|    Oct 16 Tue, 2018 7:35 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

കമ്മ്യൂണിസ്റ്റുകളുടെ ദര്‍ശനങ്ങള്‍ അന്നും ഇന്നും

Published : 19th September 2017 | Posted By: fsq

കമ്മ്യൂണിസ്റ്റുകളുടെ ഭക്തിയും വിഭക്തിയും ഇതാദ്യമായല്ല ചര്‍ച്ചചെയ്യപ്പെടുന്നത്. കടകംപള്ളി സുരേന്ദ്രന്‍ എന്ന വിശ്വാസിയായ കമ്മ്യൂണിസ്റ്റ് ശ്രീകൃഷ്ണജയന്തി നാളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ‘അഭിനയിച്ച’തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുമ്പോള്‍ സാക്ഷാല്‍ ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പത്‌നീസമേതം വഴിപാട് കഴിച്ചതിനു ദൃക്‌സാക്ഷിയായതും സംഭവം വിശദമായി മാതൃഭൂമിക്കു വേണ്ടി റിപോര്‍ട്ട് ചെയ്തതും നല്ല ഓര്‍മ. 1981 കാലം. ഇഎംഎസിന് തിമിരശസ്ത്രക്രിയ. മാതൃഭൂമിയില്‍ നിന്ന് ന്യൂസ് എഡിറ്റര്‍ വിംസി എന്നെ വിളിക്കുന്നു. മണിപ്പാല്‍ ആശുപത്രിയില്‍ അടിയന്തരമായി പോവുക. ഇഎംഎസ് ഓപറേഷന്‍ കഴിഞ്ഞ് വിടുതലാവും വരെ മണിപ്പാലില്‍ തങ്ങുക. ഒരു വിദൂര ഫോണ്‍ കിട്ടാന്‍ ട്രങ്ക് ബുക്ക് ചെയ്ത് ചിലനേരം 30 മിനിറ്റെങ്കിലും കാത്തിരിക്കേണ്ട ക്ഷമകെടുന്ന നാളുകള്‍. പ്രാദേശിക ലേഖകര്‍ക്ക് മാതൃഭൂമി എന്നല്ല ഒരു പത്രവും നല്ല പ്രതിഫലം നല്‍കാത്ത ആസുരനാളുകള്‍. ഞാന്‍ മണിപ്പാലിലേക്ക് യാത്രയായി. ചടയന്‍ ഗോവിന്ദന്‍, ഒ ഭരതന്‍ തുടങ്ങിയ സഖാക്കള്‍ക്കായിരുന്നു മണിപ്പാലില്‍ ഇഎംഎസിന്റെ ചികില്‍സ സംബന്ധിച്ച ചുമതലകള്‍. എം വി രാഘവന്‍ അന്ന് കണ്ണൂര്‍ ജില്ലയില്‍ പ്രബലനായ ഗര്‍വിഷ്ഠനാളുകള്‍. എംവിആറിനോട് മണിപ്പാലില്‍ എനിക്കു സൗകര്യങ്ങള്‍ ചെയ്തുതരണമെന്ന് അപേക്ഷിച്ചു. പത്രക്കാരെ എംവിആറിന് എന്നും ഇഷ്ടമായിരുന്നു. ‘കടക്ക് പുറത്ത്’ എന്ന ധാര്‍ഷ്ട്യങ്ങള്‍ ഇല്ലാത്ത നല്ല നാളുകള്‍. മണിപ്പാല്‍ ആശുപത്രിയിലെ റിസപ്ഷനില്‍ കാസര്‍കോട്ടുകാരന്‍ രവീന്ദ്രന്‍ എന്ന അടുത്ത സുഹൃത്തുമുണ്ട്. ഓപറേഷന്‍ കഴിഞ്ഞ് ഇഎംഎസിന്റെ പടം നിര്‍ബന്ധമായും വേണമെന്ന ന്യൂസ് എഡിറ്ററുടെ ശാസന മാത്രം നടപ്പായില്ല. മറ്റൊന്നുമല്ല, ആള്‍ ഇഎംഎസ് എന്ന ഒറ്റക്കാരണത്താല്‍ മണിപ്പാല്‍ ആശുപത്രി അധികൃതര്‍ കടുത്ത ശുഷ്‌കാന്തിയിലായിരുന്നു. അണുബാധ ഉണ്ടായാലോ? കെപിസിസി ജനറല്‍ സെക്രട്ടറി മേലത്ത് നാരായണന്‍ നമ്പ്യാരും അന്ന് മണിപ്പാല്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. വിംസിയുടെ കമന്റുകള്‍ സുപ്രസിദ്ധങ്ങളാണ്: ”നമ്പൂതിരിപ്പാടിന്റെ കണ്ണ് മാത്രം നമുക്ക് തല്‍ക്കാലം മതി. നമ്പ്യാരുടെ ദേഹം പിന്നെ നോക്കാം.” ശസ്ത്രക്രിയ വിജയകരമായിരുന്നു. ഡോ. പി കെ വാര്യരായിരുന്നു ചികില്‍സകന്‍. അദ്ദേഹം ഡിസ്ചാര്‍ജ് വരെ നമ്പൂതിരിപ്പാടിന്റെ ഓരോ രോഗവിവരങ്ങളും മാതൃഭൂമിക്ക് കൃത്യമായി തന്നു. ഡിസ്ചാര്‍ജിനു തലേന്ന് ഡോ. വാര്യര്‍ ഒരു കാര്യം പതുക്കെ പറഞ്ഞു: ”ഈ വിവരം  ഞാന്‍ തന്നതായി എഴുതരുത്.” മറ്റൊന്നുമല്ല, ശസ്ത്രക്രിയ വിജയകരമാവുന്നതിന് ആര്യാ അന്തര്‍ജനം മൂകാംബികയിലേക്കൊരു വഴിപാട് നേര്‍ന്നിരുന്നു. അവര്‍ അല്ലെങ്കിലും കൊല്ലൂരിലെ കഠിന ഭക്ത. കൊല്ലൂര്‍ക്ക് ഞാന്‍ ടാക്‌സി പിടിച്ചു. കാസര്‍കോട്ടെ കബീര്‍ എന്നൊരു അമച്വര്‍ ഫോട്ടോഗ്രാഫറുണ്ടായിരുന്നു എനിക്കൊപ്പം. വാര്‍ത്താസമ്മേളനങ്ങളിലല്ലാതെ ഇഎംഎസിനെ ഒറ്റയ്ക്കു ഞാന്‍ അഭിമുഖീകരിച്ചത് അന്നായിരുന്നു. പടം എടുക്കുന്നതില്‍നിന്ന് ഫോട്ടോഗ്രാഫറെ ഇഎംഎസ് തടഞ്ഞു. ഫഌഷ് മിന്നുമ്പോള്‍ കണ്ണിനെ ബാധിക്കും എന്നതായിരുന്നു വിഷയം. പ്രായംചെന്ന ചിലരൊക്കെ നമ്പൂതിരിപ്പാടിനെ സാഷ്ടാംഗം നമസ്‌കരിക്കുന്നുണ്ടായിരുന്നു. ഇഎംഎസ് പത്‌നീസമേതം കൊല്ലൂര്‍ മൂകാംബികക്ഷേത്രം സന്ദര്‍ശിച്ചതും വഴിപാട് നടത്തിയതും മാതൃഭൂമി സചിത്രം പ്രസിദ്ധപ്പെടുത്തി. ഇന്ന്, കടകംപള്ളിക്കു വേണ്ടിയും അല്ലാതെയും ഗ്വാഗ്വാ വിളികള്‍ നടത്താന്‍, വൈരുധ്യാധിഷ്ഠിത ഭൗതികവാദം ചര്‍ച്ചചെയ്യാന്‍ ആരും മുന്‍കൈയെടുത്തതായി ഓര്‍മിക്കുന്നില്ല. കലാകൗമുദിക്കു വേണ്ടി അക്കാലത്ത് ഞാന്‍ തെക്കന്‍ കര്‍ണാടകയില്‍ നിന്ന് സ്‌റ്റോറികള്‍ നല്‍കാറുണ്ടായിരുന്നു. എഡിറ്റര്‍ എസ് ജയചന്ദ്രന്‍ നായരെ ഇഎംഎസിന്റെ മൂകാംബിക ക്ഷേത്ര ദര്‍ശന പരിപാടികള്‍ അറിയിച്ചെങ്കിലും കലാകൗമുദി താല്‍പര്യം കാട്ടിയില്ല എന്നതുമാത്രം എന്നെ അതിശയിപ്പിച്ചു. ഇടതു വായനക്കാര്‍ കലാകൗമുദിയെ താങ്ങിനിര്‍ത്തുന്ന കാലം. സര്‍ക്കുലേഷനെ ബാധിക്കുമെന്നതായിരുന്നു കലാകൗമുദിയുടെ അന്നത്തെ നിലപാട്. അടുത്തിടെ പഞ്ചായത്ത് മന്ത്രി കൂടിയായ ശ്രീമാന്‍ കെ ടി ജലീല്‍ ശബരിമല നടയില്‍ അഞ്ജലീബദ്ധനായി നില്‍ക്കുന്നതും നമ്രശിരസ്‌കനായി മുഖ്യ പൂജാരിയില്‍ നിന്ന് തീര്‍ത്ഥം ഭക്ത്യാദരപൂര്‍വം സ്വീകരിച്ച് ആസ്വദിക്കുന്നതും ഞാന്‍ ചാനലുകളില്‍ കണ്ടു. ആരും വാളെടുത്തതായി കണ്ടില്ല. ചാനലുകള്‍ കണ്ടഭാവം പോലും നടിച്ചില്ല. ഇപ്പോള്‍ കടകംപള്ളി ചര്‍ച്ചയാവുന്നത് സിപിഎമ്മിലെ ചില അടിയൊഴുക്കുകള്‍ മൂലമാണെന്ന് ഏതു കുരുടനും എളുപ്പം ബോധ്യമാവും. കോടിയേരി സഖാവും പത്‌നിയും പൂമൂടാന്‍ കാടാമ്പുഴയില്‍ പോയതിലും വലിയ പാതകമൊന്നും കടകംപള്ളി കസവുനേര്യതും പുതച്ച് ഗുരുവായൂര്‍ അമ്പലനടയില്‍ കാട്ടിയിട്ടില്ല എന്നതല്ലേ പരമസത്യം. വേങ്ങരയില്‍ ഇടതുപക്ഷ സ്വതന്ത്രനായി പണമുള്ള മുസല്‍മാനെ തിരഞ്ഞവര്‍ക്ക് ഓരോ ഇടവേളകളിലും ഓരോതരം കമ്മ്യൂണിസ്റ്റ് ശൈലികള്‍ എന്നല്ലാതെ ഇതിനെയൊക്കെ വേറെന്തു വിളിക്കാന്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss