|    Oct 20 Sat, 2018 8:15 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കരച്ചില്‍ കത്‌വയില്‍ എത്താത്തതെന്ത്?

Published : 15th April 2018 | Posted By: kasim kzm

അവകാശങ്ങള്‍  നിഷേധങ്ങള്‍ – ജാസ്മിന്‍ പി കെ
ജമ്മുവിലെ കത്‌വയില്‍ നടന്ന എട്ടു വയസ്സുകാരിയുടെ കൂട്ടബലാല്‍സംഗം മനസ്സുകളെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. അതിഭീകരമായി കശ്മീരിനെ ഇളക്കിമറിച്ച ഈ സംഭവത്തില്‍ 2012 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന നിര്‍ഭയ കേസില്‍ കണ്ടപോലെ ജനരോഷം അണപൊട്ടിയൊഴുകിയില്ല. ആസിഫയുടെ ബലാല്‍സംഗവും കൊലപാതകവും എത്ര ക്രൂരമാണെന്ന് കുറ്റപത്രത്തില്‍ വിവരിച്ചിട്ടുണ്ട്. ബ്രാഹ്മണര്‍ തിങ്ങിത്താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍ നിന്നു മുസ്‌ലിം ബക്കര്‍വാല നാടോടി വിഭാഗത്തെ ഓടിക്കാന്‍ ക്ഷേത്രം നടത്തിപ്പുകാരനായ സാഞ്ജിറാമിന്റെ പദ്ധതിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലും ബലാല്‍സംഗവും എന്നു കുറ്റപത്രത്തില്‍ പറയുന്നു.
ജനുവരിയില്‍ നടന്ന സംഭവത്തില്‍ ഇന്ത്യ ഞെട്ടിത്തുടങ്ങുന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. എന്തുകൊണ്ടാണ് കശ്മീരില്‍ നിന്നുള്ള മുസ്‌ലിം പെണ്‍കുട്ടിയുടെ ക്രൂരപീഡനവും കൊലപാതകവും ഇന്ത്യയിലെ ജനങ്ങളെ അലോസരപ്പെടുത്താത്തത്? നീണ്ട മൂന്നു മാസത്തെ മൗനത്തില്‍ നിന്നുണര്‍ന്ന ഇന്ത്യന്‍ ജനത എന്തു നീതിക്കു വേണ്ടിയാണ് ആവശ്യപ്പെടുന്നത്? പതിറ്റാണ്ടുകളായി തുടരുന്ന കശ്മീരിലെ അനിശ്ചിതാവസ്ഥ ഇന്ത്യന്‍ ജനതയുടെ ദേശീയത ആളിക്കത്തിക്കുന്നതിലേക്കു മാത്രം ഒതുങ്ങുന്നതെന്താണ്? എന്തുകൊണ്ടാണ് വൈകിയൊലിച്ച കണ്ണീരിനപ്പുറം കശ്മീരിലെ ഇന്ത്യന്‍ ഭരണകൂട ഭീകരതയും ചര്‍ച്ചയാവാത്തത്? രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഉത്തരം പറയാന്‍ ബാധ്യസ്ഥമായ ചോദ്യങ്ങളാണിവ.
രസാന ഗ്രാമത്തില്‍ നിന്നു മുസ്‌ലിം കുടുംബങ്ങളെ ഓടിക്കാനുള്ള മാര്‍ഗമെന്നോണമാണ് എട്ടു വയസ്സുകാരിയെ കാണുന്നത്; രാജ്യം മുഴുവനായും കശ്മീരികളെ കാണുന്നതുപോലെത്തന്നെ. കടുത്ത വംശീയതയുടെ ഇരയായി മാറിയ ആ എട്ടു വയസ്സുകാരിയെ രാജ്യം കാണാതെപോയതിന്റെ ആദ്യ കാരണം അവള്‍ കശ്മീരി ആണെന്നതുതന്നെയാണ്. കശ്മീരിലെ മുസ്‌ലിം സ്ത്രീകളില്‍ ഏറ്റവും പുതിയ ഇരയാണ് കത്‌വയിലെ ഈ പെണ്‍കുട്ടി. ആദ്യത്തേതോ രണ്ടാമത്തേതോ മൂന്നാമത്തേതോ അല്ല.
കൂനന്‍ പോഷ്‌പോറയില്‍ ഒരൊറ്റ രാവിന്റെ നീളത്തില്‍ ഇന്ത്യന്‍ സൈന്യം ബലാല്‍സംഗം ചെയ്ത ഇരകളെ നമ്മള്‍ മറന്നു. വര്‍ഷങ്ങളായി ഇന്ത്യന്‍ സൈന്യം യുദ്ധതന്ത്രമായി കശ്മീരില്‍ ബലാല്‍സംഗത്തെ ഉപയോഗിക്കുന്നു. സൈന്യം കശ്മീരികളുടെ വീടുകളില്‍ കയറിച്ചെന്ന് അവിടത്തെ ആണുങ്ങളെ കൊലപ്പെടുത്തുകയും സ്ത്രീകളെ ബലാല്‍സംഗം ചെയ്യുകയുമാണ് പതിവ്. പലപ്പോഴും വീടുകളില്‍ സായുധരെ താമസിപ്പിച്ചെന്നും അവര്‍ക്ക് ഭക്ഷണം നല്‍കിയെന്നുമാണ് ആരോപിക്കുക. മറ്റു ചിലപ്പോള്‍ കുടുംബത്തിലെ അംഗങ്ങളോ ബന്ധുക്കളോ സായുധരാണെന്നു പറയും.
1990 ജനുവരിയില്‍ ഇന്ത്യന്‍ സൈന്യം കശ്മീരില്‍ കാലു കുത്തിയതു മുതല്‍ ഇതു തുടരുകയാണ്. അതായത്, ഇത്തരമൊരു സ്ഥലത്തു ജീവിക്കുക എന്നതുതന്നെ ഏതു സമയവും പീഡനത്തിനിരയാകാന്‍ കാരണമാകും എന്നതാണ്. അങ്ങനെയിരിക്കെ ഒരു കശ്മീരി പെണ്‍കുട്ടിയുടെ പീഡനവും കൊലപാതകവും നമ്മുടെ കണ്ണിലും കാതിലും എത്താന്‍ നീണ്ട മൂന്നു മാസത്തിനു ശേഷമുള്ള കുറ്റപത്രം വേണ്ടിവന്നതില്‍ അതിശയോക്തിയില്ല. മുസ്‌ലിം ബക്കര്‍വാല കുടുംബത്തില്‍ ജനിച്ചതാണ് അവള്‍ ചെയ്ത തെറ്റെന്ന് മുഖ്യപ്രതികളില്‍ ഒരാളായ വിശാല്‍ തന്റെ കുറ്റസമ്മതത്തില്‍ പറയുമ്പോള്‍, കാമാസക്തിയേക്കാള്‍ വംശീയ വിദ്വേഷമാണ് ഇവരുടെ ചെയ്തിക്കു പിന്നിലെന്നു വ്യക്തമാണ്.
അതേസമയം, രാജ്യത്ത് ഇന്നേവരെ കാണാത്ത രീതിയില്‍ പ്രതികള്‍ക്കു വേണ്ടി വാദിക്കുന്ന ഒരുകൂട്ടം പ്രതിഷേധം ഉണ്ടാവുന്നു. കുറ്റാരോപിതരായ എട്ടു പേര്‍ക്കു വേണ്ടി കത്‌വയിലെ അഭിഭാഷകര്‍ പ്രതിഷേധിക്കുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിക്കുന്നു. ഭരണത്തിലിരിക്കുന്ന ബിജെപി എംഎല്‍എമാര്‍ കാവിക്കൊടി ഉപേക്ഷിച്ച് ദേശീയ പതാകയേന്തി പ്രതിഷേധം സംഘടിപ്പിക്കുന്നു. മെഹ്ബൂബ മുഫ്തിക്കൊപ്പം സംസ്ഥാനം ഭരിക്കുന്ന ബിജെപി പിന്താങ്ങുന്ന സംഘടനയായ ഹിന്ദു ഏക്താ മഞ്ചാണ് ഇവിടെ പ്രതികള്‍ക്കു വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. ‘ജയ് ശ്രീറാം’ എന്ന് ഉദ്‌ഘോഷിച്ചുകൊണ്ടാണ് കത്‌വയിലെ അഭിഭാഷകര്‍ ആസിഫയുടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞത്.
മറിച്ച് പ്രതികള്‍ കശ്മീരി മുസ്‌ലിമോ സിഖുകാരനോ ദലിതനോ ആയിരുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥ? രാജ്യത്തിന്റെ തലസ്ഥാനത്താണ് ഇതു നടന്നിരുന്നതെങ്കില്‍ എന്തായിരുന്നു അവസ്ഥ? ഉത്തരം ലളിതമാണ്: ഇന്ത്യയില്‍ ജനരോഷം പോലും ഇരയാക്കപ്പെട്ടവരുടെയും പ്രതിയാക്കപ്പെട്ടവരുടെയും വംശം, സ്വത്വം, സാമൂഹിക അന്തരീക്ഷം, ഭൂപ്രകൃതി എന്നിവയെല്ലാം ആശ്രയിച്ചാണിരിക്കുന്നത്.     ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss