|    Jun 21 Thu, 2018 4:41 am
FLASH NEWS

കരാറേറ്റെടുക്കാന്‍ ആളില്ല; സമഗ്ര കുടിവെള്ള പദ്ധതി സ്തംഭനത്തില്‍

Published : 18th October 2016 | Posted By: Abbasali tf

ബാലരാമപുരം: ഗ്രാമപ്പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കുടിവെള്ളമെത്തിക്കാന്‍ നബാ ര്‍ഡിന്റെ സഹായത്തോടെ കൊണ്ടുവന്ന കുടിവെള്ള പദ്ധതി സ്തംഭനത്തില്‍. ടാങ്ക് നിര്‍മിക്കാത്തതിനാലാണ് പദ്ധതി അവതാളത്തിലായിരിക്കുന്നത്. ടാങ്ക് നിര്‍മിക്കാന്‍ കണ്ടെത്തിയ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ചു. ജനകീയ പ്രക്ഷോഭം ഭയന്ന് ടാങ്ക് നിര്‍മാണത്തിന് കരാറുകാര്‍ എത്തുന്നില്ല. പകരം സംവിധാനം കാണാന്‍ പഞ്ചായത്തും തയ്യാറല്ല. ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ മുന്‍ ഭരണസമിതി 2014ലാണ് കോവളം മുന്‍ എംഎല്‍എം ജമീലാ പ്രകാശത്തിന്റെ നേതൃത്വത്തില്‍ നബാര്‍ഡുമായി സഹകരിച്ച് കുടിവെള്ള പദ്ധതിക്ക് തുടക്കംകുറിച്ചത്. വിളവൂര്‍ക്കല്‍, പള്ളിച്ചല്‍, ബാലരാമപുരം പഞ്ചായത്തുകളിലേക്കാണ് പദ്ധതി ആരംഭിച്ചത്. ഇതില്‍ വിളവൂര്‍ക്കലും പള്ളിച്ചലും ടാങ്ക് നിര്‍മാണം പൂര്‍ത്തിയായി. എന്നാല്‍ ബാലരാമപുരം പഞ്ചായത്തില്‍ ഇതുവരെ ടാങ്ക് നിര്‍മിക്കാന്‍ ടെന്‍ഡര്‍ പോലും ആയിട്ടില്ല. ബാലരാമപുരം ഗ്രാമപ്പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ 20ാം വാര്‍ഡിലെ വാണിഗര്‍തെരുവ് കോളനിഭാഗത്ത് നേരത്തെ വാട്ടര്‍ ടാങ്ക് ഇരുന്നസ്ഥലവും അതിന്റെ അനുബന്ധ ഭാഗവും ഉള്‍പ്പെടെ 15 സെന്റ് സ്ഥലമാണ് ടാങ്ക് നിര്‍മിക്കാന്‍ പഞ്ചായത്ത് കണ്ടെത്തിയത്. ഈ ഭാഗത്തു പ്രവര്‍ത്തിക്കുന്ന അങ്കണവാടി കെട്ടിടം ബലപ്രയോഗത്തിലൂടെയാണ് ഒഴിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ ടാങ്ക് നിര്‍മിച്ചതിനുശേഷം ടാങ്കിന് അടിയിലായി അങ്കണവാടിക്ക് പുതിയ കെട്ടിടം പണിതുനല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും ഒന്നുമായില്ല. ഇതോടെ അങ്കണവാടിക്കുട്ടികള്‍ ഇന്നും പഞ്ചായത്ത് കാര്‍ ഷെഡ്ഡിലെ കുടുസ്സുമുറിയിലാണ് പഠിക്കുന്നത്. ആദ്യ ടെന്‍ഡറില്‍ ഗ്രാമപ്പഞ്ചായത്തിലെ മൊത്തം വാര്‍ഡുകളിലും പൈപ്പുകള്‍ കുഴിച്ചിട്ടെങ്കിലും അടുത്തഘട്ടം ടാങ്ക് നിര്‍മാണത്തിനുള്ള നടപടിയായില്ല. നിര്‍മാണത്തിന് ആദ്യം ടെന്‍ഡര്‍ വിളിച്ചെങ്കിലും നടപടി പൂര്‍ത്തിയാവുംമുമ്പ് നിയമസഭാ തിരഞ്ഞെടുപ്പ് വന്നത് തടസ്സമായി. വീണ്ടും ടെന്‍ഡര്‍ നോട്ടീസ് ഇട്ടെങ്കിലും ജനകീയ പ്രക്ഷോഭം ഭയന്ന് ആരും എത്തുന്നില്ല. ഇതിന് പകരം പഞ്ചായത്ത് തുക കൂട്ടി നല്‍കുന്നതിനോ പഞ്ചായത്ത് മേല്‍നോട്ടത്തില്‍ പര്‍ച്ചേസ് കമ്മിറ്റി രൂപീകരിച്ച് എഇയ്ക്ക് തീര്‍ക്കാമെങ്കിലും അധികൃതര്‍ അതിന് തയ്യാറാവുന്നില്ല. മൊത്തം 22 കോടിയുടെ പദ്ധതിയാണിത്. കരമനയാറ്റില്‍ വിളവൂര്‍ക്കലില്‍ നിന്നും ചൂഴാറ്റുകോട്ട ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ വെള്ളം ശേഖരിച്ചശേഷം അവിടെ നിന്നും മൊട്ടമൂട് പമ്പ്ഹൗസില്‍ എത്തിക്കുകയും ശേഷം സമീപത്തെ പള്ളിച്ചല്‍ ബാലരാമപുരം പഞ്ചായത്തുകളി ല്‍ എത്തിക്കുകയുമാണ് പദ്ധതി. ബാലരാമപുരം പഞ്ചായത്തില്‍ ആറുകോടി മുടക്കി പൈപ്പുകള്‍ കുഴിച്ചിട്ടെങ്കിലും രണ്ടരകോടി മുടക്കി 16 ലക്ഷം ലിറ്റര്‍ വെള്ളം ശേഖരിക്കുന്ന ടാങ്ക് നിര്‍മാണമാണ് എങ്ങുമെത്താത്തത്. വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ബാലരാമപുരത്തുകാര്‍ക്ക് ജനകീയ പ്രക്ഷോഭത്തിനൊന്നും സമയമില്ല. ഏതുവിധേനെയെങ്കിലും ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടുക എന്നതാണ് ജനങ്ങളുടെ അഭിപ്രായം. അങ്കണവാടി മാറ്റുന്നതിനാണ് ജനങ്ങള്‍ പ്രക്ഷോഭം നടത്തിയത്. ടാങ്ക് നിര്‍മാണത്തില്‍ ആര്‍ക്കും എതിര്‍പ്പില്ല. ഈ വിവരം കരാറുകാരെ ധരിപ്പിച്ച് കരാര്‍ നല്‍കുകയോ പുതിയ സംവിധാനം കാണുകയോ ചെയ്യണമെന്നതാണ് ജനങ്ങളുടെ അഭിപ്രായം. എത്രയും വേഗം ടാങ്ക് നിര്‍മിച്ച പദ്ധതി മുടങ്ങാതെ വെള്ളംകിട്ടാന്‍ വേണ്ട നടപടി പഞ്ചായത്ത് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍. പൈപ്പിടാന്‍ വെട്ടിപ്പൊളിച്ച പഞ്ചായത്തിലെ മുഴുവന്‍ റോഡുകളും പൊളിഞ്ഞുകിടക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss