|    Jul 22 Sun, 2018 2:56 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കമ്മീഷണര്‍ വിശദീകരണം നല്‍കണമെന്നു കോടതി

Published : 23rd September 2017 | Posted By: fsq

 

കൊച്ചി: പോലിസിന്റെ നിസ്സഹകരണം മൂലം ജില്ലയിലെ വിവിധ കോടതികള്‍ കേസ് നടത്തിപ്പില്‍ വെല്ലുവിളികള്‍ നേരിടുകയാണെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹൈക്കോടതിയെ അറിയിച്ചു. സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുമായി ബന്ധപ്പെടുമ്പോള്‍ മതിയായ പോലിസില്ലാത്തതിനാല്‍ സമന്‍സ് അയക്കാന്‍ പറ്റുന്നില്ലെന്നാണു പറയുന്നത്. വിചാരണത്തടവുകാരെ ജില്ലയ്ക്കകത്തും പുറത്തുമായി വിവിധ കോടതികളിലേക്കു കൊണ്ടുപോവേണ്ടതാണു കാരണമെന്നും അവര്‍ പറയുന്നതായി സിജെഎം ഹൈക്കോടതിയെ അറിയിച്ചു. തന്റെ കേസില്‍ സാക്ഷികളെ ഹാജരാക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍, എറണാകുളം റൂറല്‍ എസ്പി, സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ എന്നിവര്‍ക്കു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി ഹംസ എന്നയാള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ നല്‍കിയ വിശദീകരണത്തിലാണു സിജെഎം ഇക്കാര്യം അറിയിച്ചത്. സിജെഎമ്മിന്റെ വിശദീകരണം പരിഗണിച്ച കോടതി വിഷയത്തില്‍ സിറ്റി പോലിസ് കമ്മീഷണര്‍ വിശദീകരണം നല്‍കണമെന്ന് ഉത്തരവിട്ടു. സമന്‍സുകള്‍ അയക്കാത്തതിന്റെയും വാറന്റുകള്‍ നടപ്പാക്കാത്തതിന്റെയും കാരണം വ്യക്തമാക്കി രണ്ടാഴ്ചയ്ക്കകമാണു വിശദീകരണം നല്‍കേണ്ടത്. സമന്‍സുകളും വാറന്റുകളും നടപ്പാക്കുക എന്ന ഉത്തരവാദിത്തത്തില്‍ നിന്നു പോലിസിന് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്തെങ്കിലും മുടന്തന്‍ന്യായം പറഞ്ഞു പല കേസുകളിലും വാറന്റ് നടപ്പാക്കുന്നില്ല. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കൃത്യമായി സമന്‍സും വാറന്റും നടപ്പാക്കാത്തതിനാല്‍ നിരവധി ക്രിമിനല്‍ക്കേസുകളിലെ നടപടികള്‍ വൈകുകയാണ്. പോലിസിന്റെ കഴിവുകേടാണ് കേസുകള്‍ തീര്‍പ്പാവാതിരിക്കുന്നതിലെ പ്രധാന കാരണമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന്, ഹംസയുടെ കേസിലെ മൂന്നു മുതല്‍ അഞ്ചു വരെയുള്ള സാക്ഷികളെ സിജെഎം കോടതി കേസ് പരിഗണിക്കുന്ന അടുത്ത മാസം അഞ്ചിന് ഹാജരാക്കണമെന്ന് എറണാകുളം റൂറല്‍ എസ്പി, സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ എന്നിവര്‍ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി. 2012ല്‍ സെന്‍ട്രല്‍ പോലിസ് എടുത്ത കേസില്‍ സാക്ഷികളുടെ അഭാവംമൂലം ഇതുവരെ വിചാരണ പൂര്‍ത്തിയാക്കാനായിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss