|    Apr 29 Sat, 2017 7:00 pm
FLASH NEWS

കരനെല്‍കൃഷിയില്‍ നൂറുമേനി വിളയിക്കാന്‍ പള്ളിക്കല്‍ പഞ്ചായത്ത്

Published : 5th August 2016 | Posted By: SMR

കിളിമാനൂര്‍: സമൃദ്ധിയുടെ വിളനിലമായിരുന്ന പള്ളിക്കലിന്റെ കാര്‍ഷിക പാരമ്പര്യത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കൈയും മെയ്യും മറന്ന് അവര്‍ ഒരുമിച്ചു. പോയകാലത്തെ വിളവെടുപ്പ് പകര്‍ന്നുനല്‍കിയ ആവേശമാണ് പള്ളിക്കലിലെ പഴയകാല കര്‍ഷകരെ പുത്തന്‍ കൂട്ടുകാര്‍ക്കൊപ്പം വീണ്ടും നെല്‍കൃഷിയില്‍ ഒരുകൈ നോക്കാന്‍ പ്രേരിപ്പിച്ചത്. ഒരു കാലത്ത് ജില്ലയുടെ നെല്ലറയെന്ന പേരില്‍ പേരെടുത്തിരുന്ന പള്ളിക്കല്‍ പഞ്ചായത്തിലെ കര്‍ഷകരാണ് വീണ്ടും വിജയഗാഥ രചിക്കാനായി കരനെല്‍കൃഷി പരീക്ഷിക്കുന്നത്. ഒരുക്കിയെടുത്ത നിലത്തില്‍ നെല്‍വിത്തുകള്‍ വാരിവീശി ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ബി പി മുരളിയാണ് പള്ളിക്കല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കരനെല്‍കൃഷിക്ക് തുടക്കമിട്ടത്.
പള്ളിക്കല്‍ പഞ്ചായത്തിനെ സമ്പൂര്‍ണ കാര്‍ഷിക സ്വയംപര്യാപ്ത പഞ്ചായത്താക്കണമെന്ന ഭരണസമിതിയുടെ പ്രഖ്യാപിത നയത്തെ തുടര്‍ന്നാണ് തരിശുകിടക്കുന്ന മുഴുവന്‍ നിലങ്ങളിലും കൃഷിയിറക്കാനും പറമ്പുകളില്‍ കരനെല്ലും മറ്റ് കാര്‍ഷികവിളകളും വിളയിപ്പിക്കാനുമുള്ള ഉദ്യമം. പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണിയുടെ നേതൃത്വത്തിലാണ് ഈ മഹനീയ സംരഭം ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ പത്തേക്കര്‍ നിലത്തിലാണ് കരനെല്‍കൃഷി ആരംഭിക്കുന്നത്. ഇതിന്റെ ആദ്യപടിയായി പള്ളിക്കല്‍ പ്ലാച്ചിവിള വാര്‍ഡിലെ മൂതല ആമ്പാടിയില്‍ പുരുഷോത്തമന്‍ പിള്ളയുടെ മൂന്നരയേക്കര്‍ പാട്ടത്തിനായ് ഏറ്റെടുത്താണ് കരനെല്‍കൃഷി പരീക്ഷിക്കുന്നത്. പള്ളിക്കല്‍ കൃഷിഭവന്റെയും സഹകരണം ഈ ഉദ്യമത്തിനുണ്ട്. അത്യുല്‍പാദനശേഷിയുള്ള ഉമയെന്ന നെല്‍വിത്താണ് കരനെല്‍കൃഷിക്ക് ഉപയോഗിക്കുന്നത്.
കുറഞ്ഞകാലത്തിനുളളില്‍ മെച്ചപ്പെട്ടവിളവ് ലഭിക്കുന്ന നെല്‍വിത്താണ് ഉമ. കരനെല്‍കൃഷിയുടെ ഭാഗമായുള്ള വിത്തിടല്‍ പള്ളിക്കല്‍ നിവാസികള്‍ ഒരു ഉല്‍സവം പോലെയാണ് ആഘോഷിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, പഞ്ചായത്ത് പ്രസിഡന്റ് അടുക്കൂര്‍ ഉണ്ണി, എം ഹസീന, പുഷ്പലത, അബുത്താലിബ്, പ്രസന്ന ദേവരാജന്‍, രേണുകാകുമാരി, പള്ളിക്കല്‍ നസീര്‍, സ്മിത തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ വിത്തിറക്കലില്‍ പങ്കാളികളായി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day