|    Dec 15 Sat, 2018 1:52 am
FLASH NEWS
Home   >  Todays Paper  >  page 12  >  

‘കരിഞ്ചന്തയില്‍ അരി വിറ്റുകിട്ടിയ പണം കൂലിപ്പണിക്കാര്‍ക്ക് വിതരണം ചെയ്യണം’

Published : 14th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഫുഡ് കോ ര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കഴക്കൂട്ടം ഗോഡൗണില്‍ നിന്ന് വ്യാജ രേഖകള്‍ ഉപയോഗിച്ച് 371.47 മെട്രിക് ടണ്‍ റേഷനരി കടത്തിയ കേസില്‍ അരി കരിഞ്ചന്തയില്‍ വിറ്റുകിട്ടിയ 1.25 ലക്ഷം രൂപ കൂലിപ്പണിക്കാര്‍ക്ക് വിതരണം ചെയ്യണമെന്ന് സിബിഐ. കേന്ദ്രസര്‍ക്കാരിന്റെ ‘ജോലിക്ക് കൂലി ഭക്ഷണം’ പദ്ധതിയില്‍ അഴിമതി നടത്തിയാണ് റേഷനരി കടത്തിയത്. എന്നാല്‍, പണം തന്റേതല്ലെന്നും അവകാശികളില്ലാത്ത പണം ക്രിമിനല്‍നടപടിക്രമത്തിലെ വകുപ്പ് 458 പ്രകാരം സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടണമെന്നും പ്രതിഭാഗം മറുവാദമുന്നയിച്ചു. കേസില്‍ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി ജെ നാസര്‍ നാളെ വിധി പ്രഖ്യാപിക്കും. ഒരുനേരത്തെ അന്നത്തിനു വേണ്ടി വിയര്‍പ്പൊഴുക്കി പണിയെടുത്തവരുടെ അന്നം കൊള്ളയടിച്ചവര്‍ക്ക് നല്ലനടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്ന് സിബിഐ വാദിച്ചു.
പ്രതികളായ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ ഗ്രാമപ്പഞ്ചായത്ത് വെണ്ണിയൂര്‍ വാര്‍ഡ് മുന്‍ മെംബറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ എസ് ഭുവനചന്ദ്രന്‍, വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാ ന്റിങ് കമ്മിറ്റി ചെയര്‍മാനുമായ എസ് ജയചന്ദ്രന്‍, അരിക്കടത്തുകാരായ പെരിങ്ങമ്മല കല്ലുവിള പാലറത്തല വീട്ടില്‍ കറുപ്പായി മോഹനന്‍ എന്ന വി മോഹനന്‍, കരിച്ചല്‍ പ്ലാവിള കിഴക്കരികത്ത് പുത്തന്‍വീട്ടില്‍ ജി പത്മകുമാര്‍ തുടങ്ങിയവരെയാണ് സിബിഐ കോടതിയില്‍ വിചാരണ ചെയ്തത്. സിബിഐ കുറ്റപത്രത്തില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മറ്റു മൂന്നു പ്രതികള്‍ വിചാരണയ്ക്കിടെ മരിച്ചു. അതേസമയം, പ്രതിപ്പട്ടികയിലുണ്ടായിരുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ഭദ്രന്‍, ബി വസുന്ധരന്‍, കെ മോഹന്‍ദാസ് എന്നിവരെക്കൊണ്ട് രഹസ്യമൊഴി കൊടുപ്പിച്ചശേഷം സിബിഐ അപേക്ഷപ്രകാരം കോടതി അവര്‍ക്ക് മാപ്പു നല്‍കി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
2007 മെയ് 15 മുതല്‍ 27 വരെയുള്ള ദിനങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 60 ശതമാനം അരി, 40 ശതമാനം കൂലി എന്ന എസ്ജിആര്‍വൈ പദ്ധതിപ്രകാരം പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യേണ്ട അരി വ്യാജ റിലീസ് ഓര്‍ഡറുകള്‍ തയ്യാറാക്കി പഞ്ചായത്തിന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി എഫ്‌സിഐയുടെ കഴക്കൂട്ടം ഗോഡൗണില്‍ നിന്ന് കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കാതെ വന്നപ്പോള്‍ പഞ്ചായത്ത് സെക്രട്ടറി എഫ്‌സിഐയില്‍ തിരക്കിയപ്പോഴാണ് അരി കടത്തിയ വിവരം അറിഞ്ഞത്. സെക്രട്ടറിയുടെ പരാതിയില്‍ വിഴിഞ്ഞം പോലിസ് കേസെടുത്തെങ്കിലും രാഷ്ട്രീയസ്വാധീനത്താല്‍ ഉന്നതരെ ഒഴിവാക്കി അന്വേഷണം അട്ടിമറിച്ചു. ഇതിനെതിരേ സ്ഥലവാസികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ജസ്റ്റിസ് ആര്‍ ബസന്താണ് 2008 ഫെബ്രുവരി 12ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
തിരുവനന്തപുരം സിബിഐ യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍ നായരാണ് പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി 2009 ഏപ്രില്‍ 8ന് കുറ്റപത്രം കോടതിയില്‍ ഹാജരാക്കിയത്. 92 പേരടങ്ങുന്ന സാക്ഷിപ്പട്ടികയോടൊപ്പം 383 പ്രാമാണിക തെളിവുകളും കോടതിയില്‍ ഹാജരാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss