|    Sep 20 Thu, 2018 3:50 am
FLASH NEWS

കരഞ്ഞും ചിരിച്ചും ആദ്യ ദിനം വര്‍ണാഭമാക്കി കുരുന്നുകള്‍

Published : 2nd June 2017 | Posted By: fsq

 

കൊല്ലം: ചന്നം പിന്നം ചാറിത്തിമിര്‍ത്ത മഴത്തുള്ളികള്‍ക്കിടയില്‍ പുതുമണം മാറാത്ത ഉടുപ്പണിഞ്ഞ് അമ്മ കൈയില്‍ തൂങ്ങി ചിരിച്ചെത്തിയ കുരുന്നുകള്‍, പുതിയ ബാഗും കുടയും ചൂടി എത്തിയ കണ്ണുകളില്‍ കൗതുകത്തിന്റെ തിളക്കം. ആദ്യമായി ആള്‍ക്കൂട്ടത്തിനിടയിലെത്തിയതിന്റെ പേടിയില്‍ ചിലര്‍. അച്ഛന്റെയും അമ്മയുടെയും കൈവിരല്‍ വിടാതെ കാഴ്ചകള്‍ കണ്ടങ്ങനെ നില്‍ക്കുന്നവര്‍ക്ക് ബലൂണും, മിഠായികളും നല്‍കാന്‍ ഓടി നടക്കുന്ന അധ്യാപകര്‍. ആദ്യ കാഴ്ചയുടെ പരിഭവങ്ങള്‍ക്കിടയില്‍ മൊട്ടിട്ട സൗഹൃദങ്ങള്‍. പുത്തന്‍ പ്രതീക്ഷകളോടെ ഇന്നലെ സ്‌കൂളുകളിലെത്തിയ നവാഗതര്‍ക്ക്്് പ്രവേശനോല്‍സവം ശരിക്കും ഉല്‍സവമായി. അധ്യാപകരും പിടിഎ ഭാരവാഹികളും സംയുക്തമായി സ്‌കൂളുകളില്‍ പരിപാടിക്ക്്് നേതൃത്വം നല്‍കി. വ്യത്യസ്ത രീതികളിലാണ് ഓരോ വിദ്യാലയവും കുരുന്നുകളെ വരവേറ്റത്്്. വീട്ടില്‍ നിന്നു വിദ്യാലയത്തിന്റെ പുതിയ മുറ്റത്തേക്ക് എത്തുന്ന നവാഗതരെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും മൃഗങ്ങളും പൂക്കളും ഒക്കെ നിറഞ്ഞുനില്‍ക്കുന്ന ക്ലാസ്മുറികളായിരുന്നു വരവേറ്റത്്്. തൊപ്പിയും ബലൂണും കളിപ്പാട്ടങ്ങളും മിഠായികളുമൊക്കെ നല്‍കിയാണു സ്‌കൂളുകള്‍ പുത്തന്‍ കുട്ടികളെ സ്വീകരിച്ചത്്്. അധ്യാപകര്‍ക്കൊപ്പം മുതിര്‍ന്ന കുട്ടികളാണു മധുരം നല്‍കിയും പാട്ട് പാടിയും അക്ഷരകിരീടം അണിയിച്ചും നവാഗതരെ സ്വീകരിക്കാനുണ്ടായിരുന്നത്. അധ്യാപകരോടൊപ്പം സ്‌കൂളുകളിലെ അധ്യാപക രക്ഷകര്‍തൃസഘടനകളും സാമൂഹികപ്രവര്‍ത്തകരും നാട്ടുകാരും പ്രവേശനോല്‍സവത്തില്‍ പങ്കാളികളായി. അമ്മമാരുടെ ഒക്കത്തിരുന്നാണ് ചില കുട്ടികള്‍ ആദ്യമായി ക്ലാസിലെത്തിയത്.  മധുരം നല്‍കിയപ്പോള്‍ ക്ലാസിലിരിക്കാന്‍ തയ്യാറായി.  മധുരമല്ല എന്തുതന്നാലും അമ്മയെ വിട്ടുനില്‍ക്കുവാന്‍ കഴിയില്ലെന്ന വാശിയിലായിരുന്നു ചിലര്‍.  നിര്‍ബന്ധിച്ച് ക്ലാസിലിരുത്തുമ്പോഴുള്ള ഇത്തരം കുരുന്നുകളുടെ നിലവിളി ഹൃദയഭേതകമായിരുന്നു മിക്കയിടത്തും. ഒരു മടിയും ഇല്ലാതെ ക്ലാസിലിരുന്നവരും പുതിയ അന്തരീക്ഷവുമായി പെട്ടെന്ന് ഇണങ്ങിയവരും വേറിട്ട കാഴ്ചയായി. പുത്തന്‍ ഉടുപ്പുമിട്ട് കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ ബാഗും കുടയും അമ്മയുടെ കൈയില്‍ ഭദ്രമായി പിടിപ്പിച്ച് നല്‍കുന്ന കുരുന്നുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സ്‌കൂള്‍ പ്രവേശനോല്‍സവത്തില്‍ പങ്കാളികളാകാന്‍ കുഞ്ഞുങ്ങളോടൊപ്പം കുടുംബാംഗങ്ങളെല്ലാം എത്തിച്ചേര്‍ന്നിരുന്നു.  അച്ഛനും അമ്മയും മാത്രമല്ല മുത്തച്ഛനും മുത്തശ്ശിമാരും സഹോദരങ്ങളുമെല്ലാം കുഞ്ഞുങ്ങളുടെ ആദ്യ ചുവടുവെപ്പിന് സാക്ഷികളാകാന്‍ എത്തിയിരുന്നു.  പണ്ട് മക്കളെ കൈപിടിച്ച് സ്‌കൂളില്‍കൊണ്ടാക്കിയ അതേ സന്തോഷത്തോടെ എത്തിയ പഴയ തലമുറയും സ്‌കൂള്‍ പ്രവേശനോല്‍സവം ആനന്ദഭരിതമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss