|    Jun 18 Mon, 2018 11:09 pm

കയര്‍ കേരള 2017 : ഇനി അഞ്ചു നാള്‍ ആലപ്പുഴയില്‍ കയറിന്റെ ആഘോഷം

Published : 5th October 2017 | Posted By: fsq

 

ആലപ്പുഴ: ഏഴാമത് കയര്‍ കേരളയ്ക്ക് ഇന്ന്് വൈകീട്ട് നാലരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരി തെളിക്കും. അന്തര്‍ദേശീയ പവലിയന്‍ പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ മന്ത്രി ജി സുധാകരനും ദേശീയ പവലിയന്‍ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി തിലോത്തമനും ടൂറിസം മ്യൂസിയം പവലിയന്‍ ഗതാഗത മന്ത്രി  തോമസ് ചാണ്ടിയും ഉദ്ഘാടനം ചെയ്യും.സംസ്‌കാരിക സായാഹ്നത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. ധനകാര്യ, കയര്‍ വകുപ്പുകളുടെ മന്ത്രി ഡോ. ടിഎം തോമസ് ഐസക് അധ്യക്ഷത വഹിക്കും.ഡോ.ടിഎം തോമസ് ഐസക് രചിച്ച ‘കേരള കയര്‍ ദി അജണ്ട ഫോര്‍ മോഡേനൈസേഷന്‍’ എന്ന ഇംഗ്ലീഷ് പുസ്തകം മുന്‍ എംപിയും കയര്‍ ബോര്‍ഡ് ചെയര്‍മാനുമായ സിപി രാധാകൃഷ്ണന്‍ പ്രകാശനം ചെയ്യും. കയര്‍ ഡയറക്ടര്‍ എന്‍ പത്മകുമാര്‍ ആദ്യപ്രതി സ്വീകരിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ പ്രഫ. വികെ രാമചന്ദ്രന്‍, കെസി വേണുഗോപാല്‍ എംപി, അപ്പെക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാന്‍ ആനത്തലവട്ടം ആനന്ദന്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ആലപ്പുഴ  മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, എംഎല്‍എമാരായ അഡ്വ. എഎം ആരിഫ്, അഡ്വ. യു പ്രതിഭാ ഹരി, അഡ്വ. കെകെ രാമചന്ദ്രന്‍ നായര്‍, ആര്‍ രാജേഷ്, ജില്ലാ കലക്ടര്‍ ടിവി അനുപമ, ആലപ്പുഴ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ഡി ലക്ഷ്മണന്‍, സ്‌റ്റേഡിയം വാര്‍ഡ് കൗണ്‍സിലര്‍ ജി ശ്രീചിത്ര അനുമോദന പ്രസംഗം നടത്തും .വൈകീട്ട് 3.30ന് എസ്ഡിവി സ്‌റ്റേഡിയത്തില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. ഇതേസമയം ഇഎംഎസ് സ്‌റ്റേഡിയത്തില്‍ കിഷന്ത് തൃപ്പൂണിത്തുറയും സംഘവും അവതരിപ്പിക്കുന്ന താളവാദ്യമേളം അരങ്ങേറും. ഉദ്ഘാടന പരിപാടിക്കുശേഷം ചലച്ചിത്ര പിന്നണി ഗായകരായ അഫ്‌സലും ജ്യോത്സ്‌നയും അവതരിപ്പിക്കുന്ന ഗാനമേള. 120 സ്റ്റാളുകളുള്ള രാജ്യാന്തര പവലിയനും 146 സ്റ്റാളുകളുള്ള ദേശീയ പവലിയനുമാണ് ഇത്തവണ കയര്‍ കേരളയ്ക്കായി തയ്യാറായിരിക്കുന്നത്. പൂര്‍ണമായും ശീതീകരിച്ചതും എല്ലാവിധ സൗകര്യങ്ങളുമുള്ള പവലിയനുകളാണ് രണ്ടും. ദേശീയ പവലിയനില്‍ എല്ലാ ദിവസവും പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രവേശനമാണ്. കലാപരിപാടികളും വിവിധ മല്‍സരങ്ങളും നടക്കുന്ന വേദിയില്‍ ഒരേസമയം 1500 പേര്‍ക്കുവരെ ഇരിക്കാനുള്ള സൗകര്യമുണ്ട്. ഫുഡ് കോര്‍ട്ട് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.കയര്‍ ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കും; മന്ത്രിആലപ്പുഴ: ഇന്ത്യയിലെ ആഭ്യന്തര വിപണിയില്‍ കേരളത്തിന്റെ കയര്‍ ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വില്‍ക്കുന്നതിനായി പ്രത്യേക കമ്പനിക്ക് രൂപംനല്‍കുമെന്ന് ധനകാര്യ കയര്‍ മന്ത്രി ഡോ. ടിഎം തോമസ് ഐസക് പറഞ്ഞു. കേരളത്തിന്റെ കയറുല്‍പന്നങ്ങള്‍ക്ക് ആഭ്യന്തര വിപണിയില്‍ ആവശ്യക്കാരില്ലാത്തതല്ല, അവയെപ്പറ്റി കൃത്യമായി അറിവില്ലാത്തതാണ് വിപണി ശുഷ്‌കമാവാന്‍ കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതരസംസ്ഥാനങ്ങളിലേക്കുള്ള ആദ്യത്തെ ലോഡ് കയര്‍ ഉല്‍പന്നങ്ങള്‍ കയറ്റിയയക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കയര്‍ കോര്‍പറേഷനില്‍ മന്ത്രി തോമസ് ഐസക് വാഹനങ്ങളുടെ ഫഌഗ് ഓഫ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ നാസര്‍, കയര്‍ ഡയറക്ടര്‍ എന്‍ പദ്മകുമാര്‍, കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെകെ ഗണേഷ്, പി ജ്യോതിസ്  പങ്കെടുത്തു. 60 ലക്ഷം രൂപയ്ക്കു മുകളില്‍ വില വരുന്ന അഞ്ച് ലോഡ് കയര്‍ ഉല്‍പന്നങ്ങളാണ് ആദ്യ ഘട്ടമായി ആലപ്പുഴയില്‍ നിന്ന് കേരളത്തിനു വെളിയിലേക്കു പോവുന്നത്. ഉത്തരേന്ത്യയിലും മറ്റും വിപണി വിപുലപ്പെടുത്താനും ഉല്‍പന്നങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കാനും ന്യൂഡല്‍ഹിയില്‍ ഗോഡൗണ്‍ തുറന്നിട്ടുണ്ട്. അവിടേക്കുള്ളതിനൊപ്പം കൊല്‍ക്കൊത്ത, ലക്‌നൗ, ്.അഹമ്മദാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കും കയര്‍ ഉല്‍പന്നങ്ങള്‍ കയറ്റിയയച്ചു.  മറ്റു സംസ്ഥാനങ്ങളിലും വിപണി വിപുലമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടന്നുവരികയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss