|    Jan 23 Mon, 2017 6:17 pm
FLASH NEWS

കമ്മ്യൂണിസ്റ്റിന് വോട്ട് ചെയ്താല്‍ നരകത്തില്‍ പോവുമെന്ന് ക്രൈസ്തവര്‍ വിശ്വസിച്ച കാലം

Published : 21st April 2016 | Posted By: SMR

ടോമി മാത്യു

കൊച്ചി: പണ്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കവെ കപ്പിനും ചുണ്ടിനുമിടയില്‍ വിജയം നഷ്ടപ്പെട്ടതിന്റെ ഓര്‍മകളാണ് മുന്‍ എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ എം എം ലോറന്‍സ് പങ്കുവയ്ക്കുന്നത്. 1970ല്‍ എറണാകുളത്ത് നിന്നാണ് നിയമസഭയിലേക്ക് ആദ്യമായി മല്‍സരിക്കുന്നത്. കമ്മ്യൂണിസ്റ്റായ ലോറന്‍സിന് കത്തോലിക്കാ സഭയില്‍ നിന്നു ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. ആദ്യം ജയിക്കുമെന്ന് പ്രതീക്ഷയില്ലായിരുന്നുവെങ്കിലും മല്‍സരിക്കാന്‍ തന്നെയായിരുന്നു തീരുമാനം. കമ്മ്യൂണിസ്റ്റുകാരെ ചെകുത്താന്‍മാരായിട്ടായിരുന്നു ക്രിസ്ത്യനികള്‍ കണ്ടിരുന്നതെന്ന് ലോറന്‍സ് പറയുന്നു.
പിതാവിന്റെ കുടുബത്തില്‍പ്പെട്ട പ്രായമേറിയ അമ്മച്ചിയോട് വോട്ടു ചോദിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റായതിനാല്‍ വോട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്. കമ്മ്യൂണിറ്റുകാര്‍ക്ക് വോട്ടു ചെയ്താല്‍ നരകത്തില്‍ പോവുമെന്നും അതിനാല്‍ വോട്ടു ചെയ്യില്ലെന്നും തന്റെ മുഖത്ത് നോക്കി അമ്മച്ചി പറഞ്ഞുവെന്ന് ലോറന്‍സ് ഓര്‍ക്കുന്നു. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ എ എല്‍ ജേക്കബിനോട് ലോറന്‍സ് പരാജയപ്പെട്ടു.
ഒരുപാട് ബന്ധുക്കള്‍ ഉള്ളതായിരുന്നു. കമ്മ്യൂണിസ്റ്റായിരുന്നതിനാലാണ് നല്ലൊരു ശതമാനം വോട്ടു ലഭിക്കാതെ പോയത്. കത്തോലിക്കര്‍ക്കു ശക്തിയുള്ള കേന്ദ്രങ്ങളില്‍ പ്രചാരണത്തിന് ചെല്ലുമ്പോള്‍ കൂക്കുവിളികള്‍ നേരിട്ടിരുന്നു. അക്കാലത്ത് കമ്മ്യൂണിസ്റ്റ് വിരുദ്ധ ചിന്താഗതി ശക്തമായിരുന്നെന്നും ലോറന്‍സ് പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ പള്ളുരുത്തിയില്‍ ഇടതു സ്ഥാനാര്‍ഥിയായി. ക്രിസ്ത്യന്‍ സമുദായത്തിനും ഈഴവ സമുദായത്തിനും തുല്യ ശക്തിയുള്ള സ്ഥലമാണ് പള്ളുരുത്തിയില്‍പെട്ട കുമ്പളങ്ങി. അവിടെ തനിക്ക് അനുകൂല സ്ഥിതിയായിരുന്നു. ഈപ്പന്‍ വര്‍ഗീസായിരുന്നു എതിരാളി. എറണാകുളത്ത് തോട്ടക്കാട് റോഡിലെ വീട്ടിലായിരുന്നു അന്ന് താമസം. പള്ളുരുത്തിയിലെ പ്രചാരണം കഴിഞ്ഞ് ദിവസവും എറണാകുളത്തെ വീട്ടിലേക്ക് മടങ്ങും.
കുമ്പളങ്ങി വടക്കേപള്ളിയിലെ കൊടിമരത്തില്‍ പള്ളിയുടെ കൊടി മാറ്റി പകരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടിയേറ്റിയ സംഭവം ഉണ്ടായി. കൊടികയറ്റിയത് തങ്ങള്‍ അല്ലെന്നും നിലവില്‍ ജയസാധ്യത തനിക്കായതിനാല്‍ തോല്‍പിക്കാന്‍ വേണ്ടി ആരോ ചെയ്തതാണെന്നും വികാരി അച്ചനോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ഈ കൊടികയറ്റിയത് കമ്മ്യൂണിസ്റ്റുകാരാണെന്ന് തെളിഞ്ഞാല്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കുമെന്ന് എഴുതി നല്‍കാമെന്നും അച്ചനോടു പറഞ്ഞു.
സംഭവത്തില്‍ പാര്‍ട്ടിക്ക് ബന്ധവുമില്ലായിരുന്നു. പള്ളിക്കൊടിമരത്തില്‍ കയറ്റിയ പാര്‍ട്ടി കൊടിയില്‍ വരച്ചിരുന്ന അരിവാള്‍ ചുറ്റികയുടെ സ്ഥാനം തന്നെയായിരുന്നു അതിന് തെളിവ്. ഇക്കാര്യം താന്‍ അച്ചനോട് പറയുകയും ചെയ്തു. ഈ സംഭവമാണ് തന്റെ തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 68 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക