിജയകരമായി സൂര്യകാന്തി കൃഷിചെയ്തിരുന്നു. കരിഞ്ചാപ്പാടി സൂര്യകാന്തി ചെടികള്‍ക്ക് കൂടി വളക്കൂറുള്ള മണ്ണായി മാറിയത് നാട്ടുകാര്‍ക്ക് ആഹ്ലാദം പകരുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക