|    Apr 24 Tue, 2018 4:28 pm
FLASH NEWS
Home   >  Life  >  Health  >  

കരള്‍ രോഗങ്ങള്‍

Published : 30th November 2016 | Posted By: mi.ptk

default

മനുഷ്യശരീരത്തിലെ നിരവധി അവയവങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് കരള്‍. ഉദരത്തിന്റെ മുകള്‍ ഭാഗത്ത് വലതുവശത്തായിട്ടാണ് ഇതിന്റെ സ്ഥാനം. ഏകദേശം ഒന്നര കിലോഗ്രാം ഭാരം വരും.
കരളിന് അനേകം ജോലികളുണ്ട്.  നമ്മള്‍ കഴിക്കുന്ന ആഹാരം വയറ്റിലും കുടലിലും ദഹിക്കുന്നു. പിന്നീട് രക്തത്തിലേക്ക് പ്രവേശിച്ച് നേരേ കരളിലേക്കാണ് എത്തുന്നത്. ശരീരത്തിനു വേണ്ട പോഷക വസ്തുക്കളായി ഭക്ഷണത്തെ മാറ്റുന്നത്  കരളാണ്. കൂടാതെ പ്രോട്ടീനുകള്‍ വിഘടിക്കുമ്പോള്‍ ഉണ്ടാകുന്ന അമോണിയ എന്ന വസ്തു യൂറിയയാക്കി മാറ്റി വൃക്കകള്‍  വഴി മൂത്രത്തിലൂടെ പുറത്തു കളയുന്നു. ആഹാരത്തിലൂടെ അകത്തു കടക്കുന്ന പല വിഷം കലര്‍ന്ന പദാര്‍ത്ഥങ്ങളെയും കരള്‍ നിരുപദ്രവകാരികളാക്കി മാറ്റുന്നു.
ശരീരത്തിന് ആവശ്യമായ തോതില്‍ കൊളസ്‌ട്രോള്‍ നിര്‍മ്മിക്കുന്നത് കരളിലാണ്. പക്ഷേ, ഈ പദാര്‍ത്ഥം ക്രമാതീതമായി ഉണ്ടാകുമ്പോള്‍ അത് ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും പ്രശ്‌നമു ണ്ടാക്കുന്നു.
രക്തം കട്ടി പിടിക്കാനാവശ്യമായ കോഗുലേഷന്‍ ഫാക്‌ടേഴ്‌സ് കരളാണ് നിര്‍മ്മിക്കുന്നത്.കരള്‍ ഒരു കലവറ കൂടിയാണ്. ഗ്ലൂക്കോസ്, ഇരുമ്പ്, വിറ്റാമിനുകള്‍ എന്നിവ ഭാവിലെ ആവശ്യത്തിനു വേണ്ടി കരള്‍ കരുതിവയ്ക്കുന്നു.

സാധാരണയായി കാണുന്ന കരള്‍ രോഗങ്ങള്‍
1. ഫാറ്റി ലിവര്‍ അഥവാ കരളിലെ കൊഴുപ്പുരോഗം
സാധാരണയായി ചെറിയ അളവില്‍ കൊഴുപ്പ്   കരളിലുണ്ട്. ചിലപ്പോള്‍ ക്രമാതീതമായി കൊഴുപ്പ് കരളില്‍ അടിയുന്നു. ഇതിനാണ് ഫാറ്റി ലിവര്‍ എന്നു പറയുന്നത്. അധികമായി കൊഴുപ്പുണ്ടാക്കുന്നതാവാം ഇതിനു കാരണം. അല്ലെങ്കില്‍ വന്നുചേര്‍ന്ന കൊഴുപ്പ് കൃത്യമായി കൈകാര്യം ചെയ്യാന്‍ കരളിനു സാധിക്കാത്തതിനാലാകാം. ചിലപ്പോള്‍ ഈ കൊഴുപ്പ് കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. കരളിന്റെ ഭാരത്തില്‍ 10 ശതമാനത്തിലധികം കൊഴുപ്പ് ഉണ്ടാകുമ്പോഴാണ് ഫാറ്റി ലിവര്‍ രോഗം എന്നു പറയുന്നത്.
ഫാറ്റി ലിവര്‍ ഉണ്ടാകുന്നത് പല കാരണങ്ങളാലാണ്. മദ്യത്തിന്റെ അമിത ഉപയോഗമാണ് പ്രധാന കാരണം. പക്ഷേ, അടുത്ത കാലത്തായി  മദ്യപാനികള്‍ അല്ലാത്തവര്‍ക്കും ഈ രോഗം ധാരാളമായി കാണുന്നു. NAFLD അഥവാ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്നാണ് ഈ രോഗത്തിന്റെ ശാസ്ത്രീയ നാമം.

ഫാറ്റിലിവറിന്റെ മറ്റു കാരണങ്ങള്‍
* അമിത വണ്ണം അതായത് പൊണ്ണത്തടി
 * രക്തത്തില്‍ അധികം കൊളസ്‌ട്രോള്‍
 * പ്രമേഹം
 * പാരമ്പര്യം
 * പെട്ടെന്നുള്ള ശരീരം മെലച്ചില്‍
 * ചില ഔഷധങ്ങളുടെ പാര്‍ശ്വഫലം
 * ഗര്‍ഭാവസ്ഥ
ഫാറ്റി ലിവറിന്റെ രോഗലക്ഷണങ്ങള്‍
മിക്കവാറും രോഗികളില്‍ രോഗലക്ഷണങ്ങള്‍ ബാഹ്യമായി കണ്ടെന്നിരിക്കില്ല. ചിലപ്പോള്‍ ഉദരത്തിന്റെ മുകള്‍ഭാഗത്ത് അസ്വസ്ഥത ഉണ്ടാവാം. ഉദരഭാരം പരിശോധിക്കുമ്പോള്‍ കരള്‍ വലുതായിരിക്കുന്നതായി കണ്ടെത്തിയെന്നിരിക്കാം.
ഫാറ്റി ലിവറിന്റെ കാഠിന്യം കൂടുമ്പോള്‍ കരളിന്റെ കോശങ്ങള്‍ അധികമായി നശിക്കുന്നു. കോശത്തിനു അധികം വരുന്നത് നാരുകള്‍ ആയിരിക്കും. ഇവ അധികമാകുമ്പോള്‍ ഫൈബ്രോസിസ് എന്ന രോഗാവസ്ഥ  ഉണ്ടാകുന്നു. ഇതിന്റെ പരിണിതഫലമാണ്  ലിവര്‍ സിറോസിസ്. ഈ രോഗാവസ്ഥയും തുടക്കത്തില്‍ ഒരു രോഗലക്ഷണവും കാണിക്കുകയില്ല. പക്ഷേ, അടുത്ത ഘട്ടം കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി പരാജയപ്പെടുന്നതാണ്. ഹെപ്പാറ്റിക് ഫെയ്‌ലുവര്‍ എന്ന പേരില്‍ ഇതറിയപ്പെടുന്നു. ഹാര്‍ട്ട് ഫെയ്‌ലുവര്‍, കിഡ്‌നി ഫെയ്‌ലുവര്‍ എന്നിവ പോലെയുള്ള ഒരു മാരക രോഗമാണിത്. ലക്ഷണങ്ങള്‍ മഞ്ഞപ്പിത്തം, മഹോദരം (വയറിനുള്ളില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ), കാലില്‍ നീര്, രക്തം ഛര്‍ദ്ദിക്കുക എന്നിങ്ങനെയാണ്.  ഏറ്റവും കടുത്ത രോഗമാകുമ്പോള്‍ തലച്ചോറിനെ ബാധിച്ച്  സ്വബോധം നഷ്ടപ്പെടുന്നു.

രോഗനിര്‍ണ്ണയം
ലബോറട്ടറി പരിശോധന വഴി കരളിന്റെ രോഗാവസ്ഥ കണ്ടുപിടിക്കാം. രക്തത്തിലെ ബിലിറൂബിന്‍ മഞ്ഞപ്പിത്തത്തിന്റെ അളവ് രേഖപ്പെടുത്തുന്നു. RGNS, RTOS എന്നീ ടെസ്റ്റുകള്‍ കരള്‍ കോശത്തിന്റെ നഷ്ടം അളക്കുന്നു. രക്തത്തിലെ ആല്‍ബുമിന്‍ അളവ് കുറഞ്ഞാല്‍ അത് കരള്‍ പ്രവര്‍ത്തനത്തിന്റെ പരാജയം അറിയിക്കുന്നു.
രക്തം സാധാരണരീതിയില്‍ കട്ടിപിടിക്കാനുള്ള കഴിവ് നഷ്ടപ്പെടുമ്പോള്‍ രോഗം വളരെ ഗുരുതരമാണെന്ന് ഡോക്ടര്‍ മനസ്‌സിലാക്കണം. OS (:MQ) എന്ന ടെസ്റ്റാണ് ഇതിനുപയോഗിക്കുന്നത്.
കരളിന്റെ രോഗം  മനസ്‌സിലാക്കുവാന്‍ ഏറ്റവും ഉപകരിക്കുന്ന പരിശോധന വയറിന്റെ അള്‍ട്രാ സൗണ്ട് ടെസ്റ്റാണ് ചില  പ്രത്യേക തരത്തിലുള്ള ശബ്ദ വീചികള്‍ ഉപയോഗിച്ച് വയറിന്റെ ഉപരിഭാഗത്ത് പ്രോബ് വയ്ക്കുമ്പോള്‍ കമ്പ്യൂട്ടര്‍ മോണിട്ടറില്‍ കരളിന്റെ നിഴല്‍ തെളിയുന്നു. ഈ പരിശോധന തികച്ചും വേദനാരഹിതവും പാര്‍ശ്വഫലരഹിതവുമാണ്. ഇതു വഴി കിട്ടുന്ന  കരളിന്റെ  രോഗനിലയുടെ വിവരങ്ങള്‍ രോഗനിര്‍ണ്ണയത്തിന് വളരെ സഹായം ചെയ്യുന്നു.

ലിവര്‍ ബയോപ്‌സി ടെസ്റ്റ് ചിലപ്പോള്‍ ചെയ്യാറുണ്ട്. നെഞ്ചിന്റെ വലതുഭാഗത്ത് താഴത്തെ വാരിയെല്ലില്‍ ഇടയില്‍ കൂടി ചെറിയൊരു സൂചി കടത്തി കരളിന്റെ ഒരു ചെറിയ അംശം വലിച്ചെടുക്കുന്നു. ഇത് മൈക്രോസ്‌കോപ്പില്‍ കൂടി നിരീക്ഷിക്കുമ്പോള്‍ കരളിന്റെ കോശത്തിന്റെ യഥാര്‍ത്ഥ സ്ഥിതി, കൊഴുപ്പിന്റെ അളവ് എന്നിവ കൃത്യമായി ദൃശ്യമാകുന്നു. ഫാറ്റി ലിവര്‍ സ്ഥിതീകരിക്കാന്‍ ഈ പരിശോധനയ്ക്ക് 100 ശതമാനം കൃത്യതയുണ്ട് . പക്ഷേ, ഒരു സൂചി പ്രയോഗത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും ഉള്ളതിനാല്‍ ഈ പരിശോധന പതിവായി ചെയ്യാറില്ല.

കരള്‍ രോഗത്തിന്റെ  പരിണാമഘട്ടങ്ങള്‍
പ്രഥമഘട്ടം
ആദ്യമായി വരുന്നത് കരളില്‍ ക്രമാതീതം കൊഴുപ്പടിഞ്ഞ ഫാറ്റി ലിവര്‍ ആണ്. പക്ഷേ, ഈ ഘട്ടത്തില്‍ കരളിനോ രോഗിക്കോ കാര്യമായ ദോഷമോ പ്രവര്‍ത്തന വൈഷമ്യമോ ഉണ്ടാവില്ല. ഒരു വിശദ പരിശോധന വഴി മാത്രമേ ഡോക്ടര്‍ക്ക് പോലും രോഗാവസ്ഥ മനസ്‌സിലാവുകയുള്ളു. ഈ ഘട്ടത്തില്‍ പരിഹാര ചികിത്സാ നടപടികള്‍ തുടങ്ങാന്‍ കഴിഞ്ഞാല്‍ കരള്‍ പൂര്‍ണ്ണ ആരോഗ്യ സ്ഥിതിയിലേക്ക് മടങ്ങും.

രണ്ടാമത്തെ ഘട്ടം
ഇപ്പോള്‍ കരളിനു വീക്കം അഥവാ ഇന്‍ഫഌമഷന്‍ പിടിപെടുന്നു. ഹെപ്പറ്റൈറ്റിസ് എന്നാണ് ഈ ഘട്ടത്തിന് പറയുന്നത്. കോശങ്ങള്‍ കാര്യമായി അളവില്‍ നഷ്ടപ്പെട്ടു തുടങ്ങുന്നു. രക്തം പരിശോധിക്കുമ്പോള്‍ കരളില്‍ നിന്നുണ്ടാകുന്ന .RGOS, RGDS എന്നീ എന്‍സൈമുകള്‍ കൂടിയ അളവില്‍ കാണുന്നു. ഈ ഘട്ടത്തില്‍ പോലും രോഗിയുടെ ആരോഗ്യത്തില്‍ ബാഹ്യമായ വ്യതിയാനങ്ങള്‍ കണ്ടെന്നു വരില്ല.

മൂന്നാമത്തെ ഘട്ടം
സിറോസിസ് എന്ന അവസ്ഥയില്‍ കരളിലെ സാധാരണ കോശങ്ങള്‍ നശിച്ച് പകരം നാരുകള്‍ പോലുള്ള ഫൈബറസ് ടിഷ്യൂസ് സ്ഥാനംപിടിക്കുന്നു. കരള്‍ ചുരുങ്ങി ചെറുതാകുന്നു. അങ്ങിങ്ങായി മുഴകള്‍ പ്രത്യക്ഷപ്പെടുന്നു. ഏതാണ്ട് പകുതിയിലധികം കരള്‍ കോശങ്ങള്‍ നഷ്ടപ്പെട്ടു കഴിയുമ്പോള്‍ രോഗി അവശതയിലാകുന്നു. മഞ്ഞപ്പിത്തം, രക്തം ഛര്‍ദ്ദിക്കല്‍, വയര്‍ പെരുക്കം, കുടലില്‍ നീര് എന്നീ ലക്ഷണങ്ങള്‍ കാണുന്നു. അവസാനം  തലച്ചോറിന്റെ പ്രവര്‍ത്തനം  തകരാറിലായി രോഗി അബോധാവസ്ഥയിലാകുന്നു . ഈ അവസ്ഥയില്‍ നിന്ന് കരളിന്റെ ആരോഗ്യം പൂര്‍വ്വസ്ഥിതിയിലേക്ക് വീണ്ടെടുക്കുക പ്രയാസമാണ്.

കരള്‍ രോഗത്തിന്റെ ചികിത്സ
ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്. ഇവിടെയാണ് നമ്മള്‍ കരളിന് കേട് വരാതിരിക്കാനുള്ള നടപടികള്‍ എടുക്കുവാന്‍ സാധിക്കുന്നത്.
1. നമ്മുടെ ആഹാരം ശരീരത്തിന് അനുയോജ്യമായിരിക്കണം. ഫാസ്റ്റ് ഫുഡ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന വസ്തുക്കള്‍, എണ്ണയില്‍ കുതിര്‍ത്തുണ്ടാക്കുന്ന പൊറോട്ട എന്നിവ കഴിക്കുന്നതും വര്‍ജിക്കണം.
2.    മദ്യമാണ് കരളിന്റെ ഏറ്റവും വലിയ ശത്രു. ഒരു ദിവസം 120 മില്ലിയില്‍ കൂടുതല്‍ വീര്യം കൂടിയ മദ്യം ( അതായത് 2 ലാര്‍ജ് പെഗ് വിസ്‌കിയോ ബ്രാന്‍ഡിയോ റമ്മോ) കഴിച്ചാല്‍ സിറോസിസ് രോഗം  ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. സ്ത്രീകളില്‍ കുറഞ്ഞ അളവില്‍ പോലും മദ്യം ദോഷകരമാണ്. വീര്യം കുറഞ്ഞ മദ്യങ്ങളും അപകടകാരികളാകാം. ദിവസേന 750 മില്ലി ബിയറോ 500 മില്ലി വൈനോ കഴിച്ചാല്‍ കൂടി സിറോസിസ് ഉറപ്പാണ്. മദ്യപാനം നിര്‍ത്തുന്നതാണ് കരളിന് നാശം സംഭവിക്കാതിരിക്കാനുള്ള ഏറ്റവും നല്ല നടപടി
4.   ശരീരത്തിന് അമിത ഭാരമുണ്ടെങ്കില്‍ അത് ക്രമേണ കുറയ്ക്കുക തന്നെ വേണം. പക്ഷേ, വളരെ പെട്ടെന്ന് തൂക്കം കുറയ്ക്കുന്നതും കരളിന് നല്ലതല്ല.
5. ദിവസേനയുള്ള വ്യായാമം കരളിന് ആരോഗ്യം നല്‍കുന്നു. ദിവസവും 3040 മിനിട്ട് വീതം കുറഞ്ഞത് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും ചെയ്യുക.
6. കരളിനു ദോഷം ചെയ്യുന്ന മരുന്നുകള്‍ ഒഴിവാക്കുക.  സാധാരണ ഉപയോഗിക്കുന്ന പാരസിറ്റമോള്‍ പോലും അധികമായാല്‍ കരളിനു കേടുണ്ടാക്കാം. ക്ഷയ രോഗചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകളും ചിലപ്പോള്‍ പ്രശ്‌നം ഉണ്ടാക്കാം.
7. കരളിന് സ്വയം കേടുപാട് തീര്‍ക്കുവാനുള്ള കഴിവ് പ്രസിദ്ധമാണ്. ഇതിനെ സഹായിക്കുന്ന ചില ഔഷധങ്ങളും വിപണിയിലുണ്ട്. പക്ഷേ, ജീവിത ശൈലിയിലുള്ള ആരോഗ്യപരമായ മാറ്റം ആണ് കരള്‍ രോഗത്തില്‍ നിന്ന് മോചനം കിട്ടുവാന്‍ ഉള്ള ഏറ്റവും  സുഗമമായ മാര്‍ഗ്ഗം.
8. സിറോസിസ് രോഗം വന്നു കഴിഞ്ഞാല്‍ പൂര്‍ണരോഗവിമുക്തി അസാദ്ധ്യമാണ്. ഈ രോഗം കഠിനമാകുമ്പോള്‍ മഞ്ഞപ്പിത്തം, രക്തം ഛര്‍ദ്ദിക്കല്‍, അബോധാവസ്ഥ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. ഈ അവസ്ഥയില്‍ തീവ്ര പരിചരണം മൂലം തല്‍ക്കാലത്തേയ്ക്ക് രക്ഷപ്പെട്ടു എന്നു വരാം. പക്ഷേ, എല്ലാം ഔഷധങ്ങളും പരാജയപ്പെടുമ്പോള്‍ കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.

liver-620x300

സന്ദേശം
ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളില്‍ ഒന്നാണ് കരള്‍. കൊഴുപ്പുരോഗം അഥവാ ഫാറ്റി ലിവര്‍ വളരെ സാധാരണയായി കാണപ്പെടുന്നു. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ കരളിനെ പൂര്‍ണ്ണ ആരോഗ്യത്തിലാക്കാം. താമസിച്ചാല്‍, ഇത് സിറോസിസ് രോഗത്തില്‍ അവസാനിക്കാം. സ്വയം കേടുപാട് തീര്‍ക്കുവാനുളള കരളിന്റെ കഴിവ് അപാരമാണ്. ഈ പ്രക്രിയയെ സഹായിക്കുകയാണ് നാം ചെയ്യേണ്ടത്. കൃത്യമായ ജീവിത ശൈലിയും മദ്യവര്‍ജനവും ഇതിന്  അത്യാവശ്യമായി ചെയ്യേണ്ട നടപടികളാണ്.

Dr. Ajith Nair
Gastroenterologist
KIMS Hospital
Trivandrum

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss