|    Oct 17 Wed, 2018 9:27 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

കമ്മ്യൂണിസവും അംബേദ്കറിസവും

Published : 13th September 2017 | Posted By: fsq

ഹിന്ദുത്വശക്തികള്‍ ഇന്ത്യന്‍ ഭരണരംഗത്തും സാമൂഹിക ജീവിതത്തിലും നിര്‍ണായകമായ സ്വാധീനം ഉറപ്പിച്ചതിന്റെ പ്രത്യാഘാതം ന്യൂനപക്ഷ, ദലിത്, സാമൂഹിക വിഭാഗങ്ങള്‍ക്കെതിരായ ആക്രമണവും ഈ വിഭാഗങ്ങളിലെ അരക്ഷിതബോധവുമായാണ് പ്രത്യക്ഷപ്പെടുന്നത്. പൊതുവില്‍ മതനിരപേക്ഷ-ജനാധിപത്യ ശക്തികള്‍ക്കും പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും എതിരായ സമീപനങ്ങളാണ് ഹിന്ദുത്വശക്തികള്‍ക്കുള്ളത്. മുന്‍കാലത്തേതില്‍ നിന്നു വ്യത്യസ്തമായി കോര്‍പറേറ്റ് സാമ്പത്തിക താല്‍പര്യങ്ങളുമായി കണ്ണിചേര്‍ക്കപ്പെട്ട സാമൂഹിക ശക്തികളെന്ന നിലയ്ക്കാണ് ഹിന്ദുത്വശക്തികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. സമ്പൂര്‍ണമായ സാമ്രാജ്യത്വ ആശ്രിതത്വം അതിന്റെ സവിശേഷതയുമാണ്.ബ്രാഹ്മണിക്കല്‍ സാമൂഹികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വവാദികള്‍ ദലിതരെയും ന്യൂനപക്ഷങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും ശത്രുക്കളായി പ്രഖ്യാപിച്ചാണ് തുടക്കംമുതലേ ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുള്ളത്. ന്യൂനപക്ഷങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും മുഖ്യശത്രുക്കളായി അവര്‍ ഇപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. എന്നാല്‍, ദലിതരുടെ കാര്യത്തില്‍ ആക്രമണത്തോടൊപ്പം തന്നെ സ്വാംശീകരണത്തിനുള്ള മാര്‍ഗങ്ങളും ഹിന്ദുത്വശക്തികള്‍ പ്രയോഗിക്കുന്നുണ്ട്. ഇന്ത്യയിലെ പാര്‍ലമെന്റ്/നിയമസഭാ സംവരണ മണ്ഡലങ്ങളില്‍ ഭൂരിപക്ഷവും വിജയിച്ചിട്ടുള്ള ബിജെപി, അതിന്റെ നേതൃനിരയില്‍ ഉള്‍പ്പെടെ ദലിതരെ സ്വീകരിക്കാന്‍ 90കള്‍ മുതല്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. സാമുദായിക സ്വാധീനമുള്ള ദലിത് നേതാക്കളെ ഹിന്ദുത്വത്തിന്റെ സാമൂഹികവീക്ഷണത്തിലേക്ക് സ്വാംശീകരിച്ചെടുക്കുക എന്ന തന്ത്രം ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്ന ഗോവിന്ദാചാര്യയാണ് രൂപപ്പെടുത്തിയത്. ഈ ‘സാമൂഹിക നിര്‍മിതിയോട്’ മുരളീമനോഹര്‍ ജോഷിയെപ്പോലുള്ള ബ്രാഹ്മണ നേതൃത്വത്തിന് അക്കാലത്തു കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും പില്‍ക്കാലത്ത് ബിജെപിയുടെ അധികാരലബ്ധിക്കു സഹായിച്ചത് ഈ രാഷ്ട്രീയതന്ത്രമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉള്‍പ്പെടെ ദലിത് മുദ്ര അവകാശപ്പെടുന്നതിന്റെ അര്‍ഥം മറ്റൊന്നുമല്ല. ഈ തന്ത്രം ഇന്ത്യയിലെ ദലിത് രാഷ്ട്രീയത്തിലും വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിലെ ദലിത് രാഷ്ട്രീയത്തിന്റെ കേന്ദ്രരൂപമായി അവതരിപ്പിക്കപ്പെടുന്ന ഡോ. ബി ആര്‍ അംബേദ്കറുടെ അനുയായികളായി അറിയപ്പെടുന്നവരില്‍ പോലും സ്വാധീനം ചെലുത്താന്‍ ഹിന്ദുത്വശക്തികളുടെ സമര്‍ഥമായ ഇടപെടലിനു സാധിച്ചിട്ടുണ്ട്. 80കള്‍ മുതല്‍ തീവ്രമായ ദലിത് സ്വത്വരാഷ്ട്രീയം കൈകാര്യം ചെയ്തുപോന്ന നിരവധി സംഘടനകളും നേതാക്കളും ഹിന്ദുത്വ പാളയത്തില്‍ എത്തുകയുണ്ടായി. അംബേദ്കറിസത്തിന്റെ വക്താക്കളാണെന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന പലരും ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ പ്രചാരകരാവുന്ന അനുഭവം സമീപകാലത്തുണ്ടായിട്ടുണ്ട്. അധികാരവുമായി ചേര്‍ന്നുനില്‍ക്കാനും അതിന്റെ സൗകര്യങ്ങള്‍ അനുഭവിക്കാനുമുള്ള മനോഭാവത്തിന്റെ ഫലമാണിത്. അധികാരലബ്ധിക്കുവേണ്ടി അംബേദ്കറെ തള്ളിപ്പറയാന്‍ ഒരുക്കമുള്ളവരുടെ വലിയൊരു നിരതന്നെ ഇന്ത്യയിലെ ദലിത് നേതൃത്വത്തിലുണ്ട് എന്നതാണ് വസ്തുത.ഡോ. ബി ആര്‍ അംബേദ്കര്‍ തന്റെ ജീവിതകാലത്തുടനീളം പരിശ്രമിച്ചത് ജാതിവ്യവസ്ഥയെ വിശകലനം ചെയ്യാനും പ്രായോഗികമായി അതിനെ നിരാകരിക്കാനുമായിരുന്നു. ജാതിനിര്‍മൂലനമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം. ഇന്ത്യന്‍ ജീവിതാവസ്ഥയിലെ ഏറ്റവും വലിയ ശാപമായാണ് ജാതിവ്യവസ്ഥയെ അദ്ദേഹം കണ്ടത്. ബ്രാഹ്മണ മേധാവിത്വത്തിനെതിരായ പോരാട്ടത്തിന് ആശയപരമായ സമരത്തോടൊപ്പം പ്രായോഗികമായ സമരമുറകളെയും അദ്ദേഹം ആശ്രയിച്ചു. പൊതുകുളങ്ങളില്‍ നിന്ന് ദലിതര്‍ വെള്ളമെടുക്കുന്നതു തൊട്ട് ജന്‍മിവ്യവസ്ഥയ്‌ക്കെതിരായ കലാപം വരെ വ്യാപിച്ചുകിടക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രായോഗികമായ ഇടപെടലുകള്‍. ‘ബ്രാഹ്മണിസവും മുതലാളിത്തവുമാണ് ദലിതരുടെ ശത്രുക്കള്‍’ എന്ന് അര്‍ഥശങ്കയ്ക്കിടയില്ലാതെ അദ്ദേഹം പ്രഖ്യാപിച്ചു. സനാതന ഹിന്ദുമതത്തിനെതിരേ ബുദ്ധമതത്തിന്റെ കാരുണ്യപൂര്‍ണമായ മതസമീപനങ്ങളെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. ദലിതര്‍ക്കു മുന്നേറാന്‍ വിദ്യാഭ്യാസവും തൊഴിലും രാഷ്ട്രീയാധികാരവും അനിവാര്യമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണച്ചുമതല ഏറ്റെടുത്തപ്പോള്‍, ‘സംവരണ’മെന്ന സംവിധാനം രാജ്യത്ത് ഉറപ്പുവരുത്തുന്നതിനും അദ്ദേഹം ജാഗ്രത പുലര്‍ത്തി. ഡോ. ബി ആര്‍ അംബേദ്കറെ കുറിച്ച് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ ഉയര്‍ത്തിയിട്ടുള്ള പ്രധാന വിമര്‍ശനം, അദ്ദേഹം മാര്‍ക്‌സിസത്തെ ഗൗരവപൂര്‍വം സമീപിച്ചിരുന്നില്ല എന്നതാണ്. അദ്ദേഹത്തിന്റെ ലോകവീക്ഷണത്തെ സ്വാധീനിച്ചത് ഫേബിയന്‍ സോഷ്യലിസത്തിന്റെ ആശയങ്ങളായിരുന്നു. ജീവിതത്തിന്റെ അവസാനകാലത്തു മാര്‍ക്‌സിനെയും ബുദ്ധനെയും താരതമ്യം ചെയ്തു പ്രസംഗിച്ച ഡോ. ബി ആര്‍ അംബേദ്കര്‍ക്ക് ആ വീക്ഷണത്തെ വികസിപ്പിച്ചെടുക്കാന്‍ അവസരം ലഭിച്ചതുമില്ല. എന്നാല്‍ 30കളില്‍ മഹാരാഷ്ട്രയില്‍ ഉള്‍പ്പെടെ ഡോ. ബി ആര്‍ അംബേദ്കറും കമ്മ്യൂണിസ്റ്റ് നേതാക്കളും സംയുക്തമായി നയിച്ച തൊഴിലാളിസമരങ്ങളും കര്‍ഷകസമരങ്ങളും ഉണ്ടായിരുന്നു. ഈ ഘട്ടത്തില്‍പ്പോലും ജാതിപ്രശ്‌നത്തെ ഗൗരവമായി കാണാന്‍ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിനു കഴിയുന്നില്ല എന്ന അംബേദ്കറുടെ വിമര്‍ശനമാവട്ടെ, പൂര്‍ണമായും ശരിയായതുമായിരുന്നു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്കും അംബേദ്കറിസ്റ്റുകള്‍ക്കുമിടയിലെ അകല്‍ച്ചയുടെ കാരണങ്ങള്‍ നിരവധിയാണ്. ഇരുകൂട്ടരും പുലര്‍ത്തുന്ന മുന്‍വിധികള്‍ ഇവയില്‍ പ്രധാനമാണ്. ഇന്ത്യന്‍ സാഹചര്യങ്ങളെ വിശകലനം ചെയ്യുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ അവലംബിച്ചിട്ടുള്ള യാന്ത്രികമായ ചില സമീപനങ്ങള്‍ അംബേദ്കറിസ്റ്റുകളുമായി ഐക്യത്തിനുള്ള സാധ്യതകളെ തടഞ്ഞിട്ടുണ്ട്. ബ്രാഹ്മണിസവും മുതലാളിത്തവുമാണ് ദലിതന്റെ ശത്രുക്കള്‍ എന്ന് ശരിയായി വിലയിരുത്തിയ ഡോ. ബി ആര്‍ അംബേദ്കറുടെ അനുയായികളില്‍ പലരും പില്‍ക്കാലത്ത് ശത്രുവിന്റെ സ്ഥാനത്ത് മുതലാളിത്തത്തിനു പകരം കമ്മ്യൂണിസത്തെ പ്രതിഷ്ഠിച്ചു എന്നതും ശ്രദ്ധേയമാണ്. അവര്‍ മുതലാളിത്തത്തെ അനുഭാവത്തോടെ കാണുകയും ഭരണകൂടത്തിന്റെ ഭാഗമായി മാറുന്നതില്‍ ആഹ്ലാദം അനുഭവിക്കുകയും ചെയ്തു. കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് അംബേദ്കറിസത്തിന്റെ മുഖമുദ്ര എന്നു സ്ഥാപിക്കാനാണ് ഇവര്‍ പരിശ്രമിച്ചത്.ഇന്ത്യയിലെ ജാതിയെക്കുറിച്ചുള്ള പഠനത്തില്‍, ‘വ്യക്തികള്‍ സമൂഹത്തില്‍ അണുക്കളെപ്പോലെയാണെ’ന്ന സങ്കല്‍പത്തോട് വിയോജിച്ച്, സമൂഹം വര്‍ഗങ്ങളായി സംഘടിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് ഡോ. ബി ആര്‍ അംബേദ്കര്‍ രേഖപ്പെടുത്തുകയുണ്ടായി. വര്‍ഗപരമായ ധ്വനികളുള്ള ദലിത് എന്ന പദമാണ് അടിച്ചമര്‍ത്തപ്പെട്ടവരെ സൂചിപ്പിക്കാന്‍ അദ്ദേഹം പൊതുവില്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. ജാതി നിര്‍മൂലനം ചെയ്യപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ അംബേദ്കറുടെ പോരാട്ടങ്ങളുടെ ഫലമായി വിദ്യാഭ്യാസവും തൊഴിലും നേടി ഇടത്തരക്കാരായി സ്ഥാനക്കയറ്റം ലഭിച്ച പലരും പിന്നീട് ദലിത് എന്ന പദത്തോട് പോലും അതൃപ്തിയുള്ളവരായി. ദലിത് പ്രസ്ഥാനത്തിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കിയതില്‍ ഇക്കൂട്ടര്‍ക്കുള്ള പങ്കാളിത്തം ചെറുതല്ല. ഭരണവര്‍ഗവുമായി ചങ്ങാത്തം പുലര്‍ത്താനുള്ള മാര്‍ഗങ്ങളാണ് ഇവരില്‍ പലരും പിന്നീട് അന്വേഷിച്ചത്. ഇന്ത്യയിലെ ഉല്‍പാദനബന്ധങ്ങളുമായി ബന്ധിപ്പിച്ചാണ് മാര്‍ക്‌സ് ജാതിയെ സമീപിച്ചത്. വര്‍ഗസമരത്തില്‍ നിന്ന് വേറിട്ടുനില്‍ക്കുന്ന ഘടകമായല്ല മാര്‍ക്‌സ് ജാതിയെ കണ്ടത്. ജാതിക്കെതിരായ പോരാട്ടം വര്‍ഗസമരത്തിന്റെ ഭാഗമാണെന്ന നിലപാടിനെ ഡോ. ബി ആര്‍ അംബേദ്കറും ചോദ്യം ചെയ്യുകയുണ്ടായില്ല. കമ്മ്യൂണിസ്റ്റുകള്‍ സാമ്പത്തികാടിത്തറയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും സാമൂഹികവും മതപരവുമായ അടിച്ചമര്‍ത്തലുകളെ കാണാതിരിക്കുകയും ചെയ്യുന്നു എന്ന വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ആദ്യകാല കമ്മ്യൂണിസ്റ്റുകള്‍ സമൂഹത്തിന്റെ മേല്‍പ്പുരയിലെ സമരങ്ങളുടെ പ്രാധാന്യത്തെ ഗൗരവത്തോടെ കണ്ടില്ല എന്ന പിശക് ചൂണ്ടിക്കാട്ടുകയാണ് അദ്ദേഹം ചെയ്തത്. എന്നാല്‍, സാമ്പത്തികവും രാഷ്ട്രീയവുമായ സമരങ്ങള്‍ക്കു മേലെ സാമൂഹികവും മതപരവുമായ പ്രശ്‌നങ്ങളെ പ്രതിഷ്ഠിക്കുകയെന്ന പിശക് അദ്ദേഹത്തിന്റെ സമീപനത്തിനുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റുകളാവട്ടെ, റഷ്യയിലെ വര്‍ഗഘടനയുടെ അതേ മാതൃകയിലാണ് ഇന്ത്യയിലും വര്‍ഗത്തെ സമീപിച്ചത്. ഇക്കാര്യത്തിലെ ലളിതവല്‍ക്കരണം അദ്ഭുതകരമായിരുന്നു. ബൂര്‍ഷ്വാ പ്രസ്ഥാനമായ കോണ്‍ഗ്രസ് പോലും അയിത്തോച്ഛാടനം അടക്കമുള്ള ദലിത് പ്രശ്‌നങ്ങള്‍ ഏറ്റെടുത്തപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ വിപ്ലവത്തിനുശേഷം സ്വാഭാവികമായി പരിഹരിക്കപ്പെടുന്ന പ്രശ്‌നമായാണ് ജാതിവിവേചനത്തെ കണ്ടത്. മദ്രാസിലെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ശിങ്കാരവേലു ചെട്ടിയാര്‍ അക്കാലത്തു നടത്തിയ പ്രസംഗം ഇക്കാര്യത്തിലെ മികച്ച ദൃഷ്ടാന്തമാണ്: ”കമ്മ്യൂണിസത്തിന്റെ വീക്ഷണത്തില്‍ തൊട്ടുകൂടായ്മയുടെ പ്രശ്‌നം ശുദ്ധമായ ഒരു സാമ്പത്തികപ്രശ്‌നമാണ്. ഇക്കൂട്ടര്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കണോ കുളങ്ങളിലും തെരുവുകളിലും പ്രവേശിക്കണോ എന്നതൊന്നും സ്വരാജിനുവേണ്ടിയുള്ള നമ്മുടെ പോരാട്ടവുമായി ബന്ധപ്പെട്ടതല്ല. സ്വരാജ് ലഭ്യമാവുന്നതോടെ ഈ സാമൂഹികവും മതപരവുമായ പരാധീനതകളൊക്കെ തനിയെ തകര്‍ന്നുപോവും. കമ്മ്യൂണിസ്റ്റുകള്‍ക്ക് ജാതിയോ മതമോ വംശമോ ഒന്നുമില്ല. ഹിന്ദുക്കളോ മുഹമ്മദന്‍മാരോ ക്രിസ്ത്യാനികളോ ആയാലും അവര്‍ക്കൊക്കെ മതകാര്യത്തില്‍ വ്യക്തിപരമായ വീക്ഷണങ്ങളേയുള്ളൂ. തൊട്ടുകൂടായ്മയുടെ പ്രശ്‌നം കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളുടെയും സാമ്പത്തികമായ ആശ്രിതത്വവുമായി ബന്ധപ്പെട്ടതാണ്. സാമ്പത്തികമായ ആശ്രിതത്വം അവസാനിപ്പിച്ചാല്‍ തൊട്ടുകൂടായ്മയും ഇല്ലാതാവും” (ജി അധികാരി രേഖകള്‍, വോള്യം രണ്ട്, പേജ് 651).പെരിയോര്‍ രാമസ്വാമി നായ്ക്കരുടെ ജാതിനശീകരണ പ്രസ്ഥാനത്തിലൂടെ പ്രവര്‍ത്തനം ആരംഭിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ, മല്‍സ്യത്തൊഴിലാളി കുടുംബത്തില്‍ പിറന്ന ശിങ്കാരവേലു ചെട്ടിയാരെപ്പോലൊരാളെ പോലും സ്വാധീനിച്ച ആശയം ഇതായിരുന്നുവെങ്കില്‍ ബ്രാഹ്മണ കുടുംബങ്ങളില്‍ പിറന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ മറ്റു നേതാക്കളുടെ സാമൂഹികവീക്ഷണം എത്രമാത്രം അയഥാര്‍ഥമായിരുന്നിരിക്കണം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനത്തിന്റെ പരിമിതിയായിരുന്നു ഈ പ്രശ്‌നത്തിന്റെ അടിസ്ഥാനം. ഇന്ത്യയെപ്പോലെ കാര്‍ഷികപ്രാധാന്യമുള്ള രാജ്യത്ത് വിപ്ലവത്തിനു വേണ്ടി കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിക്കേണ്ട തന്ത്രം ഇവിടത്തെ സാമൂഹിക-സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ക്ക് അനുസൃതമായിരുന്നില്ല എന്ന ലളിതമായ കാര്യമാണ് ഇതു വ്യക്തമാക്കുന്നത്. ‘ജാതിയെന്നാല്‍ വലയിതമായ വര്‍ഗമാണെന്ന’ അംബേദ്കറുടെ നിരീക്ഷണത്തിന്റെ അര്‍ഥവ്യാപ്തി തിരിച്ചറിയാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ശ്രമിച്ചിരുന്നില്ല. വര്‍ഗമെന്ന സങ്കല്‍പത്തില്‍ ജാതി കൂടി ഉള്ളടങ്ങുന്നുണ്ട് എന്ന നിലപാട് സ്വീകരിക്കുന്നതില്‍ കമ്മ്യൂണിസ്റ്റുകള്‍ പരാജയപ്പെട്ടു. അതിനു നല്‍കേണ്ടിവന്ന വില വലുതായിരുന്നു. മാര്‍ക്‌സിസമെന്നത് പ്രായോഗികമായ വിപ്ലവ പദ്ധതിയാണ് എന്ന ലെനിന്റെ നിലപാടിനെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്നു ചുരുക്കിപ്പറയാം. ഇന്ത്യയിലെ വിപ്ലവത്തിന്റെ സ്വാഭാവിക സഖ്യശക്തികളായി ദലിതരെ കണ്ടെത്തുന്നതില്‍ പരമ്പരാഗത കമ്മ്യൂണിസ്റ്റ് നേതൃത്വത്തിനുണ്ടായ വീഴ്ചകള്‍ തിരുത്തുന്ന നിലപാടുകളാണ് പുതിയ കാലത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വം സ്വാംശീകരിക്കേണ്ടത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നത്തിലും പുതിയൊരു സമീപനം സ്വീകരിക്കാന്‍ കമ്മ്യൂണിസ്റ്റുകളെ നിര്‍ബന്ധിതരാക്കുന്ന സാഹചര്യം സംഘപരിവാരത്തിന്റെ മുന്നേറ്റം ഇതിനകം സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്. കേരളമൊഴികെ ഇന്ത്യയിലെങ്ങും സാമൂഹിക-സാമ്പത്തിക നിലവാരത്തില്‍ ദലിതര്‍ക്കൊപ്പമാണ് ന്യൂനപക്ഷങ്ങളുടെയും സ്ഥാനം. പലയിടത്തും ദലിതര്‍ നേരിടുന്നതിനേക്കാള്‍ കടുത്ത ആക്രമണങ്ങളാണ് അവര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. ഇന്ത്യയുടെ ജനാധിപത്യ വിപ്ലവത്തില്‍ കമ്മ്യൂണിസ്റ്റുകള്‍ ഇവിടത്തെ മര്‍ദിത ജനവിഭാഗങ്ങളുടെ ഒപ്പം ചേരുന്ന രാഷ്ട്രീയലൈന്‍ വികസിപ്പിച്ചെടുക്കേണ്ട കാലഘട്ടം ആസന്നമായിട്ടുണ്ട്. ദലിതരും ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളും തമ്മിലുള്ള ഐക്യത്തിന്റെ സാധ്യതകള്‍ സംബന്ധിച്ച അന്വേഷണം ഗൗരവമായി നടത്തേണ്ടതുണ്ട്. സംഘപരിവാര ഫാഷിസത്തെ ചെറുത്തുതോല്‍പിക്കാനുള്ള വിശാലസഖ്യത്തിന്റെ സാധ്യതകള്‍ തിരയുമ്പോള്‍ ദലിതരോടും ന്യൂനപക്ഷങ്ങളോടും ഇതുവരെ പുലര്‍ത്തിയിരുന്ന സമീപനം സംബന്ധിച്ച പുനരാലോചന കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് അനിവാര്യതയായിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss