|    Jan 17 Tue, 2017 4:49 pm
FLASH NEWS

കരിക്കോട് മേല്‍പ്പാലത്തില്‍ ലോറി കുടുങ്ങി; ദേശീയപാതയില്‍ ഗതാഗത കുരുക്ക്

Published : 15th October 2016 | Posted By: Abbasali tf

കൊല്ലം: കരിക്കോട് റെയില്‍വേ മേല്‍പ്പാലത്തില്‍ ലോറി തകരാറിലായതിനെ തുടര്‍ന്ന് കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ ഗതാഗത കുരുക്കിലകടപ്പെട്ടു. ഇന്നലെ രാവിലെയാണ് വലിയ ടോറസ് ലോറി മേല്‍പ്പാലത്തിന് മുകളില്‍ കുടുങ്ങിയത്. ഇതോടെ സാരഥി ജങ്ഷന്‍ മുതല്‍ രണ്ടാംകുറ്റിവരെ വാഹനങ്ങളുടെ നീണ്ടനിര ദൃശ്യമായിരുന്നു. നാല് കിലോമീറ്ററുകളോളം ദൂരം പിന്നിടാന്‍ മണിക്കൂറുകളോളം സമയമെടുത്തു. ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് പോലിസെത്തി ഒരു വശങ്ങളിലേയും വാഹനങ്ങള്‍ മാറി മാറി കടത്തിവിട്ടു. ഉച്ചയ്ക്ക് ശേഷം ലോറി നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പൂര്‍ണമായും പുനസ്ഥാപിച്ചത്.സാധാരണ പ്രവര്‍ത്തി ദിവസങ്ങളിലെല്ലാം കൊല്ലം -ചെങ്കോട്ട ദേശീയപാതയില്‍ കരിക്കോട് മുതല്‍ ടൗണ്‍ അതിര്‍ത്തി വരെ ഗതാഗത കുരുക്ക് പതിവാണ്. കൊട്ടാരക്കരയില്‍ നിന്ന് കരിക്കോട് എത്തുന്നതിന്റെ ഇരട്ടിയിലേറെ സമയം വേണ്ടി വരും മിക്കപ്പോഴും കരിക്കോട് നിന്ന് കൊല്ലത്തെത്താന്‍. ഒച്ചിഴയും പോലെ നീങ്ങുന്ന വാഹനങ്ങള്‍ക്കിടയില്‍ കൊല്ലത്തെ ആശുപത്രികളിലേക്ക് രോഗികളുമായി എത്തുന്ന ആംബുലന്‍സുകളും കുടുങ്ങും.അയത്തില്‍-ചെമ്മാന്‍മുക്ക് റോഡില്‍ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള വാഹനങ്ങളും ഇപ്പോള്‍ ദേശീയപാതയിലൂടെയാണ് കടത്തിവിടുന്നത്. ബൈപ്പാസിലൂടെ എത്തുന്ന വാഹനങ്ങള്‍ കല്ലുംതാഴത്ത് വച്ച് ദേശീയപാതയിലേക്ക് കടക്കുമ്പോള്‍ ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ നിര്‍ത്തേണ്ട അവസ്ഥയുണ്ട്. ഇതും സാധാരണ ദിവസങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ ഇടയാക്കുന്നു. കല്ലുംതാഴത്ത് വാഹനം കടത്തിവിടുന്നതിന് ശാസ്ത്രീയമായ ഒരു സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടില്ല. കല്ലുംതാഴത്തെ കുരുക്കില്‍ നിന്നും 200 മീറ്റര്‍ പിന്നിടുമ്പോള്‍ മങ്ങാട് നിന്നുള്ള റോഡ് കൂടി ദേശീയപാതയിലേക്ക് ചേരുന്നുണ്ട്. ഇവിടെ നിന്നുള്ള വാഹനങ്ങളും ദേശീയപാതയിലേക്ക് കടക്കണമെങ്കില്‍ ദേശീയപാതയിലെ വാഹനങ്ങള്‍ നിര്‍ത്തിയിടണം. സമീപത്തെ കോയില്‍ക്കല്‍ പാലത്തിന്റെ വീതി കുറവ് മൂലം കഷ്ടിച്ച് രണ്ട് വലിയ വാഹനങ്ങള്‍ക്ക് മാത്രമെ ഒരേ സമയം കടന്നുപോകാന്‍ കഴിയുകയുള്ളൂ.  ഇവയെല്ലാം കൂടി ആകുമ്പോള്‍ ഗതാഗത കുരുക്ക് പലപ്പോഴും വര്‍ധിക്കുകയാണ്.  ദേശീയപാതയുടെ വീതി കുറവും പാതയോരത്തെ അനധികൃത പാര്‍ക്കിങ്ങുമാണ് ഗതാഗത കുരുക്കിന്റെ കാരണങ്ങളിലൊന്ന്. കരിക്കോട് മുതല്‍ കടപ്പാക്കട വരെ റോഡിന്റെ ഇരു വശങ്ങളിലും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് കുരുക്കേറും. ഇവിടെയുള്ള ഓഡിറ്റോറിയങ്ങളില്‍ ചടങ്ങുകള്‍ നടന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ ദേശീയ പാതയുടെ ഇരുവശത്തും നിരക്കും. ഇതിനാല്‍ ചടങ്ങ് അവസാനിക്കും വരെ റോഡിലെ തിരക്കില്‍ മുന്നോട്ടും പിന്നോട്ടും പോകാനാകാതെ നരകിക്കാനാണ് യാത്രക്കാരുടെ വിധി. പാര്‍ക്കിങ് സൗകര്യമില്ലാത്ത ഓഡിറ്റോറിയങ്ങള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് പിഴ ഈടാക്കുമെന്നും മുമ്പ് പോലിസ് അറിയിച്ചിരുന്നു. എന്നാല്‍ അനധികൃത പാര്‍ക്കിങ് ഒഴിവാക്കി ഗാതഗതം സുഗമമാക്കാനുള്ള ശക്തമായ നടപടികള്‍ പോലിസില്‍ നിന്ന് ഉണ്ടാകുന്നില്ല. ഇതിന് പുറമെ സ്‌റ്റോപ്പുകളിലും അല്ലാതെയും സ്വകാര്യ ബസ്സുകള്‍ നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന ഗതാഗത കുരുക്കും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. അതേസമയം, കരിക്കോട് ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുള്ള ബസ് ബേ നിര്‍മാണം പുരോഗമിക്കുകയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക