|    Sep 25 Tue, 2018 2:24 pm
FLASH NEWS

കയര്‍ കേരള വൈകാന്‍ സാധ്യത

Published : 22nd January 2017 | Posted By: fsq

 

ആലപ്പുഴ: എല്ലാ വര്‍ഷവും ഫെബ്രുവരി ആദ്യ വാരം ആലപ്പുഴയില്‍ നടക്കുന്ന അന്താരാഷ്ട്ര കയര്‍ മേളയ്ക്ക് ഇക്കുറി അധികൃതര്‍ തയ്യാറെടുപ്പ് നടത്തുന്നില്ല. 2011 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ ഒരേ മാതൃകയില്‍ നടന്ന കയര്‍ ഫെസ്റ്റിന് കയര്‍ മന്ത്രി തോമസ് ഐസക് പുതിയ തിയ്യതി തിരഞ്ഞെടുക്കുകയായിരുന്നു. 2011ല്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് അന്നത്തെ കയര്‍ മന്ത്രിയായിരുന്ന ജി സുധാകരന്‍ മുന്‍കൈയെടുത്ത് കയര്‍ മേള ആരംഭിച്ചത്. കയര്‍ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുമ്പോള്‍ എടുത്ത തീരുമാനം ഏറെ കൈയടി നേടാനും കാരണമായി. തുടര്‍ന്് വന്ന യുഡിഎഫ് സര്‍ക്കാരും മേള മുടക്കമില്ലാതെ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ തിയ്യതി മാറ്റത്തിന് പിന്നില്‍ തോമസ് ഐസക്- ജി സുധാകരന്‍ പോര് കാരണമായിട്ടുണ്ടെന്നാണ് സംസാരം. കയര്‍ മേള നടക്കുന്ന ഇഎംഎസ് സ്‌റ്റേഡിയം ജി സുധാകരന്റെ മണ്ഡലത്തിലാണ്. മേളയില്‍ സ്ഥലം എംഎല്‍എയായ ജി സുധാകരന്റെ സാന്നിധ്യം നിര്‍ണായകമാവും. ഇതൊഴിവാക്കാന്‍ തോമസ് ഐസകിന്റെ മണ്ഡലത്തില്‍ എവിടേക്കെങ്കിലും മേള മാറ്റി സ്ഥാപിക്കുമെന്നും സൂചനയുണ്ട്. അന്താരാഷ്ട്ര ടൂറിസം രംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയ  നെഹ്്‌റു ട്രോഫി വള്ളം കളി നടക്കുന്നത് ആഗസ്ത് മാസം രണ്ടാം ശനിയാഴ്ചയാണ്. അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന ഈ സമയങ്ങളില്‍ കയര്‍ മേള സംഘടിപ്പിച്ചാല്‍ ഏറെ പ്രയോജന പ്രദമാവുമെന്നതും തിയ്യതി മാറ്റത്തിന് കാരണമായതായും പറയുന്നു. നെഹ്്‌റു ട്രോഫി വള്ളംകളി നടക്കുന്ന പുന്നമടക്കായലിലെ ഫിനിഷിങ് പോയിന്റ് ആലപ്പുഴ മണ്ഡലത്തിലുമാണ്. എന്നാല്‍, കയറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഐസക്കിന് ഈ രംഗത്തെ വികസനപ്രവര്‍ത്തനങ്ങളെ കുറിച്ച് ശരിയായ കാഴ്ചപ്പാടുണ്ടെന്നും അതനുസരിച്ചുള്ള മാറ്റങ്ങളാണ് നടത്തുന്നതെന്നുമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. കൊട്ടിഘോഷിച്ച് കോടികള്‍ ചെലവഴിച്ച് നടത്തുന്ന ‘കയര്‍ കേരള’യുടെ വരവ് ചെലവ് കണക്കുകള്‍ പോലും സര്‍ക്കാരിന്റെ പക്കലില്ലാത്ത ദുരവസ്ഥയുമുണ്ട്. സ്വകാര്യ കയര്‍ കമ്പനികള്‍ക്കാണ് ഇതുമൂലം ഏറെ പ്രയോജനമുണ്ടാവുന്നതെന്നും പറയുന്നു. താന്‍ ആവിഷ്‌കരിച്ച ഏറ്റവും വിപ്ലവകരമായ പദ്ധതിയാണ് കയര്‍ഫെസ്‌റ്റെന്നാണ് ജി സുധാകരന്‍ അവകാശപ്പെടുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ ആലപ്പുഴയില്‍ നടക്കുന്ന ഫെസ്റ്റ് ആഗോള കയര്‍ കലണ്ടറില്‍ രേഖപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. വിദേശങ്ങളില്‍ നിന്നുള്ള വന്‍കിട ഇടപാടുകാര്‍ക്ക് ഇവിടെ എത്തിച്ചേരാന്‍ കഴിയുന്നതും ടൂറിസം സീസണായ ഇക്കാലയളവിലായിരുന്നു. നടത്തിപ്പ് ചുമതലയില്‍ നിന്ന് നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടി(എന്‍സിആര്‍എംഐ)നെ ഒഴിവാക്കി കയര്‍ കോര്‍പ്പറേഷനെ ഏല്‍പ്പിക്കാനും ആലോചനയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss