|    Feb 21 Tue, 2017 3:46 pm
FLASH NEWS

കമ്പനി പ്രതിനിധി ചമഞ്ഞ് റീചാര്‍ജ് മെഷീന്‍ അക്കൗണ്ടില്‍നിന്ന് 97,000 രൂപ തട്ടി

Published : 1st November 2016 | Posted By: SMR

മാനന്തവാടി: കമ്പനി പ്രതിനിധിയെന്ന വ്യാജേന എത്തി റീചാര്‍ജ് മെഷീന്‍ അക്കൗണ്ടില്‍നിന്നു പണംതട്ടി. വാളാട് ടൗണില്‍ സ്വകാര്യസ്ഥാപനം നടത്തിവരുന്ന ഷാജിയുടെ മൊബൈല്‍, ഡിടിഎച്ച് എന്നിവയുടെ റീചാര്‍ജ് ചെയ്യുന്ന ഓക്‌സിജന്‍ കമ്പനിയുടെ മെഷീന്‍ അക്കൗണ്ടില്‍ നിന്നാണ് 97000 രൂപ ഇന്നലെ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി അജ്ഞാതന്‍ തട്ടിയത്.
ഓണ്‍ലൈന്‍ റീചാര്‍ജുകള്‍ക്കായി ഉപയോഗിക്കുന്ന മെഷീന്റെ സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ കമ്പനി പ്രതിനിധി എന്ന വ്യാജേന ഫോണില്‍ വിളിച്ചശേഷം തന്ത്രപൂര്‍വം പണംതട്ടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഷാജി തലപ്പുഴ പോലിസില്‍ പരാതി നല്‍കി. ഇന്നലെ രാവിലെയാണ് ഷാജിയുടെ മൊബൈലിലേക്ക് ഓക്‌സിജന്‍ കസ്റ്റമര്‍കെയര്‍ എക്‌സിക്യുട്ടീവെന്ന വ്യാജേന കോള്‍ വന്നത്. തമിഴ് കലര്‍ന്ന മലയാളത്തില്‍ സംസാരിച്ചയാള്‍  മെഷീന്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ചെയ്യണമെന്നും ഇല്ലെങ്കില്‍ പ്രവര്‍ത്തനം ഉടന്‍തന്നെ നിലയ്ക്കുമെന്നും അറിയിച്ചു. ഇതിന്റെ ഭാഗമായി മെഷീന്റെ റീചാര്‍ജ് പാസ്‌വേഡടക്കമുള്ള കാര്യങ്ങള്‍ തന്ത്രപൂര്‍വം ചോദിച്ചുമനസ്സിലാക്കിയാണ് തട്ടിപ്പ് നടത്തിയത്. എന്നാല്‍, മെഷീന്‍ അക്കൗണ്ടില്‍നിന്നു ഘട്ടം ഘട്ടമായി പണം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ട ഷാജി ഇക്കാര്യം ഫോണിലൂടെ സൂചിപ്പിച്ചപ്പോള്‍ അത് സാരമാക്കാനില്ലെന്നും സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ആയാല്‍ ആ പണം തിരികെ ക്രെഡിറ്റ് ആവുമെന്നും തട്ടിപ്പുകാരന്‍ ഫോണിലൂടെ ഉറപ്പ്‌നല്‍കി. ഇടയ്ക്ക് ഫോണ്‍ കട്ടാക്കിയപ്പോള്‍ വീണ്ടും വിളിച്ചതിനുശേഷം ഇനി സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് ആവുന്നതുവരെ ഫോണ്‍കട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുകയും നാല് ഘട്ടങ്ങളിലായി 97000 രൂപ തട്ടിയെടുക്കുകയും ചെയ്തു.
ഫോണ്‍ കട്ടായതിനു ശേഷം നഷ്ടപ്പെട്ട തുക ക്രെഡിറ്റ് ആവുന്നത് കാത്തിരുന്ന ഷാജിക്ക് വൈകിയാണ് അമളിപറ്റിയ വിവരം മനസ്സിലായത്. തുടര്‍ന്ന് തലപ്പുഴ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക