|    Sep 24 Sun, 2017 5:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കമ്പോളത്തില്‍ വന്‍ പ്രതിഫലനം സൃഷ്ടിച്ച് സര്‍ക്കാര്‍ നടപടി

Published : 10th November 2016 | Posted By: SMR

മുഹമ്മദ് പടന്ന

മുംബൈ: രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ നഗരത്തില്‍ 500, 1000 രൂപയുടെ നോട്ട് നിര്‍ത്തലാക്കിയത് വന്‍ പ്രതിഫലനമാണ് സൃഷ്ടിച്ചത്. ദിനേന കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടക്കുന്ന മുംബൈ അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു എന്നുതന്നെ പറയാം. 500, 1000 നോട്ടുകള്‍ മാത്രം കേന്ദ്രീകരിച്ച് നിരവധി ബിസിനസുകളാണ് ഇവിടെ നടന്നുവരുന്നത്. അത്തരം കച്ചവടങ്ങളെല്ലാം ഇന്നലെ മന്ദഗതിയില്‍ നീങ്ങി. അത്യാവശ്യ വിഭാഗങ്ങളില്‍പ്പെടുന്ന ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, പച്ചക്കറി വിപണി, മല്‍സ്യ-മാംസ വിപണി തുടങ്ങി പല വിപണികളിലും ജനങ്ങളോടൊപ്പം വ്യാപാരികളും വലയുന്ന കാഴ്ചയാണ് ഉടനീളം കാണാനുണ്ടായത്. ഓഹരി വിപണിയില്‍ ഇന്നലെ രാവിലെ വരെ ആറു ലക്ഷം കോടി രൂപ നിക്ഷേപകര്‍ക്ക് നഷ്ടമായതായി കണക്കാക്കുന്നു. നോട്ട് റദ്ദാക്കിയതിന് പുറമെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വരെ വിപണി തകരാന്‍ കാരണമായി. വിപണി തുറന്ന് സെക്കന്റുകള്‍ക്കകം തന്നെ സെന്‍സെക്‌സ് 26, 251 എന്ന ദുര്‍ബല സംഖ്യയില്‍ നിന്നും 1689 എന്ന അക്കത്തില്‍ ഇടിയുകയായിരുന്നു. രൂപയുടെ മൂല്യത്തിലും വന്‍ ഇടിവ് ദൃശ്യമായി. പലരും നിക്ഷേപത്തിനായി സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. വിപണിയിലുള്ള മിക്കവാറും കമ്പനികളും നഷ്ടത്തില്‍ ഓടി. ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ്. അദാനി പോര്‍ട്ട്‌സ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടേഴ്‌സ്, ഐടിസി, ടിസിഎസ്, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, മാരുതി, ടാറ്റാ സ്റ്റീല്‍ എന്നീ കമ്പനികള്‍ വന്‍ നഷ്ടത്തിലോടിയവയില്‍പ്പെടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക