|    Jul 20 Fri, 2018 8:22 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കരകയറാനാവാതെ കടത്തില്‍ മുങ്ങി കോര്‍പറേഷന്‍

Published : 6th August 2017 | Posted By: fsq

 

എച്ച് സുധീര്‍

ഏറ്റവും പുതിയ കണക്കുകള്‍പ്രകാരം കോര്‍പറേഷന്റെ ശരാശരി പ്രതിദിന വരുമാനം 5.76 കോടിയാണ്. ഒരു ദിവസം ശരാശരി 5,290 സര്‍വീസാണു നടത്തുക. എന്നാല്‍, ഇവയില്‍ ചിലതൊക്കെ മാസത്തില്‍ 10 ദിവസം മാത്രമാണ് ഓപറേറ്റ് ചെയ്യുന്നതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിനം സര്‍വീസുകളുടെ നടത്തിപ്പിനും വായ്പാ തിരിച്ചടവിനുമായി ചെലവഴിക്കുന്നത് 11.91 കോടിയാണ്. ഡീസല്‍- മൂന്നുകോടി, വായ്പാ തിരിച്ചടവ്- മൂന്നുകോടി, ശമ്പളം- 2.91 കോടി, പെന്‍ഷന്‍- രണ്ടുകോടി, മറ്റു ചെലവുകള്‍- ഒരുകോടി എന്നിങ്ങനെയാണ് പ്രതിദിന ചെലവ്. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ കോര്‍പറേഷന്റെ പ്രതിദിനനഷ്ടം ആറുകോടിയിലേറെ രൂപയാണ്. ശമ്പളത്തിനും പെന്‍ഷനും പുറമേ ഡീസലിനുപോലും കടം വാങ്ങേണ്ട അവസ്ഥ. ഈ നഷ്ടക്കണക്ക് ചൂണ്ടിക്കാട്ടി ഡ്യൂട്ടി പരിഷ്‌കാരം ഉള്‍െപ്പടെയുള്ളവയ്ക്കു പിന്തുണ തേടി സിഎംഡി എം ജി രാജമാണിക്യം കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് കത്തും നല്‍കി. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറിയാല്‍ ഇപ്പോള്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുമെന്നാണ് സിഎംഡിയുടെ വാഗ്ദാനം. ഒരുദിവസം എകദേശം 16 ലക്ഷം കിലോമീറ്ററാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത്. ഒരുകിലോമീറ്റര്‍ ബസ് ഓടിക്കാന്‍ 69.34 രൂപ ചെലവാകുമെന്നു ജീവനക്കാര്‍ പറയുന്നു. എന്നാല്‍, ഒരുകിലോമീറ്ററില്‍ നിന്നുള്ള ശരാശരി വരുമാനമാവട്ടെ 34.35 രൂപ മാത്രം. ഡിപ്പോ, സബ് ഡിപ്പോ, ഓപറേഷന്‍ സെന്റര്‍, സ്റ്റേഷന്‍മാസ്റ്റര്‍ ഓഫിസ്, വര്‍ക്‌ഷോപ്പ് എന്നിവിടങ്ങളിലായി 45,000ഓളം വരുന്ന സ്ഥിര-താല്‍ക്കാലിക ജീവനക്കാരും ജോലിചെയ്യുന്നു. 3200ഓളം സ്ഥിരം ജീവനക്കാരും 900ഓളം എം-പാനല്‍ ജീവനക്കാരുമാണ് മെക്കാനിക്കല്‍ വിഭാഗത്തില്‍ പണിയെടുക്കുന്നത്. ഇവര്‍ക്കെല്ലാം പുറമേ 42,000 ഓളം പെന്‍ഷന്‍കാരും കോര്‍പറേഷനെ ആശ്രയിച്ചു കഴിയുന്നുണ്ട്. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരത്തിനെതിരേ മെക്കാനിക്കല്‍ ജീവനക്കാര്‍ രംഗത്തുവന്നതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസത്തി ല്‍ ദിവസങ്ങളോളം സംസ്ഥാനത്ത് സര്‍വീസ് മുടങ്ങിയിരുന്നു. എം-പാനലുകാരായ 450ലേറെ മെക്കാനിക്കല്‍ ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പറഞ്ഞുവിടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ശമ്പളം മുടങ്ങാതെ നല്‍കുക, മെക്കാനിക്കല്‍ വിഭാഗത്തിലെ ഡ്യൂട്ടി പരിഷ്‌കാരം പിന്‍വലിക്കുക, ഓപറേറ്റിങ് വിഭാഗത്തിലെ പുതിയ ഡ്യൂട്ടി ക്രമീകരണം പുനപ്പരിശോധിക്കുക, പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജീവനക്കാര്‍ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ വരുമാനം വര്‍ധിപ്പിക്കാനോ മാനേജ്‌മെന്റോ ജീവനക്കാരോ ക്രിയാത്മകമായ ഇടപെടല്‍ നടത്തുന്നില്ലെന്നതാണു വസ്തുത. പ്രതിസന്ധിയില്‍ മുങ്ങിത്താഴുമ്പോള്‍ പിടിവള്ളിയെന്നോണം മാനേജ്‌മെന്റ് എന്തെങ്കിലും നടപടികള്‍ കൈക്കൊണ്ടാല്‍ പണിമുടക്കുമായി ജീവനക്കാരെത്തും. ഒരുദിവസത്തെ പണിമുടക്കിലൂടെ കോര്‍പറേഷന് നഷ്ടമാവുന്നത് 5.76 കോടിയാണെന്നതു തൊഴിലാളികളും വിസ്മരിച്ചുകൂടാ.ഇതിനുപുറമേ, സമാന്തര വാഹനങ്ങള്‍ വില്ലന്റെ റോളിലെത്തുന്നതും കെഎസ്ആര്‍ടിസിയുടെ വരുമാനചോര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നു. നിയമലംഘനം നടത്തുന്ന സമാന്തര സര്‍വീസുകള്‍ക്കെതിരേ നടപടിയെടുക്കാന്‍ രൂപീകരിച്ച സ്‌ക്വാഡിന്റെ പ്രവര്‍ത്തനം നിലച്ചതോടെ അനധികൃത സര്‍വീസുകള്‍ ക്രമാതീതമായി വര്‍ധിച്ചു. കേരളത്തിലെ ദേശസാല്‍കൃത റോഡുകളില്‍ കെഎസ്ആര്‍ടിസി ബസ്സുകളുടെ മുന്നിലും പിന്നിലുമായി സമാന്തര വാഹനങ്ങള്‍ വ്യാപകമായി അനധികൃത സര്‍വീസ് നടത്തുന്നത് വരുമാനത്തില്‍ വന്‍ ചോര്‍ച്ചയ്ക്കു കാരണമായിട്ടുണ്ട്. ഒരു കെഎസ്ആര്‍ടിസി ബസ്സിന് ബദലായി മൂന്നും നാലും സമാന്തര സര്‍വീസുകളാണ് നിരത്തിലോടുന്നത്. ഇത്തരം റൂട്ടുകളില്‍ ഡീസലടിക്കാനുള്ള തുകപോലും പല സര്‍വീസുകളില്‍നിന്നും ലഭിക്കാറില്ലെന്ന് ജീവനക്കാര്‍ പറയുന്നു. സമാന്തര സര്‍വീസുകളുടെ ആധിക്യത്താല്‍ തലസ്ഥാന ജില്ലയില്‍ മാത്രം പ്രതിദിനം 40 ലക്ഷത്തിന്റെ നഷ്ടമാണ് കോര്‍പറേഷന്‍ നേരിടുന്നത്. ഭരണകക്ഷിയുടെ നേതാക്കന്‍മാര്‍ ഉള്‍പ്പെടെ നേരിട്ട് നിയന്ത്രിക്കുന്ന സമാന്തര വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ പോലിസ്-മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്നതും വസ്തുതയാണ്. നികുതിപോലും നല്‍കാതെ സമാന്തര വാഹനങ്ങള്‍ ലക്ഷങ്ങളാണു സമ്പാദിക്കുന്നത്. ഒരു വാഹനത്തിനു ദിവസം 3,000 രൂപ വരെ കലക്ഷന്‍ ലഭിക്കുന്നുണ്ട്. നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കാട്ടാക്കട, ചിറയിന്‍കീഴ് പ്രദേശങ്ങളിലായി 2000ലേറെ സമാന്തര വാഹനങ്ങളുണ്ട്. സമാന്തര വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നതിനാല്‍ ഇവയെ നിരത്തുകളില്‍നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് പോലിസും മോട്ടോര്‍വാഹന വകുപ്പും കെഎസ്ആര്‍ടിസിയും ചേര്‍ന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുകയും നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പലവിധ രാഷ്ട്രീയ-ഉദ്യോഗസ്ഥ സമ്മര്‍ദങ്ങളാല്‍ സ്‌ക്വാഡിനെ മരവിപ്പിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തു. ഇതുകൂടാതെ കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് മാത്രം കൈവശമുള്ള സ്വകാര്യ ലക്ഷ്വറി ബസ്സുകള്‍ ഇതേനിലയില്‍ അനധികൃതമായി സ്റ്റേജ് കാര്യറായി സര്‍വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം സംഗീത കോളജിനു മുന്നില്‍നിന്നു മാത്രം 49 ബസ്സുകള്‍ നിയമപരമല്ലാതെ സര്‍വീസ് നടത്തുന്നതായി യൂനിയനുകള്‍ അടുത്തിടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തലസ്ഥാന ജില്ലയിലെ നെയ്യാറ്റിന്‍കര, പാറശ്ശാല ഡിപ്പോകള്‍ക്കു കീഴിലുള്ള സമാന്തര സര്‍വീസുകള്‍ക്കെതിരേ മാസങ്ങള്‍ക്കു മുമ്പ് മോട്ടോര്‍വാഹന വകുപ്പ് നടപടി ശക്തമാക്കിയതോടെ നെയ്യാറ്റിന്‍കര ഡിപ്പോയ്ക്കും പാറശ്ശാല ഡിപ്പോയ്ക്കും റെക്കോഡ് വരുമാനമാണു ലഭിച്ചത്. ഏഴേകാല്‍ലക്ഷത്തില്‍ നിന്നു പത്തേമുക്കാല്‍ ലക്ഷമായി നെയ്യാറ്റിന്‍കര ഡിപ്പോയുടെ വരുമാനം ഉയര്‍ന്നു. പാറശ്ശാല ഡിപ്പോയുടെ വരുമാനം 10 ലക്ഷത്തിനു മുകളിലെത്തി. അതിനിടെ, സ്വകാര്യ ബസ്സുകളെ സഹായിക്കാന്‍ ബംഗളൂരു പെര്‍മിറ്റുള്ള വോള്‍വോ ബസ്സുകള്‍ മനപ്പൂര്‍വം കേടുവരുത്തി കെഎസ്ആര്‍ടിസിക്ക് ഒരുകോടി രൂപ നഷ്ടം വരുത്തിയെന്ന കേസില്‍ കെഎസ്ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ ഉള്‍പ്പെടെ 10 ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ചുരുക്കത്തില്‍ ഒരിക്കലും കരകയറാനാവാത്ത തരത്തില്‍ കോര്‍പറേഷനെ തളച്ചിടുന്നതില്‍ ചില ഉദ്യോഗസ്ഥരും തൊഴിലാളികളും ഉത്തരവാദികളാണെന്നതു പകല്‍പോലെ സത്യമാണ്.          (അവസാനിക്കുന്നില്ല) നാളെ: ശുഭപ്രതീക്ഷയായി പുതുസര്‍വീസുകള്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss