|    Aug 22 Tue, 2017 12:55 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ആഴ്‌സനല്‍ ആരവം

Published : 7th August 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലണ്ടിലെ കാല്‍പന്ത് ആവേശങ്ങള്‍ക്ക് തുടക്കം കുറിച്ചു നടന്ന എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ആഴ്‌സനലിന് തകര്‍പ്പന്‍ ജയം. പെനല്‍റ്റി ഷൂട്ടൗട്ടില്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്മാരായ ചെല്‍സിയെ തോല്‍പിച്ചാണ് പീരങ്കിപ്പട സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ചെല്‍സിയുടെ കോര്‍ഷ്യസും മൊറാറ്റയും പെനല്‍റ്റി നഷ്ടപ്പെടുത്തിയതാണ് നീലപ്പടയ്ക്ക് വിനയായത്. വെംബ്ലി സ്റ്റേഡിയത്തില്‍ നാട്ടുകാര്‍ക്കെതിരേ ആഴ്‌സനല്‍ ആക്രമിച്ച് മുന്നേറിയ മല്‍സരത്തില്‍, ആദ്യപകുതി ഗോളൊന്നും പിറന്നില്ല. നാല് തവണ ആഴ്‌സനലും മൂന്ന് തവണ ചെല്‍സിയും ഗോളിന് ശ്രമിച്ചെങ്കിലും വല അനങ്ങിയില്ല. പുതിയ സ്‌ട്രൈക്കര്‍ ലാകസെറ്റെയെ മുന്നില്‍ നിര്‍ത്തിയ ആഴ്‌സന്‍ വെങ്ങര്‍, 3-4-2-1 എന്ന ശൈലിയില്‍ സ്റ്റാര്‍ടിങ് ഇലവനെ വിന്യസിച്ചപ്പോള്‍ സമാന ശൈലിയില്‍ ബാറ്റ്ഷുവായിയുടെ നേതൃത്വത്തില്‍ ചെല്‍സിയും അണിനിരന്നു. രണ്ടാം പകുതി ചെല്‍സിയുടെ ഗോളോടെയാണ് ആരംഭിച്ചത്. കാഹിലിന്റെ അസിസ്റ്റില്‍ വിക്ടര്‍ മോസസ് വല കുലുക്കി. മല്‍സരത്തില്‍ വാശിയേറിയതോടെ 80ാം മിനിറ്റില്‍ ചെല്‍സിയുടെ പെഡ്രോയ്ക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചത് വഴിത്തിരിവായി. പത്തുപേരായി ചുരുങ്ങിയ ചെല്‍സിക്കെതിരേ അതേ ഫൗളിന് കിട്ടിയ ഫ്രീകിക്കില്‍ നിന്നു തന്നെ ആഴ്‌സനല്‍ തിരിച്ചടിച്ചു. ക്‌സാക്കയുടെ ഫ്രീകിക്കില്‍ ഹെഡ്ഡറിലൂടെ കൊളാസിനാക് ആണ് സമനില കണ്ടെത്തിയത്. 1-1ന് സമനിലയില്‍ കലാശിച്ചതോടെ എ-ബി-ബി-എ എന്ന രീതിയില്‍ പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് മല്‍സരം നീണ്ടു. തുടര്‍ന്ന് കാഹില്‍ ചെല്‍സിക്ക് വേണ്ടി ലക്ഷ്യം കണ്ടെങ്കിലും കോര്‍ഷ്യസും മൊറാറ്റയും എടുത്ത കിക്ക് ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക് തട്ടിയകറ്റി. പിന്നാലെ ഷാംപെര്‍ലിയനും ജിറൗഡും ലക്ഷ്യം കണ്ടതോടെ ആഴ്‌സനല്‍ 15ാം കമ്മ്യൂണിറ്റി ഷീല്‍ഡ് സ്വന്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക