|    Oct 24 Tue, 2017 3:09 pm
FLASH NEWS

കമ്മീഷന്‍ സിറ്റിങിനിടെ യുവാവിന് പോലിസ് മര്‍ദനം: ഉന്നത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 24th September 2016 | Posted By: SMR

തൊടുപുഴ: മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങില്‍ നാടകീയ രംഗങ്ങള്‍. പോലിസ് മര്‍ദനത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് കമ്മീഷനു മുന്നില്‍ മര്‍ദനത്തെക്കുറിച്ച് കരഞ്ഞുകൊണ്ടാണ് വീശദീകരണം നല്‍കിയത്.
സംഭവത്തില്‍ തൊടുപുഴ നഗരത്തില്‍ രാത്രിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ മര്‍ദിച്ചെന്ന പരാതിയിന്മേല്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു. തൊടുപുഴ ഇടവെട്ടി കളരിപ്പറമ്പില്‍ മുഹമ്മദ് ആഷിഖിനെ തൊടുപുഴ സിഐ എന്‍ ജി ശ്രീമോന്‍ മര്‍ദിച്ചെന്ന പരാതിയിലാണ് കമ്മീഷന്റെ നടപടി.
മര്‍ദനത്തില്‍ കര്‍ണ്ണപടം തകര്‍ന്നതായി ആഷിഖ് പരാതിപ്പെട്ടു. മുഹമ്മദ് ആഷിഖിന്റെ അച്ഛന്‍ നഗരത്തില്‍ തട്ടുകട നടത്തുകയാണ്. രാത്രി— നിശ്ചിതസമയം കഴിഞ്ഞും തട്ടുകട അടയ്ക്കാത്തതിനെ തുടര്‍ന്ന് പോലിസ് കട തകര്‍ത്തതായും ഇക്കാര്യം അന്വേഷിക്കാനെത്തിയ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നുമാണ് ആഷിഖിന്റെ പരാതി. പോലിസ് ഭീഷണിയുള്ളതിനാല്‍ സംരക്ഷണം വേണമെന്നും യുവാവ് ആവശ്യപ്പെട്ടു. മതിയായ സംരക്ഷണം നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു. ജില്ലയില്‍ പോലിസിനെതിരേ പരാതികള്‍ വ്യാപകമാകുന്നതായി കമ്മീഷന്‍ അഭിപ്രായപ്പെട്ടു.
വികലാംഗര്‍ക്ക് അര്‍ഹതപ്പെട്ട കുടുംബപെന്‍ഷനു വേണ്ടി മൂന്നുവര്‍ഷമായി അലയുന്ന തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി റോബിയും നീതി തേടി കമ്മീഷനു മുന്നിലെത്തി. കോളജ് അധ്യാപകനായിരുന്ന പിതാവിന്റെ കുടുംബപെന്‍ഷന്‍ ലഭിക്കാന്‍ വഴിയൊരുക്കണമെന്നായിരുന്നു ആവശ്യം.അപകടത്തെ തുടര്‍ന്ന് ശാരീരിക വൈകല്യമുള്ള റോബിക്ക് ഇപ്പോള്‍ മറ്റു ജോലികള്‍ ചെയ്യാനുള്ള കഴിവില്ല. ഇത് പരിഗണിച്ച് പെന്‍ഷനു വേണ്ടി കോളജ് വിദ്യാഭ്യാസ മേധാവി ആവശ്യപ്പെട്ട എല്ലാ രേഖകളും സഹിതം അപേക്ഷ നല്‍കി.
പലതവണ ഏജീസ് ഓഫിസിലടക്കം  കയറിയിറങ്ങിയിട്ടും നടപടിയുണ്ടായില്ല. വികലാംഗര്‍ക്കുള്ള കുടുംബപെന്‍ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പരിശോധിക്കാതെ അനാവശ്യ രേഖകള്‍ ആവശ്യപ്പെട്ട് തുടരെ ബുദ്ധിമുട്ടിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞു. ബന്ധപ്പെട്ടവരില്‍ നിന്ന് റിപോര്‍ട്ട് തേടാമെന്ന് കമ്മീഷന്‍ അറിയിച്ചു.
കട  തീവച്ചു നശിപ്പിച്ച കേസിലെ പ്രതികളെ  അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കണമെന്ന് ആ്വശ്യപ്പെട്ട് മുള്ളരിങ്ങാട് സ്വദേശിനിയായ വീട്ടമ്മ സൗദാമിനിയും കമ്മീഷന് പരാതി നല്‍കി.കേസന്വേഷണം ഫലപ്രദമാക്കാന്‍ ഇടപെടണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു പ്രതി സ്ഥലത്തുണ്ടായിട്ടും പോലിസ് അറസ്റ്റ് ചെയ്യുന്നില്ലെന്നും അവര്‍ പരാതിപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക