|    Dec 11 Tue, 2018 12:09 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കമ്മ്യൂണിസ്റ്റ ്എംഎല്‍എ ഇ ടി കുഞ്ഞന്റെ 33ാം ചരമവാര്‍ഷികം ആരോരുമറിയാതെ

Published : 3rd December 2018 | Posted By: kasim kzm

പി വി മോഹന്‍ദാസ്

എടപ്പാള്‍: കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ വിസ്മരിച്ച കമ്മ്യൂണിസ്റ്റ് എംഎല്‍എ ഇ ടി കുഞ്ഞന്റെ 33ാം ചരമവാര്‍ഷികം കടന്നുപോവുമ്പോഴും ഈ ദിനം ഓര്‍മിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ മാത്രം. കേരളപ്പിറവിക്കു മുമ്പ് മലബാര്‍ പ്രദേശം മദ്രാസ് അസംബ്ലിയുടെ ഭാഗമായിരുന്ന കാലത്ത് മലബാറിലും തുടര്‍ന്ന് കേരള നിയമസഭയിലും 13 വര്‍ഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എംഎല്‍എയായി പ്രവര്‍ത്തിച്ച എടപ്പാള്‍ തുയ്യം എലിയത്ത് തറയിലെ ഇ ടി കുഞ്ഞന്റെ 33ാം ചരമവാര്‍ഷിക ദിനം പാര്‍ട്ടിക്കാര്‍ ആരുമറിയാതെ ഇന്നു കടന്നുപോവുകയാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും പാര്‍ട്ടി പിളര്‍പ്പിനു ശേഷം സിപിഎമ്മിലും തുടര്‍ന്ന് സിപിഐയിലും മരണം വരെ പ്രവര്‍ത്തിച്ച ഇ ടി കുഞ്ഞന് അര്‍ഹിക്കുന്ന രൂപത്തിലുള്ള ഒരു ആദരവ് നല്‍കാന്‍ അദ്ദേഹം പുരുഷായുസ്സ് മുഴുവന്‍ പ്രയത്‌നിച്ച പ്രസ്ഥാനങ്ങള്‍ തയ്യാറായിട്ടില്ല.
കേരളത്തിലെ പട്ടികജാതി, പിന്നാക്ക സമുദായത്തിനു വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവച്ച കമ്മ്യൂണിസ്റ്റ് നേതാവിന്റെ സ്മരണയ്ക്ക് അദ്ദേഹത്തിന്റെ പേരില്‍ ഒരു വായനശാല പോലും സ്ഥാപിക്കാന്‍ പ്രസ്ഥാനം തയ്യാറാവാത്തത് അദ്ദേഹം ഒരു ദലിതനായതുകൊണ്ടു മാത്രമാണെന്ന് ഇ ടി കുഞ്ഞന്റെ കുടുംബം കരുതുന്നു. ഇ ടി കുഞ്ഞന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചെയ്ത സേവനങ്ങളുടെ പത്തിലൊരംശമെങ്കിലും ചെയ്യാത്ത ഒട്ടേറെ നേതാക്കള്‍ക്കു പോലും അവരവരുടെ ജന്മനാട്ടിലും മറ്റും ഒട്ടനവധി സ്മാരകങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും ഇ ടി കുഞ്ഞനെ മറക്കുകയായിരുന്നു. കേരളപ്പിറവിക്കു ശേഷം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കു മുന്‍തൂക്കമുള്ള ഒട്ടേറെ സര്‍ക്കാരുകള്‍ സംസ്ഥാനത്ത് ഭരണത്തില്‍ വന്നിട്ടും സഖാവ് ഇമ്പിച്ചിബാവയ്‌ക്കൊപ്പവും ഇ യു ജി മേനോനോടൊപ്പവും പ്രവര്‍ത്തിച്ച ഈ നേതാവിനെ ഓര്‍ക്കാന്‍ പാര്‍ട്ടി തയ്യാറായില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് എക്കാലവും വീര്യവും ആവേശവും പകര്‍ന്ന പുന്നപ്ര വയലാര്‍ സമരത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സമരപോരാളികള്‍ക്ക് ഒരു വര്‍ഷത്തോളം ഒളിത്താവളമൊരുക്കിയത് ഇ ടി കുഞ്ഞന്റെ വീട്ടിലായിരുന്നു. സമരക്കാര്‍ ഒളിവില്‍ താമസിക്കുന്ന വിവരമറിഞ്ഞ് ഇവിടെയെത്തിയ പട്ടാളക്കാരുടെ ശ്രദ്ധ തിരിക്കാന്‍ ഇവിടെയുള്ള രായിക്കുളത്തിലേ—ക്ക് വലിയ കല്ലുകള്‍ എടുത്തിട്ട് പോരാളികള്‍ രക്ഷപ്പെട്ട ചരിത്രവും ഇവിടെയുണ്ട്.
പ്രക്ഷോഭകര്‍ കുളത്തില്‍ വീണെന്നു വിശ്വസിച്ച് അവരെ നേരിടാനായി കുളത്തിലേക്ക് പട്ടാളക്കാര്‍ കഠാര എറിയുകയും പിന്നീട് കുളത്തിലെ വെള്ളം വറ്റിയപ്പോള്‍ ആ കഠാര കണ്ടെടുക്കുകയും അവ ഏറെക്കാലം ഇ ടി കുഞ്ഞന്റെ വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നതായി ചരിത്രം പറയുന്നു.
എടപ്പാള്‍ തുയ്യം ദേശത്തെത്താന്‍ സഞ്ചാരയോഗ്യമായ ഒരു വഴിയില്ലായിരുന്നു. 1950 കാലഘട്ടത്തിലായിരുന്നു കുഞ്ഞന്‍ മുന്‍കൈയെടുത്ത് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന ബേബി ജോണിന്റെ റോഡ് നിര്‍മിച്ചത്. എടപ്പാള്‍ ഗവ. ഹൈസ്‌കൂളും എടപ്പാളിലെ ഗവ. ആശപത്രിയും ഉദിനിക്കര ജിഎല്‍പി സ്‌കൂളും നരിപ്പറമ്പ്-പോത്തനൂര്‍ റോഡുകള്‍ എന്നിവയെല്ലാം ഇ ടി കുഞ്ഞന്റെ ശ്രമഫലമായാണുണ്ടായത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി കൃഷ്ണപിള്ള മുതല്‍ ഇ എം എസ് നമ്പൂതിരിപ്പാട് വരെയുള്ള ഒട്ടേറെ നേതാക്കള്‍ പാര്‍ട്ടി നിരോധനത്തെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്നത് ഇ ടി കുഞ്ഞന്റെ വീട്ടിലും പരിസര വീടുകളിലുമായിരുന്നു. 1947-48 കാലഘട്ടങ്ങളില്‍ പൊന്നാനി താലൂക്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഘടകം രൂപീകരിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചവരില്‍ പ്രമുഖനായിരുന്ന ഇ ടി കുഞ്ഞന്‍ ഒട്ടേറെ സമരങ്ങള്‍ക്കു നേതൃത്വം നല്‍കുകയും അതേത്തുടര്‍ന്ന് ഏറെ പോലിസ് മര്‍ദനമേല്‍ക്കേണ്ടിവരുകയും ചെയ്ത നേതാവായിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ടര വര്‍ഷത്തോളം രാഷ്ട്രീയ തടവുകാരനുമായിരുന്നു. 1952ലെ മദിരാശി നിയമസഭയിലെ ആദ്യ പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ എംഎല്‍എയായും പിന്നീട് പൊന്നാനി, തൃത്താല അസംബ്ലി മണ്ഡലങ്ങളിലെ എംഎല്‍എയായും 13 വര്‍ഷം പ്രവര്‍ത്തിച്ച കുഞ്ഞന്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് അംഗമായി താന്‍ പ്രതിനിധീകരിക്കുന്ന ദലിത് വിഭാഗങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വേണ്ടിയും ത്യാഗോജ്ജ്വല പോരാട്ടങ്ങളാണ് നടത്തിയത്.
വൈകിയാണെങ്കിലും കുഞ്ഞന് ഉചിതമായ സ്മാരകം ജന്മനാട്ടില്‍ ഉയര്‍ന്നുവരുമെന്ന ഉറച്ച വിശ്വാസത്തിലാണ് കമ്മ്യൂണിസ്റ്റ് പൈതൃകവും പാരമ്പര്യവും പിന്തുടരുന്ന സഖാവ് ഇ ടി കുഞ്ഞന്റെ കുടുംബാംഗങ്ങള്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss