|    Oct 19 Fri, 2018 2:16 pm
FLASH NEWS

കരിങ്കല്‍ ക്വാറിക്ക് അനുമതി; പ്രതിഷേധവുമായി നാട്ടുകാര്‍

Published : 1st January 2018 | Posted By: kasim kzm

പട്ടാമ്പി: ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപം ക്വാറിയും മെറ്റ ക്രഷര്‍ യൂനിറ്റും തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ രംഗത്ത്. മുതുതല പഞ്ചായത് ഒന്നാം വാര്‍ഡിലെ കാരക്കുത്തങ്ങാടിയിലുള്ള കോല്‍ക്കുന്നില്‍ വാട്ടര്‍ അതോറിറ്റിയുടെ മേജര്‍ കുടിവെള്ള പദ്ധതിയുടെ ടാങ്ക് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്ന് കേവലം നൂറു മീറ്റര്‍ മാറിയാണ് കരിങ്കല്‍ ക്വാറിയും, മെറ്റല്‍, എംസാന്‍ഡ് ക്രഷറിനും അനുമതി തേടിയിരിക്കുന്നത്.
ഉദ്യോഗസ്ഥരെ വിലക്കെടുത്തും ചട്ടങ്ങള്‍ പാലിക്കാതെയും ക്വാറി മാഫിയ പ്രദേശത്തു ക്വാറി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ മുപ്പതടി ഉയരത്തില്‍ കോണ്‍ക്രീറ്റ് തൂണുകളില്‍  തീര്‍ത്ത ജല സംഭരണിയില്‍ നിന്നാണ് കാരക്കുത്ത്, വടക്കുമുറി, നാലങ്ങാടി, ആണ്ടാത്, വൈദ്യശാല, മുതുതല എന്നീ ഭാഗങ്ങളിലെ 3000ത്തോളം വരുന്ന ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇതിന് സമീപമാണ് കരിങ്കല്‍ ക്വാറിക്കുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്.
മാത്രവുമല്ല നിര്‍ദിഷ്ട പദ്ധതിയുടെ മൂന്നു വശങ്ങളിലായി 150ഓളം കുടുംബങ്ങള്‍ തിങ്ങി താമസിക്കുന്നുണ്ട്.
സമീപത്തായി കാരക്കുത്തങ്ങാടി വിവിഎയുപി സ്‌കൂള്‍, മദ്‌റസ, ജുമാ മസ്ജിദ് എന്നിവയുമുണ്ട്. ഇതിനോട് തൊട്ടടുത്തായി മുന്നൂറോളം വരുന്ന പരിസര വാസികള്‍ക്ക് കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ആശ്രയിക്കുന്ന കാരക്കുളവുമുണ്ട്. ക്വാറി പ്രവര്‍ത്തനം തുടങ്ങുന്നതോടെ കുളവും ജലസംഭരണിയും നാശോന്മുഖമാവും. ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ക്വാറി ഖനനം കാരണം പാറ കഷണങ്ങളും മറ്റും തെറിച്ചുള്ള അപകടങ്ങള്‍ക്കുമിടയാക്കും.
ജനങ്ങളുടെ കുടിവെള്ളത്തില്‍ കരിങ്കല്‍ മാലിന്യം കലരവാനും ക്വാറിയുടെ പ്രവര്‍ത്തനം ഇടയാക്കും. ജല സംഭരിണിക്ക് ഭീഷണിയുള്ളതുകൊണ്ടും സമീപത്തെ ജനങ്ങളുടെയും കുരുന്നുമക്കളുടേയും  ജീവനും സ്വത്തിനും ഭീഷണി ആയതിനാലും അധികാരികള്‍ ഭൂമാഫിയയുടെ താല്‍പര്യത്തിന്  കൂട്ടു നില്‍ക്കാതെ ക്വാറിക്ക് അനുമതി നല്‍കുന്നതില്‍ നിന്ന് പിന്മാറണമെന്ന് പ്രദേശ വാസികള്‍ ആവശ്യപ്പെട്ടു.
ക്വാറിക്കെതിരെ നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ആക്്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ചെയര്‍മാനായി വി ഇബ്രാഹിം, കണ്‍വീനര്‍ കെ ഷമീര്‍, ട്രഷറര്‍ മൊയ്തുഹാജി. എന്നിവരെയും കമ്മറ്റി അംഗങ്ങളായി കെ ജലാല്‍, വി ഉസ്മാന്‍, കെ നാസര്‍, വി ഉമര്‍, വി റാഷിദ്, വി സൈതലവി. എന്നിവരെയും രക്ഷാധികാരികളായി കെ എം മുഹമ്മദ് (മുസ്്‌ലിം ലീഗ്), എം. സുധാകരന്‍. (സിപിഎം), വി ഷൗക്കത്ത് (എസ്ഡിപിഐ), കെ രൂപേഷ് (പതിനഞ്ചാം വാര്‍ഡ് മെംബര്‍) എന്നിവരെയും തിരഞ്ഞെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss