|    Apr 27 Thu, 2017 8:39 am
FLASH NEWS

കരകൗശല മികവ് തെളിയിച്ച് ജില്ലാ ശാസ്ത്രഐടി-പ്രവൃത്തി പരിയ മേളക്ക് തുടക്കമായി

Published : 15th November 2016 | Posted By: SMR

ചട്ടഞ്ചാല്‍: സാമൂഹ്യശാസ്ത്രബോധവും കരവിരുതും കൈമുതലാക്കി ബാലപ്രതിഭകള്‍ വിജ്ഞാനത്തിന്റെ മഴവില്ല് തീര്‍ത്തപ്പോള്‍ ജില്ലാ ശാസ്‌ത്രോല്‍സവത്തിന് ചട്ടഞ്ചാല്‍ ജിഎച്ച്എസ്എസില്‍ വര്‍ണപ്പകിട്ടാര്‍ന്ന തുടക്കം. ഇന്നലെ നടന്ന സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ, ഐടി മേളയില്‍ പുസ്തകതാളിനപ്പുറം അറിവിന്റെ വാതായനങ്ങള്‍ താണ്ടുന്ന കുരുന്നു പ്രതിഭകളുടെ പുതുലോകമാണ് സൃഷ്ടിക്കപ്പെട്ടത്. എല്‍പി വിഭാഗത്തിന്റെ മെറ്റല്‍ ഗ്രാവിങ്, വുഡ്ക്രാഫ്റ്റിങ്, ചോക്ക് നിര്‍മാണം, പാവ നിര്‍മാണം തുടങ്ങിയവ ഏറെ ആകര്‍ഷകമായിരുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വതയോടെയാണ് എല്‍പി വിദ്യാര്‍ഥികള്‍ മേളയില്‍ കരകൗശലവസ്തുക്കള്‍ നിര്‍മിച്ചത്. മെറ്റല്‍ ഗ്രാവിങില്‍ എല്‍പി വിഭാഗത്തിന്റെ പ്രകടനവും ഒന്നിനൊന്നു മെച്ചമായിരുന്നു. ഗ്രാഫ്റ്റിങ്, ബഡ്ഡിങ് വിഭാഗത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനമായിരുന്നില്ല വിദ്യാര്‍ഥികളുടേത്. പാചകകലയില്‍ ആണ്‍കുട്ടികളുടെ സാന്നിധ്യം ഇക്കുറി കൂടുതലായിരുന്നു. കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്് ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ മൊയ്തീന്‍കുട്ടി ഹാജി, ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തംഗം ടി ഡി കബീര്‍, ചെമനാട് പഞ്ചായത്തംഗങ്ങളായ ശംസുദ്ദീന്‍ തെക്കില്‍, ആസിയ മുഹമ്മദ്, കാഞ്ഞങ്ങാട് ഡിഇഒ കെ പി പ്രകാശ്കുമാര്‍, പ്രിന്‍സിപ്പല്‍ എം മോഹനന്‍ നായര്‍ സംസാരിച്ചു. പ്രവൃത്തി പരിചയമേളയില്‍ കാസര്‍കോട് ഉപജില്ല ഓവറോള്‍ ചാംപ്യന്മാരായി. എല്‍പി, യുപി., ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 48794 പോയിന്റുകളുമായാണ് ഇവര്‍ ജേതാക്കളായത്. ഹൊസ്ദുര്‍ഗ് 47592 പോയിന്റുകളുമായി രണ്ടാം സ്ഥാനവും ചെറുവത്തൂര്‍ 45881 പോയിന്റുകള്‍ നേടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐടി മേളയില്‍ 117 പോയിന്റ് നേടിയ ചെറുവത്തൂര്‍ ഉപജില്ല ചാംപ്യന്‍മാരായി. 115 പോയിന്റുമായി കാസര്‍കോട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 79 പോയിന്റ്് ലഭിച്ച ഹൊസ്ദുര്‍ഗാണ് മൂന്നാം സ്ഥാനത്ത്. സാമൂഹ്യ ശാസ്ത്രമേളയില്‍ 161 പോയിന്റ് നേടിയ ഹൊസ്ദുര്‍ഗ് ഉപജില്ലയാണ് ഓവറോള്‍ ചാംപ്യന്‍മാര്‍. 157 പോയിന്റുമായി ചെറുവത്തൂര്‍ രണ്ടാസ്ഥാനവും 152 പോയിന്റുമായി കാസര്‍കോട് മൂന്നാം സ്ഥാനവും നേടി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day