|    Nov 18 Sat, 2017 9:58 am

കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കണം: വിജിലന്‍സ് കോടതി

Published : 8th November 2016 | Posted By: SMR

മൂവാറ്റുപുഴ: തിരുവാണിയൂര്‍ പഴുക്കാമുറ്റത്തെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവായി. എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയോട് അന്വേഷിക്കാനാണ് വിജിലന്‍സ് ജഡ്ജി പി മാധവന്‍ ഉത്തരവായിട്ടുള്ളത്. തിരുവാണിയൂര്‍ പഞ്ചായത്ത് സെക്രട്ടറി വല്‍സ ജോര്‍ജ്, പഞ്ചായത്തംഗം കൊച്ചുറാണി, മറിയം ഇന്‍ഡസ്ട്രീസ് ഉടമ സജി കെ ഏലിയാസ്, എറണാകുളം ജിയോളജിസ്റ്റ് മനുലാല്‍ പി റാം എന്നിവര്‍ക്കെതിരേയാണ് അന്വേഷം നടത്തുന്നത്. തിരുവാങ്കുളം വീപ്പനാത്ത് ഷിജു വി പൗലോസാണ് ഹര്‍ജിക്കാരന്‍. പാറമടയുടെ പ്രവര്‍ത്തനംമൂലം ധാതുഖനനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിലേക്ക് റോയല്‍റ്റി അടക്കാതെ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയിട്ടുള്ളതായും ജിയോളജിസ്റ്റ് പാറമട ഉദ്യോഗസ്ഥനില്‍നിന്നും കൈക്കൂലി വാങ്ങിയിട്ടുള്ളതായും ഹര്‍ജിയില്‍ ആരോപണമുണ്ട്. പാരിസ്ഥിതികാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ കേസ് നല്‍കുകയും  ക്വാറിയുടെ പ്രവര്‍ത്തനം ഹൈക്കോടതി തടയുകയും ചെയ്തിരുന്നു. വീണ്ടും ക്വാറി തുടങ്ങാന്‍ ക്വാറിക്ക് ഡി ആന്റ് ഒ ലൈസന്‍സ് ലഭിക്കാന്‍ ഹൈക്കോടതി വിധി പ്രകാരം പാരിസ്ഥിതികാനുമതി ആവശ്യമാണ്. ഉടമയില്‍നിന്നും അപേക്ഷ വാങ്ങി 30 ദിവസം കഴിയുമ്പോള്‍ ഡീംസ് ലൈസന്‍സ് ലഭിക്കാന്‍ പഞ്ചായത്ത് ഭരണം നടത്താന്‍ കൂട്ടുനിന്നുവെന്നാണ് ഹരജിക്കാരന്റെ ആരോപണം. പ്രതികളുടെ പ്രവര്‍ത്തി അഴിമതിയും പൊതുഖജനാവിന് നഷ്ടം വരുത്തുന്നതുമാണെന്ന് ഹരജിയില്‍ പറയുന്നുണ്ട്. 30 ലക്ഷം ടണ്‍ കരിങ്കല്ലും നാലു ലക്ഷം ടണ്‍ മണ്ണും ഇതുവരെ സ്ഥലത്തുനിന്നും അനധികൃതമായി നീക്കംചെയ്തതുമൂലം റോയല്‍റ്റി ഇനത്തില്‍ വന്‍ നഷ്ടം  സര്‍ക്കാരിന് ഉണ്ടായിട്ടുണ്ട്. ഡിസംബര്‍ 28നകം അന്വേഷിച്ച് റിപോര്‍ട്ട് നല്‍കാനാണ് കോടതിയുടെ നിര്‍ദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക