|    Oct 20 Fri, 2017 8:03 pm
FLASH NEWS

കരാറുകാരന്റെ അനാസ്ഥ ; ചേകാടി പാലം അപ്രോച്ച് റോഡിന്റെ നിര്‍മാണ പ്രവൃത്തി വൈകുന്നു

Published : 17th October 2016 | Posted By: Abbasali tf

പുല്‍പ്പള്ളി: രണ്ടു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കാനുള്ള എളുപ്പവഴി ഒരുക്കി കബനി നദിയിലെ ചേകാടിയില്‍ നിര്‍മിച്ച പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നിര്‍മാണം വൈകുന്നതു ജനങ്ങളെ വലയ്ക്കുന്നു. 2010 ആഗസ്തില്‍ തറക്കല്ലിട്ട പാലം മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നായിരുന്നു കരാര്‍. ഏഴുകോടി രൂപ ചെലവില്‍ സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണച്ചുമതല. എന്നാല്‍, പല കാരണങ്ങളാലും പണി നീണ്ടുപോവുകയാണ്. 2016 ഫെബ്രുവരി 20ന് പാലത്തിന്റെ ഉദ്ഘാടനം അന്നത്തെ പൊതുമരാമത്ത് മന്ത്രി പി കെ ഇബ്രാഹീംകുഞ്ഞ് നിര്‍വഹിക്കുമെന്ന് അറിയിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായതിനു ശേഷമേ ഉദ്ഘാടനം നടത്താന്‍ അനുവദിക്കുകയുള്ളൂവെന്ന് നാട്ടുകാര്‍ നിലപാട് സ്വീകരിച്ചതോടെ അധികൃതര്‍ പിന്‍മാറി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ബൈരക്കുപ്പയില്‍ പാലം നിര്‍മിക്കുന്നതിനായി നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഏതാനും കിലോമീറ്റര്‍ മാറി ചേകാടിയില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ പാലം നിര്‍മിക്കാന്‍ തയ്യാറായത്. കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ പുതിയ ടെന്‍ഡര്‍ നല്‍കിയാല്‍ മാത്രമേ നിര്‍മാണ പ്രവൃത്തി നടക്കുകയുള്ളൂവെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ചേകാടി പാലത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നിട്ടും പാലത്തിന്റെ നിര്‍മാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു. പാലം നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ നിവേദനം നല്‍കിയെങ്കിലും പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടാവുന്നല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക