|    Jan 19 Thu, 2017 4:25 pm
FLASH NEWS
Home   >  Kids corner   >  

കരടിയും തേനീച്ചയും

Published : 31st August 2015 | Posted By: admin

 

 

karadi
ഒരു ഗുഹയില്‍ ഒരു കരടിയും ഭാര്യയും താമസിച്ചുപോന്നിരുന്നു. അങ്ങനെയിരിക്കെ കരടി ഒരു കുറുക്കനുമായി ചങ്ങാത്തത്തിലായി. കുറുക്കന്‍ വളരെ മടിയനും സൂത്രശാലിയുമായിരുന്നു. പതിയെപ്പതിയെ കരടിയും മടിയനായിത്തീര്‍ന്നു.
ഒരു ദിവസം ഭക്ഷണം പാകം ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് സാധനങ്ങളൊന്നും ഇല്ലെന്നു ഭാര്യക്കു മനസ്സിലായത്. ഭാര്യ കരടിയോട് പറഞ്ഞു: ”എന്താ മടിയനായി കിടക്കുന്നത്?  ഞാന്‍ നിങ്ങളോട് പറഞ്ഞതല്ലേ ആ മടിയന്‍ കുറുക്കനോട് കൂട്ടുകൂടരുതെന്ന്? ഇന്ന് നമുക്ക് കഴിക്കാനൊന്നുമില്ല.”
ഭാര്യയുടെ വാക്കുകള്‍ കേട്ട് കരടി പുഴക്കരയിലേക്കു നടന്നു. എന്നിട്ട് കുറേ നേരം ചിന്തിച്ചിരുന്നു, പുഴയില്‍ നിന്ന് എങ്ങനെ മീന്‍ പിടിക്കുമെന്ന്. അപ്പോഴാണ് ഗുഹയില്‍ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഭാര്യ പറഞ്ഞത് കരടി ഓര്‍ത്തത്: ”ശ്രദ്ധിക്കണം, തേനീച്ചക്കൂടിന്റെ അടുത്തേക്കു പോകരുത്. ആ കള്ളക്കുറുക്കന്റെ വാക്കു കേള്‍ക്കരുത്.” നടക്കുന്നതിനിടെ തന്ത്രശാലിയായ കുറുക്കന്റെ വാക്കുകള്‍ ഓര്‍മ വന്നു. കരടി തന്റെ ലക്ഷ്യം മറക്കാന്‍ തുടങ്ങി. പെട്ടെന്നാണ് ഒരു വലിയ തേനീച്ചക്കൂട് കണ്ടത്. കരടിയുടെ വായില്‍ വെള്ളം നിറഞ്ഞു.
കരടി മരത്തിന്നടുത്തേക്കു ചെന്നു. വളരെ കഷ്ടപ്പെട്ട് മരത്തില്‍ ഒരു വലിയ ദ്വാരം ഉണ്ടാക്കി ഒരു വലിയ കഷണം തേന്‍ മോഷ്ടിച്ചു.
പക്ഷേ, അപ്പോഴേക്കും തേന്‍ മോഷ്ടിക്കുന്ന കരടി തേനീച്ചകളുടെ ശ്രദ്ധയില്‍പ്പെട്ടു. ഒരു തേനീച്ച പുറത്തു വന്നു. തങ്ങളെ ചതിക്കുന്ന കരടിയെ നോക്കി നല്ല ശിക്ഷ നല്‍കണമെന്നു തീരുമാനിച്ചു. ചെറിയ തേനീച്ചകള്‍ക്ക് വളരെ ശക്തനായ തന്നെ ഉപദ്രവിക്കാന്‍ കഴിയില്ല എന്നു പറഞ്ഞുകൊണ്ട് പിന്നെയും തേന്‍ എടുക്കാന്‍ ശ്രമിക്കുകയാണ് കരടി.
പക്ഷേ, വളരെ പെട്ടെന്ന് ആയിരത്തോളം തേനീച്ചകള്‍ പുറത്തുവന്നു കരടിയുടെ മുകളില്‍ മൂളിപ്പറക്കാന്‍ തുടങ്ങി. തേനീച്ചകളുടെ കൂട്ടം കണ്ട് കരടി വല്ലാതെ ഭയന്നുപോയി. കരടി പരമാവധി വേഗത്തില്‍ ഓടാന്‍ തുടങ്ങി. പക്ഷേ, തന്റെ മുഖത്ത് പറ്റിപ്പിടിച്ച തേനിന്റെ കാര്യം കരടി മറന്നു. തേനീച്ചകള്‍ മുഖത്തു വന്നിരുന്നു. കരടിക്ക് രക്ഷപ്പെടാന്‍ ഒരു വഴിയേ കിട്ടിയുള്ളൂ; വഴിയില്‍ കണ്ട പുഴയിലേക്ക് ഒറ്റച്ചാട്ടം. അപ്പോള്‍ തേനീച്ചകള്‍ കരടിയുടെ തലയ്ക്കുമീതെ പൊതിഞ്ഞു. കരടി തല വെള്ളത്തിനടിയില്‍ താഴ്ത്തി. പക്ഷേ, അപ്പോഴും കരടിയുടെ വലിയ മൂക്ക് വെള്ളത്തിനു മുകളില്‍ തന്നെയിരുന്നു. തേനീച്ചക്കൂട്ടം മൂക്കില്‍ കുത്താന്‍ തുടങ്ങി. കിട്ടിയ തക്കത്തിന് കരടി പുഴയില്‍ നിന്നെഴുന്നേറ്റ് ഓടി ഒരു ഗുഹയില്‍ പ്രവേശിച്ചു. പേടി കൊണ്ട് കരടി കിടുകിടാ വിറയ്ക്കുന്നുണ്ടായിരുന്നു.
കുറേ നേരം കഴിഞ്ഞപ്പോള്‍ തേനീച്ചകള്‍ പോയെന്ന് ഉറപ്പുവരുത്തി കരടി പുറത്തിറങ്ങി. കരടിയുടെ മൂക്ക് നീരു വന്നു വീങ്ങിയിരുന്നു.
കരടി എന്തു ചെയ്യണമെന്നറിയാതെ ഇടത്തോട്ടും വലത്തോട്ടും നോക്കിയിരുന്നു. അപ്പോഴാണ് ഭാര്യയുടെ കാര്യം ഓര്‍ത്തത്. അങ്ങനെ വീണ്ടും പുഴക്കരയിലേക്കു പോയി ഒരു വലിയ മീനിനെ പിടിച്ചു. വീട്ടിലെത്താന്‍ വൈകി. വീങ്ങിയ മൂക്കുമായി കരടി വീട്ടിലെത്തി. സംഭവിച്ചതെല്ലാം ഭാര്യയോട് പറഞ്ഞു.
ഭാര്യ ദേഷ്യപ്പെട്ടു.  മോഷ്ടിക്കാന്‍ കാരണം ആ തന്ത്രശാലിയായ കുറുക്കനുമായുള്ള കൂട്ടുകെട്ടാണെന്ന് ഭാര്യ പറഞ്ഞു.  പക്ഷേ, അവള്‍ ദയാലുവായതുകൊണ്ട് ഭര്‍ത്താവിനോട് ക്ഷമിച്ചു. മീന്‍ പാചകം ചെയ്ത് ഭര്‍ത്താവിനു കൊടുത്തു.
അവള്‍ തീരുമാനിച്ചു: ഇനി ഭക്ഷണം സമ്പാദിക്കാന്‍ താന്‍ പോയാല്‍ മതി. ഭര്‍ത്താവിന് തന്റെ വീങ്ങിയ മൂക്കുമായി പുറത്തു പോവാന്‍ ഇഷ്ടമുണ്ടാവില്ല. കൂട്ടുകാരെല്ലാം ചോദിക്കും, എന്തു പറ്റിയെന്ന്. അങ്ങനെ കരടി ഗുഹയിലിരിക്കാന്‍ തുടങ്ങി, ഒരു തടവുകാരനെപ്പോലെ.

വിവ: സയ്യിദ റഫ്ഷിന

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 84 times, 1 visits today)
Read more on:
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക