|    Nov 19 Sun, 2017 11:28 pm
FLASH NEWS

കരിങ്കല്ലുമുഴിയില്‍ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം; വീടുകളിലും മോഷണശ്രമം

Published : 11th August 2017 | Posted By: fsq

 

എരുമേലി: കരിങ്കല്ലുമുഴി സെ ന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയുടെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം. കുരിശടിയിലെ കാണിക്കവഞ്ചി കുത്തിയിളക്കിയും രണ്ട് വീടുകളിലും മോഷണ ശ്രമവും നടത്തി. കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമാണു സംഭവം. വീടുകളില്‍ കതക് കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതറിഞ്ഞ് ഉറക്കമുണര്‍ന്ന വീട്ടുകാര്‍ മോഷ്ടാക്കളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടു ബൈക്കുകളിലായി പാഞ്ഞ നാലംഗ സംഘ മോഷ്ടാക്കളുടെ പിന്നാലെ നാട്ടുകാര്‍ വാഹനത്തില്‍ മുക്കട വരെ പിന്തുടര്‍ന്നു. വഴിയില്‍ വെച്ച് നാട്ടുകാരെ വെട്ടിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. കരിങ്കല്ലുമുഴി പാലത്തിനു സമീപമുള്ള കുരിശടിയിലാണ് കാണിക്കവഞ്ചി കുത്തിയിളക്കി തുറന്ന് പണം അപഹരിക്കാന്‍ ശ്രമിച്ചത്. കുത്തിയിളക്കിയെങ്കിലും തുറക്കാന്‍ കഴിഞ്ഞില്ല. പണം അപഹരിക്കാനാവാതെ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു. അതേസമയം പള്ളിയുടെ മുന്‍ഭാഗത്തെ നേര്‍ച്ചപ്പെട്ടി തകര്‍ത്തു മോഷണം നടത്തിയ നിലയിലാണ്. രണ്ടു മാസത്തെ തുകയായ ഏകദേശം 30,00 രൂപ അപഹരിച്ചിട്ടുണ്ടാവുമെന്നാണു കരുതുന്നത്. ഇടവക വികാരി ഫാ. മാത്യു അറിയിച്ചതനുസരിച്ച് എരുമേലി പോലിസ് എത്തി തെളിവെടുപ്പും പരിശോധനകളും നടത്തി. സമീപ വീടുകളുടെ മുന്നിലുള്ള കാമറകളില്‍ മോഷണ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്നും പരിശോധിച്ചു. നെടുങ്കാവുവയലില്‍ കെഎസ്ഇബി ജീവനക്കാരന്‍ ചാലുങ്കല്‍ സജീവന്‍, ബാറ്ററി സര്‍വീസിങ് കടയുടമ പുത്തന്‍പുരയ്ക്കല്‍ ഭാസി എന്നിവരുടെ വീടുകളിലാണ് അടുക്കള കതകുകള്‍ കുത്തിത്തുറക്കാന്‍ മോഷ്ടാക്കള്‍ ശ്രമം നടത്തിയത്. വീട്ടുകാര്‍ തിരച്ചിലാരംഭിച്ചതോടെ മോഷ്ടാക്കള്‍ വന്ന ബൈക്കുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയതായി അഡീഷണല്‍ എസ്‌ഐ ഫ്രാന്‍സിസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക