|    Oct 23 Tue, 2018 12:41 pm
FLASH NEWS

കരിങ്ങാലി, മാവര പുഞ്ചകളില്‍ കൃഷിയിറക്കുന്നതിന് 9.5 കോടി : മന്ത്രി

Published : 11th September 2017 | Posted By: fsq

 

പന്തളം: അടൂര്‍, മാവേലിക്കര മണ്ഡലങ്ങളിലായി സ്ഥിതി ചെയ്യുന്ന 2500 ഏക്കറോളം വരുന്ന കരിങ്ങാലി, മാവര പുഞ്ചകളില്‍ കൃഷിയിറക്കുന്നതിന് 9.5 കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. കരിങ്ങാലി നെല്‍കൃഷി പുനരുജ്ജീവന പദ്ധതിയുടെ ഉദ്ഘാടനം പന്തളത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്കായി ചെലവഴിക്കേണ്ട 4.5 കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ബാക്കി അഞ്ച് കോടി രൂപയുടെ ഭരണാനുമതി ഈ മാസം തന്നെ നല്‍കും. നവംബര്‍ 20ന് മുമ്പ്് കരിങ്ങാലി, മാവര പുഞ്ചകളില്‍ കൃഷിയിറക്കുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു. നെല്‍കൃഷി പുനരുജ്ജീവനം സംസ്ഥാന  സര്‍ക്കാരിന്റെ ഒരു സ്വപ്‌ന പദ്ധതിയായതിനാല്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൃഷി മന്ത്രി എന്ന നിലയില്‍ നേരിട്ട് വിലയിരുത്തുമെന്നും എവിടെയെങ്കിലും വകുപ്പുകളുടെ ഏകോപനമില്ലായ്മ ഉണ്ടായാല്‍ അത് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തക്കതായ കാരണമില്ലാതെ സംസ്ഥാനത്ത് ഭൂമി തരിശിട്ടാല്‍ അവിടെ സന്നദ്ധ സംഘടനകളെ കൊണ്ടോ, കുടുംബശ്രീയെക്കൊണ്ടോ കൃഷി ചെയ്യിപ്പിക്കുന്നതിനുള്ള നിയമഭേദഗതി കൊണ്ടുവരും. ഭൂമിയുടെ യഥാര്‍ഥ ഉടമസ്ഥരുടെ അവകാശം അവരില്‍ തന്നെ നിലനിര്‍ത്തി, കൃഷിയിറക്കുന്നതിന്റെ ലാഭവിഹിതം അവര്‍ക്ക് കൂടി ലഭിക്കത്തക്കവിധമായിരിക്കും നിയമനിര്‍മാണം നടത്തുക. കേരളത്തെ തരിശുരഹിത  സംസ്ഥാനമാക്കുന്നതിനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ നെല്‍പാടങ്ങളെ കതിരണിയിക്കുക എന്നതിലൂടെ രണ്ട് ലക്ഷ്യങ്ങളാണ് സര്‍ക്കാര്‍ മുന്നില്‍ കാണുന്നത്. ഒന്നാമതായി അരിക്കുവേണ്ടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന അവസ്ഥ  കുറയ്ക്കുക. രണ്ടാമതായി ഭൂജലത്തിന്റെ അളവ് വര്‍ധിപ്പിച്ച് സംസ്ഥാനം നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുക.  നെല്‍വയല്‍ നികത്തുന്നവര്‍ക്കെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായ നിലപാടെടുക്കണം. ഉദ്യോഗസ്ഥര്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ തയാറാകണം. പ്രകൃതി മൂലധനത്തിന്റെ സംരക്ഷണം വരുംതലമുറയ്ക്കുവേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കരിങ്ങാലി, മാവര പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നത് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കൃഷി പുനരുജ്ജീവനത്തിന് മുതല്‍കൂട്ടാകുമെന്ന് പദ്ധതി രേഖ മന്ത്രിക്ക് സമര്‍പ്പിച്ച് സംസാരിച്ച ആര്‍ രാജേഷ് എംഎല്‍എ പറഞ്ഞു. പന്തളം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി കെ സതി, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ തങ്കമ്മ ടീച്ചര്‍, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, സ്വാഗതസംഘം ചെയര്‍മാന്‍ എ പി ജയന്‍, കൃഷി  വകുപ്പ് ഡയറക്ടര്‍ എ എം സുനില്‍കുമാര്‍, മുന്‍ എംഎല്‍എ പി കെ കുമാരന്‍, കൃഷി വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി കെ സജിത, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരായ ഷൈല ജോസഫ്, ജെ പ്രേംകുമാര്‍, കരിങ്ങാലി പുഞ്ച നോഡല്‍ ഓഫീസര്‍ കെ എം ശോശാമ്മ  പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss