|    Aug 17 Thu, 2017 11:36 am
FLASH NEWS

കരടുപട്ടിക: താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ലഭിച്ചത് 9601 പരാതികള്‍

Published : 1st November 2016 | Posted By: SMR

തൊടുപുഴ: വിവരങ്ങള്‍ തെറ്റായി ചേര്‍ത്തതു മുതല്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് പുറത്തായതു വരെയുള്ള പരാതികളുമായി പുതിയ റേഷന്‍ കാര്‍ഡിന്റെ കരടുപട്ടികയെചൊല്ലി താലൂക്ക് സപ്ലൈ ഓഫിസുകളിലേക്ക് പരാതി പ്രളയം. ജില്ലയിലെ അഞ്ചു താലുക്കുകളിലായി 9601 പരാതികളാണ് ഇതുവരെ ലഭിച്ചത്.ഉടുമ്പന്‍ചോല താലൂക്കില്‍ 3601 പരാതികളാണ് ലഭിച്ചത്.ദേവികുളം 816, ഇടുക്കി 2554, പീരുമേട് 1335,തൊടുപുഴ1295 എന്നിങ്ങനെയാണ് പരാതികളുടെ കണക്ക്. പുതിയ റേഷന്‍ കാര്‍ഡില്‍ കുടുംബനാഥയാണ് കാര്‍ഡുടമ. അതിനാല്‍ പരാതിയുമായി എത്തുന്നതും സ്ത്രീകളാണ്.കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരും രോഗികളും മണിക്കൂറുകളോളം കാത്തുനിന്നാണ് പരാതി സമര്‍പ്പിക്കുന്നത്. മുഴുവന്‍ പരാതികളും ഉടനടി തീര്‍പ്പാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.അനര്‍ഹരായ നിരവധി പേര്‍ മുന്‍ഗണനാ പട്ടികയില്‍ ഇടം പിടിക്കുകയും അതേസമയം, അര്‍ഹരായ ഒട്ടേറെ പേര്‍ പട്ടികയില്‍നിന്ന് പുറത്താകുകയും ചെയ്‌തെന്ന പരാതി വ്യാപകമാണ്. മാനദണ്ഡമനുസരിച്ച് നാലുചക്ര വാഹനമുള്ളവര്‍, ഒരേക്കറിലധികം ഭൂമിയുള്ളവര്‍ എന്നിവരൊന്നും മുന്‍ഗണനാ പട്ടികയില്‍ വരില്ല. പക്ഷേ,  വാഹനമുള്ളവരും മക്കള്‍ വിദേശത്ത് ജോലി ചെയ്യുന്നവരും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമെല്ലാം പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. പരാതികള്‍ പരിശോധിച്ച് അര്‍ഹരായവരെയെല്ലാം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ പറയുന്നത്.ജില്ലയിലാകെ 700റേഷന്‍ കടകളിലായി 294431 കാര്‍ഡ് ഉടമകളാണ് നിലവിലുള്ളത്.പുതിയ റേഷന്‍ കാര്‍ഡിന്റെ എണ്ണം 275657 ആണ്.പുതിയ കാര്‍ഡ് വന്നപ്പോള്‍ 18774 പേര്‍ ഒഴിവായി. മരിച്ചവര്‍, സ്ഥലം വിറ്റുപോയവര്‍ തുടങ്ങിയവരെയും, വ്യാജകാര്‍ഡും ഒന്നിലധികം കാര്‍ഡുമുള്ളവരെയും ഒഴിവാക്കി ലിസ്റ്റനുസരിച്ച് ഫോട്ടോയെടുക്കാന്‍ വന്നവരുടെ കണക്കാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക