|    Sep 26 Wed, 2018 3:09 am
FLASH NEWS
Home   >  Todays Paper  >  page 12  >  

കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയര്‍ പദ്ധതി ഒരു വര്‍ഷമായിട്ടും നടപ്പായില്ല

Published : 29th August 2018 | Posted By: kasim kzm

അന്‍സര്‍ തേവലക്കര

ചവറ (കൊല്ലം): ദുരന്ത മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തില്‍ തദ്ദേശവാസികളുടെ പങ്കാളിത്തം ഉറപ്പുു വരുത്താന്‍ വേണ്ടി സര്‍ക്കാര്‍ വിഭാവനം ചെയ്ത കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയര്‍ (സിആര്‍വി) പദ്ധതി തുടങ്ങിയിടത്തു തന്നെ അവസാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളും കേന്ദ്രമാക്കി അതതു സ്ഥലത്തെ ഫയര്‍ റെസ്‌ക്യൂ സ്‌റ്റേഷനുകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി ആസൂത്രണം ചെയ്തത്.
മുക്കത്ത് പുതിയ ഫയര്‍ സ്‌റ്റേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനവും നിര്‍വഹിച്ചിരുന്നു. തുടര്‍ന്നു സംസ്ഥാനത്തിന്റെ മലയോര പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഫയര്‍ റെസ്‌ക്യൂ ടീമുകളുടെ നേതൃത്വത്തില്‍ ക്ലാസുകള്‍ നടത്തി പ്രദേശത്തെ താല്‍പര്യമുള്ള വിവിധ പ്രസ്ഥാനങ്ങളിലെയും യുവജന കൂട്ടായ്മകളിലെയും ആളുകളുടെ പേരുവിവരങ്ങള്‍ ശേഖരിച്ചിരുന്നു.
താല്‍പര്യമുള്ളവര്‍ക്ക് പിന്നീട് ഫയര്‍ റെസ്‌ക്യൂ വിഭാഗത്തിലെ വിദഗ്ധരുടെ പരിശീലനം ഉറപ്പുവരുത്തുകയും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയും പ്രദേശത്തുണ്ടാവുന്ന ദുരന്തങ്ങളിലും അപകടങ്ങളിലും വിദഗധ പരിശീലനം ലഭിച്ച യുവാക്കളെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കി നാശനഷ്ടങ്ങള്‍ കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു സിആര്‍വി പദ്ധതി വഴി ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ പദ്ധതി പ്രകാരം ജനങ്ങളില്‍ സന്നദ്ധരായവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചതല്ലാതെ ഒരു വര്‍ഷമായിട്ടും അവര്‍ക്കായി പരിശീലനം സംഘടിപ്പിച്ചിട്ടില്ല. ബന്ധപ്പെട്ട അധികാരികളോടു പദ്ധതി മുടങ്ങിയതിനെക്കുറിച്ച് അന്വേഷിക്കുമ്പോഴെല്ലാം പല കാരണങ്ങളാണു നിരത്തുന്നത്.
കേരളം പ്രളയജലത്തില്‍ മുങ്ങിത്താഴ്ന്നപ്പോള്‍ സര്‍ക്കാര്‍ രക്ഷാസേനകളേക്കാള്‍ ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതു മല്‍സ്യത്തൊഴിലാളികള്‍ അടങ്ങുന്ന സാധാരണക്കാരായിരുന്നു. കമ്മ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയര്‍ പദ്ധതി വേണ്ട വിധത്തില്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ പൊതുജനങ്ങള്‍ക്കു കുറേക്കൂടി ഫലപ്രദമായി ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമായിരുന്നുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss