|    Jan 23 Mon, 2017 8:01 am
FLASH NEWS

കരിഞ്ചന്ത തടയാന്‍ നിരീക്ഷണം ഊര്‍ജിതമാക്കും: മന്ത്രി

Published : 2nd July 2016 | Posted By: SMR

മലപ്പുറം: പൊതുവിപണിയില്‍ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും സൂക്ഷ്മമായി പരിശോധിക്കുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍. മലപ്പുറം ടൗണ്‍ഹാളില്‍ റമദാന്‍ മെട്രോ ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മില്ലുടമകള്‍ക്കും കരിഞ്ചന്ത കച്ചവടക്കാര്‍ക്കും കേരളീയരുടെ ജീവിതം പന്താടാന്‍ അനുവദിക്കിലെന്ന് മന്ത്രി പറഞ്ഞു.
ആന്ധ്രയില്‍നിന്നു വരുന്ന ജയ അരിക്ക് അഞ്ചു രൂപവരെ കൂട്ടി കൃത്രിമക്ഷാമം ഉണ്ടാക്കാന്‍ ചില ഇടനിലക്കാര്‍ ശ്രമിച്ചിരുന്നു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഒരുമാസത്തിനകം നടപടി സ്വീകരിച്ചതിനാല്‍ വിലനിയന്ത്രിക്കുന്നതിന് സാധിച്ചു. സംസ്ഥാനത്തെ അരിമൊത്ത കച്ചവടക്കാര്‍ സര്‍ക്കാരുമായി ഇക്കാര്യത്തില്‍ സഹകരിച്ചിരുന്നു.പൂഴ്ത്തിവയ്പ്പ് നടത്തി വിപണിയില്‍ കൃത്രിമക്ഷാമം ഉണ്ടാക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുട്ടുമടക്കില്ലെന്നും മന്ത്രി ഓര്‍മിപ്പിച്ചു. അരി ഉള്‍പ്പെടെ പതിമൂന്ന് അവശ്യസാധനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് വില വര്‍ധിപ്പിക്കില്ലെന്ന് മന്ത്രി ഉറപ്പു നല്‍കി. സപ്ലൈകോയെ നവീകരിച്ച് മരുന്നുകള്‍ അടക്കമുള്ള കൂടുതല്‍ ഉല്‍പന്നങ്ങള്‍ 1,500 സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. സര്‍ക്കാര്‍ ഏറ്റെടുത്ത വലിയ ചുമതല നടപ്പാക്കുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. 20 മുതല്‍ 62 ശതമാനം വരെയാണ് സബ്‌സിഡിയോടെ ഉല്‍പന്നങ്ങള്‍ ലഭിക്കുക.
സബ്‌സിഡി ഇല്ലാത്തവക്കും 20 മുതല്‍ 30 ശതമാനം വരെ വിലക്കുറവുണ്ട്. ഇത്തരം ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ വാങ്ങിച്ച് പൊതുജനങ്ങളും സപ്ലൈകോയുമായി സഹകരിക്കണമെന്ന് മന്ത്രി അറിയിച്ചു. പാപ്പിനിപ്പാറ, വാലഞ്ചേരി എന്നിവടിങ്ങളില്‍ മാവേലി സ്റ്റോറുകള്‍ ആരംഭിക്കണമെന്നും കൂടുതല്‍ മാവേലി സറ്റോറുകളും ഉല്‍പന്നങ്ങളും ലഭ്യമാക്കണമെന്നും പരിപാടിയില്‍ അധ്യക്ഷനായ പി ഉബൈദുല്ല എംഎല്‍എ ആവശ്യപ്പെട്ടു. മലപ്പുറം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സലീന റസാക്കിന് ഉല്‍പന്നങ്ങള്‍ കൈമാറി മന്ത്രി ആദ്യ വില്‍പന നടത്തി. സപ്ലൈകോ ചെയര്‍മാന്‍ ആന്റ് മാേനജിങ് ഡയറക്ടര്‍ ഡോ. ആഷാ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍, മുനിസിപ്പല്‍ ചെയര്‍പോഴ്‌സന്‍ സി എച്ച് ജമീല, ജില്ലാ സപ്ലൈ ഓഫിസര്‍ നോബര്‍ട്ട്, വാര്‍ഡ് കൗണ്‍സിലര്‍ സലീന റസാഖ്, സപ്ലൈകോ റീജ്യനല്‍ മാനേജര്‍ ജയ്‌സണ്‍ ജേക്കബ്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക