|    Aug 19 Sat, 2017 12:52 pm
FLASH NEWS

കരിങ്ങാലി പുഞ്ച കതിരണിയും; പദ്ധതിയില്‍ 28 പാടശേഖരങ്ങള്‍

Published : 3rd August 2017 | Posted By: fsq

 

പന്തളം: മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ പാടശേഖരമായ കരിങ്ങാലി പുഞ്ചയെ കതിരണിയിക്കാന്‍ കൃഷിവകുപ്പ് സമഗ്ര പദ്ധതി തയ്യാറാക്കി. കൃഷി, തദ്ദേശ ഭരണം, ജലസേചന വകുപ്പുകള്‍, പിഎംകെഎസ് വൈ എന്നിവയുടെ ഫണ്ടുകള്‍ ഏകോപിപ്പിച്ച് കൃഷി വികസനത്തിനുള്ള സമഗ്ര പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പാടശേഖരവും പന്തളം ബ്ലോക്കിലെ മാവരപുഞ്ചയും ചേര്‍ന്നതാണ് കരിങ്ങാലി പാടശേഖര പദ്ധതി. രണ്ടായിരത്തി അഞ്ഞൂറ് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കരിങ്ങാലി,              മാവര പുഞ്ചകളില്‍ 667 ഏക്കറില്‍ മാത്രമാണ് നിലവില്‍ കൃഷിയുള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം തരിശു കിടക്കുന്ന പാടശേഖരങ്ങള്‍ കൃഷി യോഗ്യമാക്കി കൃഷി ആരംഭിക്കുന്നതിനും കൃഷി തുടരുന്ന പാടശേഖരങ്ങളിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനുമുള്ള വിപുലമായ കര്‍മ പദ്ധതിയാണ് നടപ്പാക്കുക. മഞ്ഞനാംകുളം, ഇയ്യാംകോട്, ചെറുമുടി, വാളവത്തിനാല്‍, നെല്ലിക്കല്‍, മേലേമൂപ്പത്തി, ഇടയിലെ കൊല്ല, കിളിവള്ളൂര്‍, മണത്തറ കണ്ടംചാത്തന്‍, ശാസ്താംപടി, പുതുവാക്കല്‍, വാരുകൊല്ല, വലിയ കൊല്ല, ചിറ്റിലപാടം, ആമ്പാടകം, കാരിയോട്കരയമുട്ടം, പള്ളിമുക്കം തെക്ക്, ചാലു കൊല്ല ഏല, നൂറുകോടി, കീഴില്‍ തോണ്ടുകണ്ടം, കുതിരകെട്ടുംതടം, കരിങ്ങാലിചാല്‍, വിളയില്‍ കടവ്, ചൂരക്കാവിനാല്‍, മാവര, നെടുങ്ങോട്ട് ചാല്‍ പാടശേഖരങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. എംഎല്‍എമാരായ ചിറ്റയം ഗോപകുമാര്‍, ആര്‍ രാജേഷ്, നോഡല്‍ ഓഫിസറും കൃഷി ഡെപ്യൂട്ടി ഡയറക്ടറുമായ കെ എം ശോശാമ്മ എന്നിവരുടെ നേതൃത്വത്തില്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും ചെയ്ത ശേഷമാണ് പദ്ധതി തയ്യാറാക്കിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക