|    Jul 18 Wed, 2018 2:56 am
FLASH NEWS

കയര്‍ത്തൊഴിലാളികള്‍ക്ക് 97.5 കോടി വിതരണം ചെയ്യും

Published : 12th August 2017 | Posted By: fsq

 

ആലപ്പുഴ: ഇത്തവണ ഓണത്തിന് മുമ്പായി കയര്‍ത്തൊഴിലാളികള്‍ക്ക് 97.5 കോടി രൂപ സര്‍ക്കാര്‍ വിതരണം ചെയ്യും. കുടിശ്ശിക തീര്‍ത്ത് പെന്‍ഷന്‍,  ഒരു തൊഴിലാളി്ക്ക് ഏറ്റവും കുറഞ്ഞത് 4400 രൂപ, കയര്‍ സഹകരണ സംഘങ്ങള്‍ക്ക് പ്രതിമാസം 5000 രൂപ  മാനേജീരിയല്‍ സബ്‌സിഡി, നിബന്ധനകള്‍ക്കു വിധേയമായി പ്രവര്‍ത്തനമൂലധനം, പ്രൊഡക് ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സെന്റീവ്, മാര്‍ക്കറ്റ് ഡവലപ്‌മെന്റ് അസിസ്റ്റന്‍സ്, വരുമാന ഉറപ്പുപദ്ധതിയില്‍ കിട്ടാനുള്ള കുടിശ്ശിക എന്നിങ്ങനെയുള്ള  ആനുകൂല്യങ്ങളാണ് കയര്‍ മേഖലയ്ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനമായി നല്‍കുന്നത്.എല്ലാം കൂടി 97.5 കോടി രൂപ ഈ ഓണക്കാലത്ത് കയര്‍ മേഖലയ്ക്ക് ലഭിക്കുന്നത്. ക്ഷേമനിധിയില്‍ അംഗമായി നിശ്ചിതപ്രായത്തില്‍ വിരമിക്കുന്നവര്‍ക്കുള്ള  അംശാദായത്തുകയുടെ കുടിശ്ശികയും തീര്‍ക്കാന്‍ പത്തുകോടി രൂപ അനുവദിച്ചിട്ടുണ്ട്. 1997 മുതല്‍ 2006 വരെയും 2011നു ശേഷമുള്ള കാലത്തെയും കുടിശികയാണ് തീര്‍ക്കുന്നത്. ഏതാണ്ട് ഇരുപതിനായിരത്തോളം തൊഴിലാളികള്‍ക്ക് ഒന്നാംഘട്ടമായി വിരമിക്കല്‍ ആനുകൂല്യം ലഭിക്കും. ഈ കുടിശികയും പെന്‍ഷനും കൂടി ചേരുമ്പോള്‍ ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കുറഞ്ഞത് പതിനായിരം രൂപ ഓണക്കാലത്ത് കൈയിലെത്തും.  കയര്‍ സഹകരണ സംഘങ്ങളുടെ സമഗ്ര പുനസ്സംഘടനാ പരിപാടിക്കും തുടക്കം കുറിക്കും. പുനസ്സംഘടന യാഥാര്‍ഥ്യമാവുന്നതുവരെ ഭരണച്ചെലവിന്റെ ഒരുഭാഗം സര്‍ക്കാര്‍ നല്‍കും. ഇത്തരത്തില്‍ പ്രതിമാസം 5000 രൂപ വീതം മാനേജീരിയല്‍ സബ്‌സിഡി സംഘങ്ങള്‍ക്കു ലഭിക്കും. ഇതിനുള്ള മൂന്നുകോടി രൂപയും കൈമാറി. ചെലവഴിക്കാതെ നിഷ്‌ക്രിയമായിക്കിടക്കുന്ന തുക പ്രവര്‍ത്തന മൂലധനമായി മാറ്റാനും അനുമതി നല്‍കി. ആറുകോടിയോളം രൂപയാണ് ഇത്തരത്തില്‍ സംഘങ്ങള്‍ക്കു ലഭിക്കുക. കയര്‍പിരി സംഘങ്ങള്‍ക്ക് പരമാവധി അഞ്ചു ലക്ഷം രൂപ വരെയും മാറ്റ്‌സ് ആന്‍ഡ് മാറ്റിംഗ്‌സ് സംഘങ്ങള്‍ക്ക് പരമാവധി ഏഴു ലക്ഷം രൂപ വരെയും ചെറുകിട ഉല്‍പാദക സഹകരണ സംഘങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും പ്രവര്‍ത്തനമൂലധനമായി ലഭിക്കും. 12 കോടി രൂപയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഫലത്തില്‍ 18 കോടിയോളം രൂപ പ്രവര്‍ത്തനമൂലധനമായി മാത്രം സംഘങ്ങള്‍ക്കു ഈ ഓണക്കാലത്തു ലഭിക്കും. പ്രൊഡക്ഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സെന്റീവ് ഇനത്തില്‍ നാലുകോടി രൂപയും മാര്‍ക്കറ്റ് ഡെവലെപ്പ്‌മെന്റ് അസിസ്റ്റന്‍സ് ആയി ഒമ്പതു കോടി രൂപയും ഈ ഓണക്കാലത്തു തന്നെ നല്‍കും. കയര്‍ത്തൊഴിലാളികള്‍ക്ക് വരുമാന ഉറപ്പുപദ്ധതിയില്‍ നല്‍കാനുള്ള കുടിശിക തീര്‍ത്തു നല്‍കാനും പണം കൈമാറിയിട്ടുണ്ട്. 12.5 കോടി രൂപയാണ് ഇതിനായി കൊടുത്തിട്ടുള്ളത്. വിവിധ കയര്‍ സഹകരണ സംഘം ഭാരവാഹികളുടേയും,ജീവനക്കാരുടേയും  പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളുടേയും ജീവനക്കാരുടേയും മഹാ സമ്മേളനത്തില്‍ 97.5 കോടിയുടെ ആനുകൂല്യങ്ങളാണ് വിതരണം ചെയ്യുന്നത്. വിതരണച്ചടങ്ങ് നാളെ ആലപ്പുഴ ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ പത്തിന് നടക്കുന്ന പരിപാടിയില്‍ പൊതുമരാമത്തു വകുപ്പു മന്ത്രി ജി സുധാകരന്‍, ഗതാഗത മന്ത്രി തോമസ് ചാണ്ടി, ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എം പി  തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ ട്രേഡ് യൂനിയന്‍ നേതാക്കളും പൊതുമേഖലാ സ്ഥാപനങ്ങളിലെ തലവന്‍മാരും പങ്കെടുക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss