|    Jul 16 Mon, 2018 4:56 am
FLASH NEWS

കരാറുകാരന്റെ അനാസ്ഥ : കോടികള്‍ മുടക്കിയ ശുദ്ധജല പദ്ധതി യാഥാര്‍ഥ്യമായില്ല

Published : 12th September 2017 | Posted By: fsq

 

മാനന്തവാടി: ആയിരക്കണക്കിനു കുടുംബങ്ങള്‍ക്ക് ശുദ്ധജലം വിതരണം ചെയ്യാനായി ആരംഭിച്ച പദ്ധതി കരാറുകാരന്റെ അനാസ്ഥ കാരണം ഇനിയും പ്രവര്‍ത്തനസജ്ജമായില്ല. മാനന്തവാടി, എടവക, നല്ലൂര്‍നാട് വില്ലേജുകളില്‍ ശുദ്ധീകരിച്ച ശുദ്ധജല വിതരണത്തിനായാണ് കേരള ജലവിഭവ വകുപ്പ്, നബാര്‍ഡ് ധനസഹായത്തോടെ പദ്ധതിക്ക് തുടക്കം കുറിച്ചത്. മാനന്തവാടി ഗ്രാമപ്പഞ്ചായത്ത് വിട്ടുനല്‍കിയ ചൂട്ടക്കടവിലെ ഭൂമിയില്‍ 2013ലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഏകദേശം 22 കോടിയോളം രൂപ പദ്ധതിക്കായി അനുവദിച്ചു. പ്രതിദിന ശുദ്ധീകരണ ശേഷി 10 ദശലക്ഷം ലിറ്ററിന്റെയും ഭൂതലസംഭരണി 7 ലക്ഷം ലിറ്ററിന്റെയുമാണ്. പ്രതിദിനം ഈ യൂനിറ്റില്‍ നിന്ന് 10 ദശലക്ഷം ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ചെടുക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. യൂനിറ്റിന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇതോടനുബന്ധിച്ച് ജില്ലാ ആശുപത്രിയില്‍ 16 ലക്ഷം ലിറ്ററിന്റെയും എടവകയില്‍ 7 ലക്ഷം ലിറ്ററിന്റയും നല്ലൂര്‍നാട് 4 ലക്ഷം ലിറ്ററിന്റെയും ടാങ്ക് സ്ഥാപിക്കുകയും ചെയ്തു. 21 കിലോമീറ്റര്‍ ചുറ്റളവില്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു. മോട്ടോറുകള്‍ സ്ഥാപിക്കുന്നതിലുള്ള കാലതാമസമാണ് പ്ലാന്റ് പ്രവര്‍ത്തനസജ്ജമാവാന്‍ വൈകുന്നതെന്നാണ് പറയപ്പെടുന്നത്. കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കമ്പനി പുഴയില്‍ നിന്നുള്ള വെള്ളം പമ്പ് ചെയ്ത് പ്ലാന്റില്‍ ശുദ്ധീകരിച്ച് അനേകം പേര്‍ക്ക് കൂടിവെള്ളം എത്തിക്കുന്നതിനായി വിഭാവനം ചെയ്ത പദ്ധതിയാണ് നിസ്സാര കാരണങ്ങളുടെ പേരില്‍ വൈകുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വൈദ്യുതീകരണവും പൂര്‍ത്തിയായിട്ടില്ല. അതേസമയം, പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ച് ഡിസംബറോടെ പ്ലാന്റ് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി നടത്തിപ്പ് ചുമതലയുള്ള ജലവിഭവ വകുപ്പ് കോഴിക്കോട് പ്രൊജക്റ്റ് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss